
ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ നടുക്കുന്ന ലൈംഗിക അതിക്രമ വെളിപ്പെടുത്തലുമായി പിന്നണി ഗായിക സ്വാഗത എസ്. കൃഷ്ണന്‍ രംഗത്ത്. പ്രമുഖനായ ഒരു സംഗീത സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങളെക്കുറിച്ചാണ് സ്വാഗത മനസ്സ് തുറന്നത്. ഈ ആഘാതത്തെത്തുടര്‍ന്നാണ് താന്‍ ചെന്നൈ വിട്ടതെന്നും സിനിമാ മേഖലയില്‍ നിന്ന് മാറി ഋഷികേശിലേക്ക് താമസം മാറിയതെന്നും ഗായിക വെളിപ്പെടുത്തി.
സംഗീത സംവിധായകന്റെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അതിക്രമം നടന്നതെന്ന് സ്വാഗത പറയുന്നു. ഏറ്റവും സുരക്ഷിതമെന്ന് താന്‍ കരുതിയിരുന്ന ഇടമായിരുന്നു അത്. സൗണ്ട് പ്രൂഫ് മുറിയായതിനാല്‍ അവിടെ വെച്ച് താന്‍ എത്ര അലറിവിളിച്ചാലും പുറംലോകം അറിയില്ലായിരുന്നു. മുറിക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ക്ക് പുറമെ രഹസ്യ ക്യാമറകളും അയാള്‍ സ്ഥാപിച്ചിരുന്നതായി താരം വെളിപ്പെടുത്തി. തനിക്കെതിരെ നടന്ന അതിക്രമങ്ങള്‍ അയാള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും, അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചതായും സ്വാഗത ആരോപിക്കുന്നു.
തൊഴിലിടത്തെ ഈ അതിക്രമിയെ 'മദ്രാസിന്റെ എപ്സ്റ്റീന്‍' എന്നാണ് സ്വാഗത വിശേഷിപ്പിച്ചത്. സ്ത്രീകളെ സാമ്പത്തികമായും വൈകാരികമായും സ്വാധീനിച്ച് വലയിലാക്കിയ ശേഷം അവരെ ചൂഷണം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നും ഗായിക പറയുന്നു. സ്റ്റുഡിയോയില്‍ എത്തുന്ന സ്ത്രീകളുടെയും കൊച്ചു പെണ്‍കുട്ടികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുന്നത് ഇയാളുടെ വിനോദമാണ്. തന്നെപ്പോലെ നിരവധി സ്ത്രീകള്‍ ഇയാളുടെ ഇരകളായിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സ്വാഗത കൂട്ടിച്ചേര്‍ത്തു.
അതിക്രമത്തിന് ശേഷം സ്വാഗതയെ സിനിമാ മേഖലയില്‍ നിന്ന് ഒറ്റപ്പെടുത്താനും ഇയാള്‍ ശ്രമിച്ചു. സ്വാഗത മോഷ്ടാവാണെന്നതടക്കമുള്ള ഇല്ലാക്കഥകള്‍ സിനിമാ വൃത്തങ്ങളില്‍ പ്രചരിപ്പിച്ചു. മാനസികമായി തകര്‍ന്ന സ്വാഗത ഇതോടെ സൗണ്ട് റെക്കോര്‍ഡിങ് ജോലിയടക്കം ഉപേക്ഷിച്ച് ചെന്നൈയില്‍ നിന്ന് മാറുകയായിരുന്നു. പിന്നീട് ഋഷികേശിലായിരുന്നു ഗായികയുടെ ജീവിതം. തന്റെ വേദനകള്‍ മറക്കാന്‍ സ്‌കിന്‍ ട്രീറ്റ്‌മെന്റ് വരെ ചെയ്യേണ്ടി വന്നുവെന്നും, അയാള്‍ സ്പര്‍ശിച്ച ശരീരഭാഗങ്ങള്‍ വേണ്ടെന്ന് പോലും തനിക്ക് തോന്നിയതായും വേദനയോടെ താരം ഓര്‍ക്കുന്നു.
സംഭവം നടന്ന സമയത്ത് പരാതി നല്‍കാന്‍ അഭിഭാഷകരെ കണ്ടിരുന്നുവെങ്കിലും ഭയം കാരണം അന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ ഇനി മറ്റൊരു സ്ത്രീക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകരുത് എന്ന ഉറച്ച തീരുമാനത്തിലാണ് സ്വാഗത ഇപ്പോള്‍. തനിക്ക് നേരെ അതിക്രമം കാട്ടിയ വ്യക്തി ഇപ്പോഴും സജീവമായി സിനിമാരംഗത്തുണ്ടെന്നും അയാള്‍ക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സ്വാഗത വ്യക്തമാക്കി. സഹോദരിയുടെ പിന്തുണയും തെറാപ്പിയുമാണ് ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
