BoolokamBoolokam

'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആണെന്ന് അറിയില്ലായിരുന്നു; പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് മഹല്ല് സെക്രട്ടറി തന്നെ തെറ്റിദ്ധരിപ്പിച്ചു'; നിക്കാഹ് ചടങ്ങ് നടത്തി കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ജുമാ മസ്ജിദിലെ പുരോഹിതന്‍; ദക്ഷിണ കൊറിയയിലേക്ക് കടന്ന വരനെ നാട്ടിലെത്തിക്കാന്‍ നീക്കം; പടന്നയിലെ ശൈശവ വിവാഹത്തില്‍ അന്വേഷണം തുടരുന്നു

കാസര്‍കോട്: കാസര്‍കോട് പടന്നയില്‍ നടന്ന ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പരാതി ഉയര്‍ന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് കടന്ന വരന്‍ ഷാബിറിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. കേസില്‍ പ്രതികളായ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ള മൂന്ന് പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇതിന് പിന്നാലെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, വിവാഹം നടന്ന എടച്ചാക്കൈ അഴീക്കല്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ അറിവോടെയാണ് നിയമലംഘനം നടന്നതെന്ന് ശൈശവ വിവാഹ നിരോധന ഓഫീസര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും പള്ളിയില്‍ സൂക്ഷിച്ചിട്ടില്ല. വിവാഹ വിവരം ബോധപൂര്‍വ്വം മറച്ചുവെക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ച ഉസ്താദിനെ പള്ളി കമ്മിറ്റി തെറ്റിദ്ധരിപ്പിച്ചതാകാനാണ് സാധ്യതയെന്നും, വിവാഹശേഷമാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം ഉസ്താദ് അറിഞ്ഞതെന്നും പറയപ്പെടുന്നു. അന്വേഷണ ഘട്ടത്തില്‍ ഉസ്താദ് നല്‍കിയ വിവരങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്.

കേസിലെ മറ്റൊരു പ്രതിയായ പഞ്ചായത്തംഗവും പള്ളി കമ്മിറ്റി സെക്രട്ടറിയുമായ പി.കെ. താജുദ്ദീന്റെ ഇടപെടലുകളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പള്ളിയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചതെന്നാണ് കണ്ടെത്തല്‍. താജുദ്ദീന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതക്കുറവിനെ പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദയും തള്ളിക്കളഞ്ഞു.

ഏപ്രില്‍ 13-നായിരുന്നു 16 വയസ്സുകാരിയും 28-കാരനായ ഷാബിറും തമ്മിലുള്ള വിവാഹം നടന്നത്. ആദ്യഘട്ടത്തില്‍ വിവാഹം നടന്ന കാര്യം പെണ്‍കുട്ടിയുടെയും വരന്റെയും കുടുംബങ്ങള്‍ നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ സത്യം പുറത്തുവരികയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഏപ്രില്‍ 13 നായിരുന്നു 16 വയസുള്ള പെണ്‍കുട്ടിയും 28കാരനും തമ്മിലുള്ള വിവാഹം. എടച്ചാക്കൈ അഴീക്കല്‍ ജുമാമസ്ജിദിലാണ് വിവാഹം നടന്നതയാണ് പരാതി.

സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. എടച്ചാക്കൈ ബദര്‍ നഗറിലെ ഷാബിര്‍ ഷെയ്ഖ് (28), പെണ്‍കുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കാല്‍ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി. കെ താജുദ്ദീന്‍, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്‌മത്തുള്ള എന്നിവരുടെ പേരിലാണ് ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശൈശവ വിവാഹ നിരോധന ഓഫീസര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് ചന്തേര പൊലീസ് കേസെടുത്തത്.

