
ജയ്പുര്‍: ഐപിഎല്‍ 2026 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി അവിശ്വസനീയ പ്രകടനം കാഴ്ചവെക്കുന്ന 15-കാരന്‍ വൈഭവ് സൂര്യവംശിയെ ചുറ്റിപ്പറ്റി പുതിയ വിവാദം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിപ്പിക്കുന്നത് ബാലവേലയാണെന്ന ആരോപണവുമായി കര്‍ണാടകയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ജഗദീഷ് രംഗത്തെത്തി. സ്‌കൂളില്‍ പോയി പഠിക്കേണ്ട പ്രായത്തില്‍ വൈഭവിനെ കളിപ്പിക്കുന്നത് കുട്ടികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്നും ഇതിനെതിരെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഇദ്ദേഹത്തിന്റെ ഭീഷണി.
ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ജഗദീഷിന്റെ ഈ വിവാദ പരാമര്‍ശം. വൈഭവ് ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കേണ്ട പ്രായമാണെന്നും ഐപിഎല്‍ പോലുള്ള വലിയ ലീഗുകളിലെ കഠിനമായ മത്സരങ്ങള്‍ കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളര്‍ച്ചയെയും ദോഷകരമായി ബാധിക്കുമെന്നും ഇദ്ദേഹം വാദിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനാല്‍ ലേബര്‍ കമ്മീഷണര്‍ ഈ വിഷയത്തില്‍ ഇടപെട്ട് അന്വേഷണം നടത്തണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. വൈഭവിന്റെ ഈ രീതി മറ്റുള്ള കുട്ടികള്‍ക്ക് തെറ്റായ മാതൃക നല്‍കുമെന്നും താരത്തെ തുടര്‍ന്ന് കളിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്.
ക്രിക്കറ്റില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വൈഭവ് തന്റെ പത്താം ക്ലാസ് പരീക്ഷ ഈ വര്‍ഷം ഒഴിവാക്കിയിരുന്നു. പഠനത്തില്‍ മിടുക്കനാണെങ്കിലും കായികരംഗത്തെ തിരക്കുകള്‍ കാരണം സ്‌കൂളില്‍ സ്ഥിരമായി പോകാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഐപിഎല്‍ ലേലത്തില്‍ വിറ്റുപോയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ വൈഭവിന് ഒരു സീസണില്‍ 1.10 കോടി രൂപയാണ് പ്രതിഫലം ലഭിക്കുന്നത്. ബീഹാറില്‍ നിന്നുള്ള ഈ കൗമാരക്കാരന്‍ നിലവില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ഫോമിലുള്ള താരങ്ങളില്‍ ഒരാളാണ്.
സീസണില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 404 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള താരം ടീമിന്റെ വിജയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ക്രിക്കറ്റ് ലോകം വൈഭവിന്റെ പ്രതിഭയെ വാനോളം പുകഴ്ത്തുമ്പോഴാണ് മറുവശത്ത് ബാലവേല ആരോപണം ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ജഗദീഷിന്റെ വീഡിയോയെക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് അധികൃതരോ ബിസിസിഐയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കായികരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ ബാലവേലയാകുമെന്ന ചോദ്യവുമായി വലിയൊരു വിഭാഗം ആരാധകര്‍ വൈഭവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
