
ഗ്വാളിയോര്‍: വിവാഹമോചനം നേടാനായി ഭര്‍ത്താവിന്റെ സ്വന്തം സഹോദരിയെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായി ചിത്രീകരിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച യുവതിയുടെ നാടകീയ നീക്കം വെളിപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സിനിമാ തിരക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്. 28 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം നിയമപരമായി വേര്‍പിരിയാന്‍ യുവതി കണ്ടെത്തിയ ഈ വ്യാജ മാര്‍ഗ്ഗം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
1998-ല്‍ വിവാഹിതരായ ഇവര്‍ ദീര്‍ഘകാലം സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്നു. എന്നാല്‍ ഒരു മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവിന് ജോലിയുടെ ഭാഗമായി പലപ്പോഴും വീടുവിട്ടു നില്‍ക്കേണ്ടി വന്നത് ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ 2015 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. വിവാഹമോചനം നേടാന്‍ യുവതിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും ഭര്‍ത്താവ് അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഭര്‍ത്താവിനെ കുടുക്കാനും വിവാഹമോചനം ഉറപ്പാക്കാനുമായി യുവതി ചതി പ്രയോഗിച്ചത്.
2021-ല്‍ കുടുംബകോടതിയെ സമീപിച്ച യുവതി, ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചുവെന്നും തന്നെ വഞ്ചിച്ചുവെന്നും ആരോപിച്ചു. ഇതിന് തെളിവായി ഭര്‍ത്താവ് തന്റെ സഹോദരിക്കൊപ്പം നില്‍ക്കുന്ന കുടുംബചിത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. ചിത്രത്തില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്നത് അയാളുടെ രണ്ടാം ഭാര്യയാണെന്ന് യുവതി കോടതിയെ വിശ്വസിപ്പിച്ചു. സ്ത്രീകളുടെ ഭാഗം കേള്‍ക്കുന്നതിലെ മുന്‍ഗണനയും യുവതിയുടെ വാദങ്ങളും പരിഗണിച്ച കുടുംബകോടതി, ഭര്‍ത്താവിന്റെ വിശദീകരണം പോലും തേടാതെ ഏകപക്ഷീയമായി (Ex-parte decree) വിവാഹമോചനം അനുവദിക്കുകയായിരുന്നു.
ഏപ്രിലില്‍ വിവാഹമോചന ഉത്തരവിനെക്കുറിച്ച് അറിഞ്ഞ ഭര്‍ത്താവ് ഞെട്ടിപ്പോയി. തുടര്‍ന്ന് കോടതി രേഖകള്‍ പരിശോധിച്ചപ്പോഴാണ് തന്റെ സ്വന്തം സഹോദരിയെ ഭാര്യയായി ചിത്രീകരിച്ചാണ് തനിക്കെതിരെ വിധി സമ്പാദിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. വ്യാജ തെളിവുകള്‍ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച ഭാര്യയുടെ നടപടിക്കെതിരെ യുവാവ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിനെ സമീപിച്ചു. വഞ്ചനയിലൂടെ നേടിയെടുത്ത വിവാഹമോചന ഉത്തരവ് റദ്ദാക്കണമെന്നാണ് യുവാവിന്റെ ആവശ്യം. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
