BoolokamBoolokam

''യുകെയില്‍ റേസിസമുണ്ട് , പറയാതിരിക്കാനാകില്ല'' , ഇതെന്റെ അനുഭവമെന്നു എസ്തര്‍ അനില്‍; സാനിയ ഇയ്യപ്പന്‍ പറഞ്ഞതിന് ചേര്‍ത്ത് വയ്ക്കുന്ന വെളിപ്പെടുത്തലുമായി ദൃശ്യം താരം എത്തുന്നത് യുകെ വിട്ടതിനു ശേഷം ; യുകെയില്‍ ജീവിക്കുമ്പോള്‍ അതിലൊരു പരാതിയും ഇല്ലാത്തതില്‍ പൊരുത്തക്കേടില്ലേ എന്ന ചോദ്യം ബാക്കി; തന്റെ പേരില്‍ മാധ്യമങ്ങള്‍ സാനിയയെ മോശക്കാരിയാക്കി എന്നും എസ്തറിനു പരാതി

ലണ്ടന്‍: യുകെ റേസിസത്തിന്റെ നാട് കൂടിയാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സിലെ ഒരു വര്‍ഷത്തെ പഠന ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവനടി എസ്തര്‍ അനിലിന്റെ പ്രസ്താവന ശ്രദ്ധ നേടുന്നു . ദൃശ്യം സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയായ നടി ഇപ്പോള്‍ സിനിമയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുന്നതിന്റെ ഭാഗമായി വ്യാപകമായി നടത്തുന്ന പ്രൊമോഷന്‍ പരിപാടിയുടെ കൂടി ഭാഗമായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റഫോമിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത് . ഇത്തരം പരാമര്‍ശങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ ഭാവി യുകെ സന്ദര്‍ശനത്തിന് പോലും വിലങ്ങുതടി ആയേക്കും എന്നത് അടുത്ത കാലത്തു വിദേശത്തു രാജ്യ വിരുദ്ധ പ്രസ്താവന നടത്തിയ വക്തിയുടെ ഇന്ത്യ സന്ദര്‍ശന അനുമതി റദ്ദാക്കപ്പെട്ട വാര്‍ത്തയോട് ചേര്‍ത്ത് വച്ച് വായിക്കേണ്ടതാണ് . അതിലുപരി യുകെയില്‍ ഒരു വര്ഷം പഠന കാലം ചിലവഴിക്കുമ്പോള്‍ ഒട്ടേറെ മലയാളി പരിപാടികളില്‍ പോലും ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയിട്ടുള്ള നടി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല എന്നതും ഇപ്പോള്‍ നടത്തിയ പ്രസ്താവനയുടെ ഉദ്ദേശ ലക്ഷ്യം സംശയം ജനിപ്പിക്കുകയാണ് .

യുകെയില്‍ പഠന കാലത്തു തനിക്ക് മോശം അനുഭവം ഉണ്ടായെന്നു എസ്തര്‍ പരാതിപ്പെടാഞ്ഞത് സംശയാസ്പദം

