BoolokamBoolokam

'മാം, ഒരു മത്സരത്തില്‍ ഓപ്പണിങ് ബാറ്ററായി കളിക്കാന്‍ അവസരം തരുമോ' എന്ന് ചഹല്‍; ഐപിഎല്‍ ഒന്നവസാനിച്ചോട്ടെ, അതിനു ശേഷം നല്‍കാമെന്ന് പ്രീതി സിന്റ; ഇരുവരുടെയും ചാറ്റ് വൈറലാകുന്നു

ഛണ്ഡീഗഢ്: ഐപിഎല്‍ 2026-ല്‍ അപരാജിത കുതിപ്പ് തുടരുന്ന പഞ്ചാബ് കിങ്സ് ക്യാമ്പിലെ സന്തോഷം പങ്കുവെച്ച് ടീം ഉടമ പ്രീതി സിന്റയും സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും തമ്മിലുള്ള രസകരമായ സംഭാഷണം പുറത്ത്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ ആറിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പഞ്ചാബ്. ഈ ആവേശത്തിനിടയിലാണ് ടീമിനായി ഓപ്പണിങ് ബാറ്ററായി ഇറങ്ങാന്‍ തനിക്ക് അവസരം വേണമെന്ന ആവശ്യവുമായി ചഹല്‍ എത്തിയത്.

സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി പ്രീതി സിന്റ സംവദിക്കുന്നതിനിടയിലാണ് ചഹല്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. 'മാം, ഒരു മത്സരത്തില്‍ ഓപ്പണിങ് ബാറ്ററായി കളിക്കാന്‍ അവസരം തരുമോ?' എന്നായിരുന്നു ചഹലിന്റെ ചോദ്യം. ഇതിന് പ്രീതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നത്. 'തീര്‍ച്ചയായും യുസി, നിനക്ക് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാം. ഐപിഎല്‍ ഒന്ന് അവസാനിക്കട്ടെ, അതിനുശേഷം നടക്കുന്ന ഏത് മത്സരത്തിലും നിനക്ക് ഓപ്പണറായി ഇറങ്ങാം. പ്രഭ്‌സിമ്രാനും പ്രിയാംശ് ആര്യയ്ക്കും അതില്‍ ഒരു പരാതിയുമുണ്ടാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്' - ചിരിക്കുന്ന ഇമോജിയോടെ പ്രീതി കുറിച്ചു.


നിലവില്‍ പഞ്ചാബ് കിങ്സിനായി ഓപ്പണിങ് വിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് പ്രഭ്‌സിമ്രാന്‍ സിങ്ങും പ്രിയാംശ് ആര്യയും കാഴ്ചവെക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 264 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍ 20 ഓവര്‍ തികയും മുന്‍പേ പഞ്ചാബ് അടിച്ചെടുത്തത് ഇവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ്. 41 പന്തില്‍ 126 റണ്‍സാണ് ഡല്‍ഹിക്കെതിരെ ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഈ സീസണില്‍ ഇതുവരെ പ്രഭ്‌സിമ്രാന്‍ 287 റണ്‍സും പ്രിയാംശ് 254 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

ബാറ്റിംഗില്‍ ടീം മികച്ച നിലയിലാണെങ്കിലും ചഹലിന്റെ ബൗളിംഗ് പ്രകടനം ഇത്തവണ അത്ര മികച്ചതല്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് കേവലം നാല് വിക്കറ്റുകള്‍ മാത്രമാണ് താരം വീഴ്ത്തിയത്. തന്റെ പഴയ ഫോമിലേക്ക് ചഹലിന് മടങ്ങിവരാന്‍ സാധിച്ചിട്ടില്ല എന്നത് പഞ്ചാബ് ക്യാമ്പിന് നേരിയ ആശങ്ക നല്‍കുന്നുണ്ട്. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന പോരാട്ടത്തില്‍ ചഹല്‍ ഫോം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!