BoolokamBoolokam

'പാര്‍ട്ടി തുടര്‍ഭരണം നേടിയാല്‍ പ്രായാധിക്യം മാത്രമാണ് പിണറായിക്ക് തടസ്സമായിട്ടുള്ളത്; അതിലുപരി അദ്ദേഹം ഒരു കാന്‍സര്‍ അതിജീവിതനുമാണ്'! ഒടുവില്‍ പിണറായിയുടെ രോഗം റിപ്പോര്‍ട്ട് ചെയ്ത് പാട്യം ഗോപാലന്റെ മകന്‍; പിണറായി 'കാന്‍സര്‍ അതിജീവിതന്‍'; മയോ ക്ലീനിക്കിലെ ചികില്‍സ അര്‍ബുദ രോഗത്തിന്; മുഖ്യമന്ത്രിയുടെ അസുഖവിവരം ഒടുവില്‍ പുറത്ത്; വെളിപ്പെടുത്തലുമായി 'ഓപ്പണ്‍' മാസിക


തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ ആ രഹസ്യം ഒടുവില്‍ പുറത്തായിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതനാണെന്ന (Cancer Survivor) ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ദേശീയ വാരികയായ 'ഓപ്പണ്‍' (Open Magazine). വര്‍ഷങ്ങളായി സര്‍ക്കാരും സി.പി.എമ്മും അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മുഖ്യമന്ത്രിയുടെ രോഗവിവരമാണ് ഇപ്പോള്‍ ഒരു കവര്‍ സ്റ്റോറിയിലൂടെ പരസ്യമായിരിക്കുന്നത്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലമാക്കി പ്രസിദ്ധീകരിച്ച 'The Pinarayi Plebiscite' എന്ന കവര്‍ സ്റ്റോറിയിലാണ് ഈ നിര്‍ണ്ണായക വെളിപ്പെടുത്തലുള്ളത്. മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടുന്ന ലേഖനത്തിനിടയില്‍, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ലേഖകന്‍ എന്‍.പി. ഉല്ലേഖ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'പാര്‍ട്ടി തുടര്‍ഭരണം നേടിയാല്‍ പ്രായാധിക്യം മാത്രമാണ് പിണറായിക്ക് തടസ്സമായിട്ടുള്ളത്; അതിലുപരി അദ്ദേഹം ഒരു കാന്‍സര്‍ അതിജീവിതനുമാണ്' (Vijayan is also a cancer survivor) എന്ന് ലേഖനത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സി.പി.എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ് ഉല്ലേഖ്.

മുഖ്യമന്ത്രി എന്തിനാണ് അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നത് എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരോ സി.പി.എമ്മോ തയ്യാറായിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകളിലും നിയമസഭയിലെ ചോദ്യങ്ങളിലും 'രോഗവിവരം സ്വകാര്യതയാണ്' എന്ന സാങ്കേതിക വാദമുയര്‍ത്തി സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ തന്നെ ഈ വിവരം പുറത്തുവിട്ടതോടെ സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിച്ചിരിക്കുകയാണ്.

നാല് തവണ മയോ ക്ലിനിക്കില്‍; ചികിത്സാ ചരിത്രം

2018-ലാണ് പിണറായി വിജയന്‍ ആദ്യമായി അമേരിക്കയില്‍ ചികിത്സ തേടിപ്പോയത്. തുടര്‍ന്ന്:

2022 ജനുവരി: രണ്ടാമത്തെ സന്ദര്‍ശനം.

2022 ഏപ്രില്‍: മൂന്നാം ഘട്ട ചികിത്സ.

2025 ഏപ്രില്‍: ഏറ്റവും ഒടുവിലായി മയോ ക്ലിനിക്കില്‍ ചികിത്സ തേടിയത്.

ഇതുവരെ നാല് തവണയാണ് അദ്ദേഹം മയോ ക്ലിനിക്കില്‍ അഡ്മിറ്റായിട്ടുള്ളത്. ഓരോ തവണയും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഭരണം ആര്‍ക്ക് കൈമാറണം എന്നതിനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അസുഖം എന്താണെന്ന് മാത്രം ആരും വെളിപ്പെടുത്തിയിരുന്നില്ല.

പിണറായി വിജയന്‍ അനായാസം മൂന്നാം തവണയും ഭരണത്തില്‍ വരുമെന്നും ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നുമാണ് ഉല്ലേഖിന്റെ ലേഖനം സമര്‍ത്ഥിക്കുന്നത്. സംസ്ഥാനത്ത് മുന്‍പെങ്ങുമില്ലാത്ത വികസനക്കുതിപ്പ് ഉണ്ടായെന്നും ഇതിന് അമരക്കാരന്‍ പിണറായി ആണെന്നും ലേഖനം വാദിക്കുന്നു. എന്നാല്‍ ഇത്രയും വലിയ ഭരണനേട്ടങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഒരു പ്രധാന ഘടകമാണെന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍സറിനെ അതിജീവിച്ച ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരുത്തിനെ ലേഖനം പ്രകീര്‍ത്തിക്കുമ്പോഴും, രോഗം സംബന്ധിച്ച നിഗൂഢത ഇതോടെ നീങ്ങിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി ചെലവാക്കുന്ന തുക പൊതുമുതലാണെന്നും അതിനാല്‍ രോഗവിവരം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കാട്ടി നിരവധി പേര്‍ കോടതിയെയും വിവരാവകാശ കമ്മീഷനെയും സമീപിച്ചിരുന്നു. എന്നാല്‍ സ്വകാര്യതയുടെ പേരില്‍ ഓരോ തവണയും അപേക്ഷകള്‍ നിരസിക്കപ്പെടുകയായിരുന്നു. ആര്‍.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാസികയിലൂടെ ഈ വിവരം പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഇത്തരമൊരു വെളിപ്പെടുത്തല്‍ വന്നത് പ്രതിപക്ഷം ആയുധമാക്കാന്‍ സാധ്യതയുണ്ട്. രോഗവിവരം മറച്ചുവെച്ചതിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന ആരോപണം ഉയരാം. അതേസമയം, കാന്‍സറിനെപ്പോലൊരു മാരക രോഗത്തെ അതിജീവിച്ച് അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകൂല തരംഗമാക്കാന്‍ സി.പി.എമ്മും ശ്രമിച്ചേക്കാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!