BoolokamBoolokam

'മോദിയുടെ ഗ്യാരണ്ടി എവിടെ?'; വർഷം ഒന്ന് കഴിഞ്ഞു, 2500 രൂപ പോയിട്ട് 25 പൈസ പോലും എത്തിയില്ല; പാവപ്പെട്ട സ്ത്രീകളുടെ ചികിത്സയും മരുന്നും മുടങ്ങി; ബിജെപിക്കെതിരെ ആഞ്ഞടിച്ച് അതിഷി

ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് അതിഷി മർലിന. തിരഞ്ഞെടുപ്പ് വേളയിൽ സ്ത്രീകൾക്ക് വാഗ്ദാനം ചെയ്ത 2500 രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് അതിഷി ചൂണ്ടിക്കാട്ടി. 2025-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മാർച്ച് എട്ടിന് പണം നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും സ്ത്രീകളുടെ അക്കൗണ്ടിൽ 25 പൈസ പോലും എത്തിയില്ലെന്ന് അതിഷി പരിഹസിച്ചു.

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെയും അതിഷി രൂക്ഷമായി വിമർശിച്ചു. സ്വന്തം നാട്ടിലെ സ്ത്രീകൾക്ക് നൽകിയ ഉറപ്പ് പാലിക്കാത്തവരാണ് ബംഗാളിൽ പോയി വാഗ്ദാനങ്ങൾ നൽകുന്നതെന്ന് അവർ പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകി വോട്ട് തട്ടിയ ബിജെപിയോട് തങ്ങൾക്ക് ലഭിക്കേണ്ട പണം എപ്പോൾ വരുമെന്ന് ഡൽഹിയിലെ സ്ത്രീകൾ ചോദിക്കുകയാണെന്നും അതിഷി പറഞ്ഞു.

പൊതുസേവനങ്ങൾ നിയന്ത്രിച്ചുകൊണ്ട് സ്ത്രീകളെ ബിജെപി ബുദ്ധിമുട്ടിക്കുകയാണെന്നും അതിഷി ആരോപിച്ചു. ഡിടിസി ബസുകളിൽ സൗജന്യ യാത്ര ആസ്വദിച്ചിരുന്ന സ്ത്രീകൾ ഇപ്പോൾ പിങ്ക് കാർഡിനായി നീണ്ട ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ്. ഡൽഹിയിലെ 150 ഓളം മൊഹല്ല ക്ലിനിക്കുകൾ ബിജെപി പൂട്ടിയതോടെ പാവപ്പെട്ട സ്ത്രീകളുടെ ചികിത്സയും മരുന്നും മുടങ്ങി. ബാക്കിയുള്ള ക്ലിനിക്കുകൾ കൂടി പൂട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിഷി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!