BoolokamBoolokam

'വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിച്ച് കുഞ്ഞു ജനിച്ച ശേഷം ബലാത്സംഗമെന്ന് പറയുന്നു; ഇതെന്താണ്? ലിവിംഗ്-ടുഗദര്‍ ബന്ധം അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല'; വിവാഹവാഗ്ദാനം നല്‍കി പങ്കാളി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ലിവ്-ഇന്‍ ബന്ധം പുലര്‍ത്തിയ ശേഷം വിവാഹവാഗ്ദാനം നല്‍കി പങ്കാളി പീഡിപ്പിച്ചു എന്നാരോപിച്ച് നല്‍കുന്ന പരാതികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ദീര്‍ഘകാലം ലിവിംഗ്-ടുഗദര്‍ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. വിവാഹവാഗ്ദാനം നല്‍കി പങ്കാളി തന്നെ പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്നും കാണിച്ച് ഒരു യുവതി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ഇരുവരും വിവാഹം കഴിക്കാതെ വര്‍ഷങ്ങളോളം ഒരുമിച്ച് താമസിക്കുകയും ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് പുരുഷന്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.

'ഇവര്‍ ഒരുമിച്ച് ജീവിച്ചവരാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച് ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട ഉഭയസമ്മതപ്രകാരമുള്ള ആ ബന്ധത്തിന് ശേഷം ഇപ്പോള്‍ പീഡനാരോപണം ഉന്നയിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? '- എന്ന് കോടതി ചോദിച്ചു. വിവാഹമെന്ന നിയമപരമായ ചട്ടക്കൂടിന് പുറത്ത് ഒന്നിച്ചുജീവിക്കാന്‍ മുതിര്‍ന്നവര്‍ സ്വയം തീരുമാനമെടുക്കുമ്പോള്‍, അതിലുണ്ടാകാവുന്ന അപകടസാധ്യതകള്‍ കൂടി അവര്‍ തിരിച്ചറിയേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബന്ധത്തില്‍ നിന്ന് ഒരാള്‍ പുറത്തു കടക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹേതര ബന്ധങ്ങളിലും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിലും ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ക്കിടയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളും തുടര്‍ന്നുണ്ടാകുന്ന ബലാത്സംഗക്കേസുകളും സംബന്ധിച്ച് സുപ്രധാന നിരീക്ഷണമാണ് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് നടത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഒരു യുവതി പരാതി നല്‍കിയത്. വിവാഹമെന്ന നിയമപരമായ കരാറില്ലാതെ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അത്തരം ബന്ധങ്ങളില്‍ ചില അപകടസാധ്യതകള്‍ അന്തര്‍ലീനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതപ്രകാരമുള്ള ലിവ്-ഇന്‍ ബന്ധങ്ങളും ക്രിമിനല്‍ സ്വഭാവമുള്ള ലൈംഗിക അതിക്രമങ്ങളും തമ്മിലുള്ള വ്യക്തമായ വ്യത്യാസം കോടതി എടുത്തുപറഞ്ഞു.

വര്‍ഷങ്ങളോളം വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുകയും ആ ബന്ധത്തില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത ശേഷം, ബന്ധം വേര്‍പിരിയുമ്പോള്‍ ബലാത്സംഗക്കുറ്റം ആരോപിക്കുന്നതിലെ യുക്തിയെ കോടതി ചോദ്യം ചെയ്തു. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ഒന്നിച്ചു താമസിക്കാന്‍ തീരുമാനിച്ച ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എങ്ങനെയെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഇത്തരം നിരീക്ഷണങ്ങള്‍ ഇരകളെ അപമാനിക്കുന്നതാണെന്ന (Victim-shaming) വിമര്‍ശനം ഉയരാമെന്ന് കോടതി സമ്മതിക്കുന്നുണ്ടെങ്കിലും, സമ്മതപ്രകാരമുള്ള ബന്ധങ്ങളില്‍ ലൈംഗികാതിക്രമം എവിടെയാണ് വരുന്നതെന്ന് പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ജസ്റ്റിസ് വ്യക്തമാക്കി. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളുടെ അനിശ്ചിതത്വമാണ് ഇത്തരം കേസുകളില്‍ പ്രതിഫലിക്കുന്നത്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച ശേഷം പിരിയുമ്പോള്‍ സ്ത്രീ പുരുഷനെതിരെ പരാതി നല്‍കുന്ന പ്രവണത ലിവ്-ഇന്‍ ബന്ധങ്ങളുടെ പരിണതഫലമാണെന്നും കോടതി നിരീക്ഷിച്ചു.

തന്റെ ഭര്‍ത്താവ് മരിച്ച ശേഷം 18-ാം വയസ്സിലാണ് യുവതി പ്രതിയെ പരിചയപ്പെട്ടതെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. എന്നാല്‍ പ്രതി വിവാഹിതനാണെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നു എന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എങ്കിലും, പരസ്പര സമ്മതത്തോടെയുള്ള ദീര്‍ഘകാലത്തെ ബന്ധത്തെ പെട്ടെന്നൊരു ദിവസം ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടാണ് സുപ്രീം കോടതി ഈ കേസില്‍ സ്വീകരിച്ചിരിക്കുന്നത്. ലിവ്-ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അത്തരം ജീവിതരീതിയുടെ ഗുണദോഷങ്ങള്‍ തിരിച്ചറിയണമെന്ന സന്ദേശമാണ് ഈ നിരീക്ഷണത്തിലൂടെ നല്‍കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിച്ച് കുഞ്ഞു ജനിച്ച ശേഷം ബലാത്സംഗമെന്ന് പറയുന്നു; ഇതെന്താണ്? ലിവിംഗ്-ടുഗദര്‍ ബന്ധം അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല'; വിവാഹവാഗ്ദാനം നല്‍കി പങ്കാളി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി - Marunadan Malayali | Boolokam