അതേ സമയം കാസര്‍ഗോഡ് പടന്നയിലെ ശൈശവ വിവാഹത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഇമാം വ്യക്തമാക്കി. അന്വേഷണത്തിന് എത്തിയ ബാല വിവാഹ നിരോധന ഓഫീസറോടും ചൈല്‍ഡ് അധികൃതരോടുമാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഏപ്രില്‍ 13 ന് പടന്ന എടച്ചാക്കൈ അഴിക്കാല്‍ ജുമാ മസ്ജിദില്‍ നടന്ന ശൈശവ വിവാഹത്തില്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയും പടന്ന പഞ്ചായത്ത് അംഗവുമായ പി കെ താജുദ്ദീന് എല്ലാം അറിയാമായിരുന്നു എന്ന് വ്യക്തമാ ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഇമാം സംസാരിക്കുന്ന വീഡിയോ ദൃശ്യം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ബാലവിവാഹ നിരോധന ഓഫീസറോടും ചൈല്‍ഡ് ലൈന്‍ അധികൃതരോടും ജുമാ മസ്ജിദ് ഇമാം റഹ്‌മത്തുള്ള താന്‍ തെറ്റിദ്ധരിക്കപ്പെട്ട കാര്യം വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

താന്‍ നിക്കാഹ് ചടങ്ങ് നടത്തി കൊടുക്കുക മാത്രമാണ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് നിക്കാഹ് കഴിക്കുന്നത് എന്ന് തനിക്കറിയില്ലായിരുന്നു.അറിഞ്ഞിരുന്നെങ്കില്‍ ചടങ്ങ് നടത്താന്‍ അനുവദിക്കില്ലായിരുന്നു എന്നും അഴിക്കാല്‍ ജുമാമസ്ജിലെ ഇമാം റഹ്‌മത്തുളള ഉദ്യോഗസ്ഥരോട് വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ബാല വിവാഹനിരോധന ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി നിര്‍ദേശപ്രകാരം പൊലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, പിതാവ്, പള്ളി കമ്മിറ്റി സെക്രട്ടറി, ഇമാം എന്നിവര്‍ക്കെതിരെ കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്യാനായിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട രജിസ്റ്ററെയും വിവാഹ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും നഷ്ടമായത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. സിസിടിവി ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അന്വേഷണം നടത്തിയതിന്റെ വിശദമായ റിപ്പോര്‍ട്ട് ശൈശവ വിവാഹ നിരോധന ഓഫീസര്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് കേസ് എടുത്തത്. മറ്റൊരു റിപ്പോര്‍ട്ട് ജില്ലാ ചൈല്‍ഡ് ലൈനും കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ ശൈശവ വിവാഹം നടന്നതായി വ്യക്തമാക്കിയിട്ടുണ്ട്. നിയമംമൂലം നിരോധിച്ച ശൈശവ വിവാഹം തടയുന്നതിന് ചൈല്‍ഡ് ലൈന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും അറിയിച്ചിരുന്നു.

ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി സെക്രട്ടറി ഒത്താശ ചെയ്തുകൊടുത്തുവെന്ന കാസര്‍കോട് ചൈല്‍ഡ് ലൈനില്‍ നാട്ടുകാര്‍ പരാതി നല്‍കിയതായി പറയുന്നു. തുടര്‍ന്നാണ് ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പതിനാറുകാരി താമസിക്കുന്ന മഹല്ലിലെ കമ്മിറ്റി വിവാഹം നടത്തി കൊടുത്തിരുന്നില്ല. ഇതിനാലാണ് വരന്റെ നാട്ടില്‍ വിവാഹം നടന്നത്. ഏപ്രില്‍ 13 നായിരുന്നു ഉസ്താദിന്റെ കാര്‍മ്മികത്വത്തില്‍ പള്ളിയില്‍ വിവാഹം നടന്നത്. നാട്ടിലെ ഒരു സംഘം യുവാക്കള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആണെന്ന് അറിയില്ലായിരുന്നു; പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് മഹല്ല് സെക്രട്ടറി തന്നെ തെറ്റിദ്ധരിപ്പിച്ചു'; നിക്കാഹ് ചടങ്ങ് നടത്തി കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ജുമാ മസ്ജിദിലെ പുരോഹിതന്‍; ദക്ഷിണ കൊറിയയിലേക്ക് കടന്ന വരനെ നാട്ടിലെത്തിക്കാന്‍ നീക്കം; പടന്നയിലെ ശൈശവ വിവാഹത്തില്‍ അന്വേഷണം തുടരുന്നു - Marunadan Malayali | Boolokam