
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വോട്ടെടുപ്പിന് ശേഷമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും വിശകലനം ചെയ്യുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എക്സിറ്റ് പോള്‍ ഫലം ഉള്‍പ്പടെ സൂക്ഷമമായി പരിശോധിച്ചാല്‍ എല്‍ഡിഎഫ് അധികാരത്തില്‍വരുമെന്ന സൂചനയിലേക്കാണ് എത്താനാകുക. നൂറിന് മുകളില്‍ കിട്ടുമെന്ന് പറഞ്ഞ് വനവാസം പ്രഖ്യാപിച്ചവര്‍ അതില്‍നിന്ന് മാറി. 60-69 വരെ സീറ്റ് വരെ എല്‍ഡിഎഫിന് കിട്ടുമെന്ന് എക്സിറ്റ് പോള്‍ പറഞ്ഞിട്ടുണ്ട്. പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ. അതിലധികം കിട്ടാന്‍ സാധ്യതയുണ്ട്', സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളെ മുന്‍നിര്‍ത്തിയാണ് ഗോവിന്ദന്‍ തന്റെ വാദങ്ങള്‍ നിരത്തിയത്. എല്‍ഡിഎഫിന് 60 മുതല്‍ 69 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പല സര്‍വേകളും പ്രവചിക്കുന്നുണ്ട്. കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകള്‍ വേണ്ട സാഹചര്യത്തില്‍, വെറും രണ്ട് സീറ്റുകളുടെ മാത്രം കുറവാണ് ഈ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രവചനങ്ങളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറിന് മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്ന് അവകാശപ്പെട്ട് പരാജയഭീതിയില്‍ വനവാസം പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണെന്ന് അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചു.
സംസ്ഥാനത്ത് എവിടെയും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ലെന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന പ്രധാന സൂചനയെന്ന് എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണ്. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടി പിണറായി വിജയന്‍ എന്നാണ്. സര്‍വേകളില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച ഈ താല്പര്യം ഭരണത്തുടര്‍ച്ചയുടെ വ്യക്തമായ അടയാളമാണ്. മുഖ്യമന്ത്രി ആരാകണമെന്നത് തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെങ്കിലും, കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയന്‍ തന്നെ വീണ്ടും അമരത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പാര്‍ട്ടിക്ക് വലിയ ആത്മധൈര്യമാണുള്ളത്. ജനങ്ങള്‍ അവരുടെ വിധി രേഖപ്പെടുത്തിക്കഴിഞ്ഞു. കൃത്യമായ ഒരു സംഖ്യ ഇപ്പോള്‍ പറയുന്നില്ലെങ്കിലും ഭൂരിപക്ഷം ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങളെക്കാള്‍ മികച്ച നിലയിലായിരിക്കും യഥാര്‍ത്ഥ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന്റെ നിലയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ വീണ്ടും ചുവപ്പ് പടരുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം നേതൃത്വം.
