
കൊല്‍ക്കത്ത: ബംഗാളിലെ ഫല്‍ത്ത നിയമസഭാ മണ്ഡലത്തില്‍ മുഴുവന്‍ ബൂത്തുകളിലും റീ പോളിങ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷമായ വെല്ലുവിളിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി രംഗത്തെത്തി. മെയ് 21-ന് റീ പോളിങ് നടക്കാനിരിക്കെ, തന്റെ തട്ടകമായ ഡയമണ്ട് ഹാര്‍ബര്‍ മോഡലിനെ തകര്‍ക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന രീതിയിലുള്ള വ്യാപകമായ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. മെയ് 21-ന് റീ പോളിങ് നടക്കാനിരിക്കെ, തന്റെ വികസന മാതൃകയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് അഭിഷേക് ബാനര്‍ജി രാഷ്ട്രീയ പോരിന് ചൂടേകിയത്.
ബംഗാള്‍ വിരുദ്ധരായ 'ഗുജറാത്തി ഗ്യാങ്ങിന്' പത്ത് ജന്മം എടുത്താലും തന്റെ ഡയമണ്ട് ഹാര്‍ബര്‍ മോഡലില്‍ പോറലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അഭിഷേക് ബാനര്‍ജി എക്‌സില്‍ കുറിച്ചു. ബിജെപിയുടെ പക്കലുള്ള സര്‍വ്വ സന്നാഹങ്ങളുമായി വന്ന് ഫല്‍ത്തയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച അദ്ദേഹം, ഡല്‍ഹിയിലുള്ള ബിജെപിയുടെ ഏത് ഗോഡ്ഫാദര്‍മാരെയും പോരാട്ടത്തിനായി അയക്കാമെന്നും പരിഹസിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 29-നാണ് ഫല്‍ത്തയില്‍ വോട്ടെടുപ്പ് നടന്നത്. എന്നാല്‍ വോട്ടെണ്ണലിന് തയ്യാറെടുക്കവെയാണ് അപ്രതീക്ഷിതമായി റീ പോളിങ് പ്രഖ്യാപനം വരുന്നത്. മെയ് 24-നാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടെണ്ണല്‍ തീയതി.
ഫല്‍ത്തയിലെ വോട്ടെടുപ്പില്‍ നടന്നത് ആസൂത്രിതമായ ക്രമക്കേടുകളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 22 ശതമാനത്തോളം ബൂത്തുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പും മഷിയും ഉപയോഗിച്ച് മറച്ചതായി കണ്ടെത്തി. കൂടാതെ, വോട്ടിങ് മെഷീനുകളിലെ ബട്ടണുകളില്‍ സുഗന്ധദ്രവ്യങ്ങളും മഷിയും പുരട്ടി വോട്ടര്‍മാര്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് തിരിച്ചറിയാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. വ്യാപകമായ ബൂത്ത് പിടുത്തം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, യഥാര്‍ത്ഥ വോട്ടര്‍മാരെ തടയല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് നിരീക്ഷകരും റിട്ടേണിങ് ഓഫീസറും ശരിവെച്ചിരിക്കുന്നത്.
ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങളിലും വലിയ രീതിയിലുള്ള തിരിമറികള്‍ നടന്നതായി കമ്മീഷന്‍ കണ്ടെത്തി. പലയിടത്തും വീഡിയോ ഫീഡുകളില്‍ മണിക്കൂറുകളുടെ വിടവുണ്ട്. ചില സ്റ്റോറേജ് ചിപ്പുകള്‍ ശൂന്യമായിരുന്നു, മറ്റു ചിലവയില്‍ തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. വോട്ടിങ് രഹസ്യസ്വഭാവം ലംഘിച്ച് ഒന്നിലധികം ആളുകള്‍ ഒരേസമയം വോട്ട് ചെയ്യുന്നതും പോളിങ് ഉദ്യോഗസ്ഥര്‍ തന്നെ വോട്ടര്‍മാരെ വഴിതിരിച്ചുവിടുന്നതും ലഭ്യമായ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരേ വ്യക്തികള്‍ തന്നെ പലതവണ വോട്ട് ചെയ്യാനെത്തിയതും കമ്മീഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്.
ഔദ്യോഗിക റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഗ്രൗണ്ട് ലെവലില്‍ നിന്ന് ലഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും ബാലറ്റുകളുടെയും വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ റീ പോളിങ് അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് തൃണമൂലും, തൃണമൂലിന്റെ ഗുണ്ടായിസമാണ് റീ പോളിംഗിലേക്ക് നയിച്ചതെന്ന് ബിജെപിയും ആരോപിക്കുമ്പോള്‍, മെയ് 21-ലെ വോട്ടെടുപ്പ് ബംഗാള്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും.