യുകെയില്‍ വംശീയ അധിക്ഷേപം നേരിട്ടാല്‍ അതിനു എതിരെ റിപ്പോര്‍ട്ട് ചെയ്യാന്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതും സ്വകാര്യത സംരക്ഷിച്ചും അത്തരം റിപ്പോര്‍ട്ടിങ് നടത്താന്‍ സാധിക്കും എന്നിരിക്കെ താന്‍ അത്തരം പരാതി ഔദ്യോഗികമായി നടത്തി എന്ന് പോലും അവകാശപ്പെടാന്‍ എസ്തര്‍ തയാറായിട്ടില്ല എന്നതും ശ്രെധേയമാണ് . റേസിസത്തെ അതീവ ഗൗരവമായി കാണുന്ന ബ്രിട്ടനില്‍ ഇത്തരം കാര്യങ്ങളില്‍ പരാതി നല്‍കാതെ എങ്ങനെയാണു അത് അവസാനിപ്പിക്കാന്‍ കഴിയുക എന്ന ചോദ്യത്തിനും ഇപ്പോള്‍ നടിക്ക് മറുപടി പറയാന്‍ ബാധ്യതയുണ്ട് . ഇതോടെയാണ് പുതിയ സിനിമയുടെ മാര്‍ക്കറ്റിങ്ങിനു തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ഇട്ടേക്കാം എന്ന് കരുതിയ നടിയ്ക്ക് യുകെ അനുഭവങ്ങളുടെ രസകരമല്ലാത്ത കാര്യങ്ങള്‍ പുറത്തു പറയേണ്ടി വന്നിരിക്കുന്നത് . ദൃശ്യം സിനിമയുടെ റിലീസിംഗ് തടയാന്‍ ഇതിനകം ആമസോണ്‍ പ്രൈം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതും വാര്‍ത്ത ആയിരുന്നു . മാത്രമല്ല യുകെ പഠനകാലത്തു എസ്തര്‍ നായികാ ആയി എത്തിയ യുകെ മലയാളി നിര്‍മിച്ച ശാന്തമീ രാത്രിയില്‍ എന്ന സിനിമ പോയ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി മാറിയതും ഇപ്പോള്‍ ദൃശ്യത്തിന്റെ പേരില്‍ തന്റെ തിരിച്ചു വരവിനു നടിക്ക് ഏറെ പ്രധാനമായി മാറുകയാണ് .

എന്നാല്‍ ഏറ്റവും കൗതുകമായി വിലയിരുത്തപ്പെടുന്നത് നടി സിനിമ മേഖലയില്‍ തന്റെ സഹപ്രവര്‍ത്തകയായ സാനിയ ഇയ്യപ്പനെ ചേര്‍ത്ത് വച്ച് നടത്തിയ പരാമര്‍ശമാണ് . എസ്തറിനു മുന്‍പേ യുകെയിലെ ക്രീയേറ്റീവ് ആര്ട്ട് യൂണിവേഴ്സിറ്റി പഠനത്തിന് എത്തിയ സാനിയ പഠനം ഒരാഴ്ച പോലും പിന്നിടും മുന്‍പേ ലക്ഷങ്ങള്‍ ഫീസ് നല്‍കിയത് പോലും ഉപേക്ഷിച്ചു മടങ്ങുക ആയിരുന്നു .ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥി കോഴ്‌സ് ഉപേക്ഷിക്കുന്നത് മറ്റൊരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടമാക്കുന്നത് യുകെയില്‍ ഗൗരവമായാണ് വിലയിരുത്തപ്പെടുന്നത് . ഒട്ടേറെ മലയാളി വിദ്യാര്‍ഥികള്‍ കെയര്‍ വിസയ്ക്കായി ഇങ്ങനെ കോഴ്സുകള്‍ ഉപേക്ഷിച്ചതാണ് സ്‌റുഡന്റ്‌റ് വിസ നിയന്ത്രണത്തിന് യുകെയില്‍ ഹോം ഓഫിസിനെ പ്രേരിപ്പിച്ച ആദ്യ സംഭവം . സാനിയ യൂണിവേഴ്സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികളോട് പോലും സംസാരിക്കാന്‍ തയാറാകാതെ നടിയെന്ന പ്രിവിലേജ് ആഗ്രഹിച്ചു ജീവിച്ചതാകാം അവരെ നിരാശപെടുത്തിയത് എന്ന് അക്കാലത്തു തന്നെ അതെ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മറ്റു മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു . പെല്‍സ്വിന്‍ എന്ന മലയാളി വിദ്യാര്‍ത്ഥിനി ഈ വിഷയത്തില്‍ കുറിച്ച അഭിപ്രായം ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നതാണ് .

