
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും കരുനീക്കങ്ങളും തെരുവിലേക്ക് പടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പാര്‍ട്ടിക്കുള്ളിലെ 'മുഖ്യമന്ത്രി പോര്' രൂക്ഷമായതിന്റെ തെളിവായി മാറുന്നു. മൂവാറ്റുപുഴ, തൊടുപുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സതീശന് പിന്തുണ പ്രഖ്യാപിച്ച് ഉയര്‍ന്ന ബോര്‍ഡുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. പ്രത്യേകിച്ച് മൂവാറ്റുപുഴയില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡില്‍, മുന്‍പ് വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തിലുണ്ടായ ജനകീയ പ്രതിഷധം കോണ്‍ഗ്രസ് നേതൃത്വം ഓര്‍ക്കണമെന്ന പരാമര്‍ശം പാര്‍ട്ടിയിലെ സതീശന്‍ അനുകൂലികളുടെ കടുത്ത നിലപാടാണ് വ്യക്തമാക്കുന്നത്.
തൊടുപുഴ പട്ടയംകവലയില്‍ 'പട നയിച്ചവന്‍ നാട് നയിക്കും' എന്ന തലക്കെട്ടോടെയാണ് വി.ഡി. സതീശന്റെ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നത്. 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങള്‍' എന്ന് വിശേഷിപ്പിക്കുന്ന ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് 'ടീം യുഡിഎഫ് തൊടുപുഴ'യുടെ പേരിലാണ്. സമാനമായ രീതിയില്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തും സതീശനെ 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോട്ടൂര്‍വയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ സ്ഥാപിച്ച ഈ ബോര്‍ഡുകള്‍ പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ സതീശന് ലഭിക്കുന്ന സ്വീകാര്യതയുടെ പ്രതിഫലനമാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഫലം വരുന്നതിന് മുന്‍പേ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്ന നിലപാടിലാണ് എതിര്‍വിഭാഗങ്ങള്‍.
മുഖ്യമന്ത്രി പദത്തിനായി വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നീ മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ച് കോണ്‍ഗ്രസില്‍ മൂന്ന് ചേരികള്‍ സജീവമായിക്കഴിഞ്ഞു. മുസ്ലിം ലീഗ് വി.ഡി. സതീശന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത് സതീശന്‍ വിഭാഗത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. യുഡിഎഫിലെ കരുത്തരായ ഘടകകക്ഷിയുടെ ഈ നിലപാട് ഭരണമാറ്റമുണ്ടായാല്‍ മുഖ്യമന്ത്രി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകും. എന്നാല്‍ ലീഗിന്റെ ഈ പരസ്യമായ ഇടപെടലില്‍ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. ഘടകകക്ഷികള്‍ ഇത്തരം നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കുന്നത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ഇവര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്.
ഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ വിഭാഗീയത വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഓരോ ഗ്രൂപ്പും കൂടുതല്‍ ഘടകകക്ഷികളെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കെ.പി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, താഴെത്തട്ടില്‍ ഫ്‌ലക്‌സ് യുദ്ധം മുറുകുന്നത് ഹൈക്കമാന്‍ഡിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ ആഭ്യന്തര പോര് കൂടുതല്‍ പരസ്യമായ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നുണ്ട്. മുഖ്യമന്ത്രി കസേരയ്ക്കായുള്ള ഈ വടംവലി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഐക്യത്തെ ബാധിക്കുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