ബ്രിട്ടന്‍ വിട്ട സാനിയയെ അപമാനിക്കാന്‍ തന്റെ പേര് മാധ്യമങ്ങള്‍ ഉപയോഗിച്ചെന്നും എസ്തര്‍ അനിലിന് പരാതി

പക്ഷെ അന്ന് സാനിയ പറഞ്ഞത് മാധ്യമങ്ങള്‍ പെരുപ്പിക്കുക ആയിരുന്നു എന്ന മട്ടിലാണ് ഇപ്പോള്‍ എസ്തറിന്റെ കൂട്ട് പിടിക്കല്‍ . സാനിയ കോഴ്‌സ് ഉപേക്ഷിച്ചു പോയതിനെ ഇകഴ്ത്തി കാട്ടാന്‍ തനിക്ക് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രവേശനം കിട്ടിയത് മഹാസംഭവമാക്കി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതും നടി അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട് . എന്നാല്‍ ഇക്കാര്യം അന്ന് ആസ്വദിച്ച നടി സാനിയ ഇയ്യപ്പന് പിന്തുണ നല്‍കി രംഗത്ത് വന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ് . ഇപ്പോള്‍ താന്‍ നടത്തിയ പരാമര്‍ശത്തിന് ഒരു ബലം കിട്ടാന്‍ സാനിയ കൂട്ടിരിക്കട്ടെ എന്ന ചിന്തിയിലായിരിക്കണം സാനിയ പോലും മറന്നു പോയ സംഭവത്തെ എസ്തര്‍ പിടിച്ചുയര്‍ത്താന്‍ തയാറായിരിക്കുന്നത് . ബ്രിട്ടനില്‍ ഒരു വര്ഷം ജീവിക്കാന്‍ ലഭിച്ചപ്പോള്‍ കണ്ട കാഴ്ചകളുടെ നല്ല വശം കാണാനാകാതെ അതിലെ ഇന്ത്യന്‍ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നടി വിലയിരുത്താന്‍ ശ്രമിച്ചതും സോഷ്യല്‍ മീഡിയയില്‍ ഇതിനകം ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട് .

എസ്തര്‍ ഇത്തരത്തില്‍ കണ്ടെത്തിയ ബ്രിട്ടനിലെ ഏറ്റവും വലിയ മോശം കാര്യം നദിയിലോ പുഴയിലോ ഓടിച്ചെന്നു മീന്‍ പിടിക്കാന്‍ പാടില്ല എന്ന കാര്യമാണ് . എന്നാല്‍ വിനോദത്തിനായി ഇതിനു അനുവാദം ഉള്ള പ്രത്യേകം ആംഗ്ലര്‍ സൈറ്റുകള്‍ പല നദീ തീരങ്ങളിലും ഉണ്ടെന്നും അവിടെ പിടിക്കുന്ന മീനുകളെ ഉപദ്രവിക്കാതെ തിരികെ നദിയിലേക്ക് തന്നെ വിടുന്നതും ബ്രിട്ടനിലെ രീതി ആണെന്ന് ഒരു പക്ഷെ കുറഞ്ഞ നാളത്തെ ബ്രിട്ടീഷ് ജീവിതത്തില്‍ നടി തിരിച്ചറിഞ്ഞിരിക്കില്ല . പാരിസ്ഥിതിക കാരണങ്ങള്‍ മൂലം സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താതെ ജനങ്ങള്‍ സ്വയം പരുവപ്പെടുത്തുന്ന ചില ജീവിത ക്രമങ്ങളുടെ ഭാഗമായാണ് നദികളിലെ മല്‍സ്യ സമ്പത്തിനെ തോന്നും വിധം ആരും ദുരുപയോഗപ്പെടുത്താത്തതും അരയന്നം പോലെയുള്ള പക്ഷികളെ പോലും അടുത്ത് ചെന്ന് ഉപദ്രവിക്കാന്‍ പോലും തയാറാകാത്തത് .

ബ്രിട്ടനേക്കാള്‍ പരിചയമുള്ള കേരളത്തെയോ മുംബൈയെയോ വിമര്‍ശിക്കാന്‍ എസ്തര്‍ അനില്‍ തയാറാകേണ്ടതല്ലേ ?

കോഴികളെ പോലെ തോന്നുകയും നീണ്ട വാലുള്ള പെസന്ത് പോലെയുള്ള കാട്ടുപക്ഷികള്‍ സാധാരണ വാഹനങ്ങളുടെ മുന്നിലേക്ക് എടുത്തു ചാടുന്നത് യുകെയില്‍ ഗ്രാമീണ റോഡുകളില്‍ പതിവ് കാഴ്ച ആയതും അത്തരം പ്രദേശങ്ങളില്‍ വേഗ നിയന്ത്രണവും പക്ഷികളെ കണ്ടാല്‍ വാഹനം നിര്‍ത്തി അവയ്ക്ക് കടന്നു പോകാന്‍ കാത്തു നില്‍ക്കുന്നതും ഒക്കെ ബ്രിട്ടീഷ് ജീവിത മര്യാദയുടെ ഭാഗമാണ് . ഇത് ഇന്ത്യയില്‍ നിന്നോ മറ്റോ പഠനത്തിന് എത്തുന്ന ചെറുപ്പക്കാര്‍ക്ക് ഒരു പക്ഷെ അരോചകമായി തോന്നാവുന്നത് അവരുടെ ജീവിതത്തില്‍ അത്തരം കാഴ്ചകള്‍ മുന്‍പ് കണ്ടിട്ടില്ലാത്തതിനാല്‍ കൂടിയാകണം . തെറ്റായ കാര്യങ്ങള്‍ പൊതു നിരത്തിലും മറ്റും പ്രത്യേകിച്ച് വിദേശികള്‍ ചെയുമ്പോള്‍ ബ്രിട്ടീഷുകാര്‍ അവരെ തിരുത്താന്‍ ശ്രമിക്കുന്നതും നല്ല നടപ്പിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കാന്‍ വേണ്ടിയാണു . ഒരു പക്ഷെ ഇത്തരം അനുഭവം എപ്പോഴെങ്കിലും എസ്തറിനു ഉണ്ടായതിനാലാകണം ബ്രിട്ടീഷുകാര്‍ വളരെ സെന്‍സിറ്റീവ് ആണെന്ന പരാമര്‍ശം അഭിമുഖത്തില്‍ നടി എടുത്തു പറയുന്നത് .

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ യുകെയില്‍ എത്തുമ്പോള്‍ നിരന്തരം നടത്തുന്ന നിയമ ലംഘനവും , പ്രത്യേകിച്ച് ഡ്രൈവിങ്ങിലും മറ്റും , ബ്രിട്ടീഷുകാരെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കാനും ഇടയുണ്ട് . ഇക്കാര്യത്തില്‍ എസ്തര്‍ അടക്കമുള്ളവര്‍ യുകെയില്‍ എത്തിയപ്പോള്‍ എന്തെങ്കിലും സംഭാവന ബ്രിട്ടീഷുകാരെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കാന്‍ ചെയ്തിട്ടുണ്ടോ എന്ന മറുചോദ്യം ഇപ്പോള്‍ നടിയെ തേടിയെത്തുന്നത് അവര്‍ ബ്രിട്ടീഷ് ജീവിതത്തിന്റെ കാഴ്ചകളെ വിമര്‍ശ ബുദ്ധിയോടെ കാണാന്‍ തയാറായ സാഹചര്യത്തിലാണ് . എങ്കില്‍ എന്തുകൊണ്ടാണ് ഇത്തരം സാമൂഹ്യ വിമര്‍ശനത്തിന് നിത്യവും ഒരായിരം കാര്യങ്ങള്‍ ലഭിക്കുന്ന നടി ജനിച്ചു വളര്‍ന്ന കേരളത്തിലെയോ നടി പഠിക്കാന്‍ എത്തിയ മുംബൈയിലെ കാര്യങ്ങളോ ഉപയോഗിക്കുന്നില്ല എന്ന ചോദ്യവും പ്രസ്‌കതമാണ് . കേരളത്തെയോ മുംബൈയെ സാമൂഹ്യ വിമര്‍ശനത്തിന് ഉപയോഗപ്പെടുത്തിയാല്‍ ഒരു പക്ഷെ തന്റെ കരിയറിന്റെ പോലും അന്ത്യത്തിന് അത് കാരണമാകും എന്ന തിരിച്ചറിവ് കൃത്യമായി ഉള്ളതാകും നടി ബ്രിട്ടനെ വിമര്‍ശന പട്ടികയിലേക്ക് എടുക്കാന്‍ കാരണമാണെന്നും നടിയുടെ അഭിമുഖത്തോടു യുകെ മലയാളികള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്നു വിമര്‍ശം .

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!