BoolokamBoolokam

20 മന്ത്രിമാരില്‍ 15 പേരും തോല്‍ക്കും; പിണറായിയും സജി ചെറിയാനും എകെ ശശീന്ദ്രനും രാജനും അനിലിനും മാത്രം 100 ശതമാനം വിജയ സാധ്യത; മന്ത്രിപ്പടയില്‍ ആശങ്ക; വിജയം ഉറപ്പുള്ളത് അഞ്ചു പേര്‍ക്ക് മാത്രം, ബാക്കിയുള്ളവര്‍ 'കൈയ്യാലപ്പുറത്ത്'; ഭരണവിരുദ്ധ വികാരത്തില്‍ മന്ത്രിമാരുടെ പ്രകടനം തെളിവാകും; എക്‌സിറ്റ് പോളിന് പിന്നാലെ എല്‍ഡിഎഫില്‍ ആശങ്ക ശക്തം

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ വിധി അറിയാന്‍ മൂന്നുനാള്‍ മാത്രം ശേഷിക്കെ ഇടതുക്യാമ്പില്‍ നെഞ്ചിടിപ്പേറുന്നു. തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ 20 മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം കേവലം മൂന്നുപേര്‍ക്കു മാത്രമാണ് എല്‍.ഡി.എഫ്. കേന്ദ്രങ്ങള്‍ നൂറുശതമാനം വിജയസാധ്യത കല്‍പ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ ചെങ്ങന്നൂരിലെ സജി ചെറിയാനും എലത്തൂരിലെ എ.കെ. ശശീന്ദ്രനും കെ രാജനും ജി ആര്‍ അനിലും മാത്രമാണ് സുരക്ഷിതര്‍. മറ്റുള്ളവരുടെ വിധി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ 'കൈയ്യാലപ്പുറത്തെ തേങ്ങ' പോലെ അനിശ്ചിതത്വത്തിലാണ്.

മന്ത്രിമാര്‍ കൂട്ടത്തോടെ പരാജയപ്പെടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ സി.പി.എം. കേന്ദ്രങ്ങള്‍. തുടക്കത്തില്‍ ഈ വാദത്തെ പുച്ഛിച്ചു തള്ളിയെങ്കിലും, താഴെത്തട്ടില്‍ നിന്നുള്ള പുതിയ കണക്കുകള്‍ ഇടതുമുന്നണിയുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്. എക്‌സിറ്റ് പോളുകള്‍ യു.ഡി.എഫിന് അനുകൂലമായതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. അതേസമയം, എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കിയ മങ്ങലില്‍ നിന്ന് മോചിതരാകാന്‍ എല്‍.ഡി.എഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

സി.പി.എമ്മില്‍ നിന്ന് മുഖ്യമന്ത്രി കഴിഞ്ഞാല്‍ സജി ചെറിയാന്‍ മാത്രമാണ് വിജയമുറപ്പിച്ചവരുടെ പട്ടികയിലുള്ളത്. മന്ത്രിസഭയിലെ പ്രബലരായ പലരും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാലിനും പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനും വിജയിച്ചു കയറാമെന്ന പ്രതീക്ഷയുണ്ടെങ്കിലും 'ഉറപ്പുള്ള സീറ്റുകളുടെ' പട്ടികയില്‍ ഇവര്‍ ഇക്കുറിയില്ല. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് കടുത്ത പോരാട്ടം നേരിട്ടതിനാല്‍ അദ്ദേഹത്തിന്റെ വിജയസാധ്യതയിലും പാര്‍ട്ടിക്ക് പൂര്‍ണ്ണമായ ഉറപ്പില്ല.

തൃത്താലയില്‍ എം.ബി. രാജേഷും നേമത്ത് വി. ശിവന്‍കുട്ടിയും നേരിടുന്നത് പ്രവചനാതീതമായ മത്സരമാണ്. ആറന്മുളയില്‍ വീണ ജോര്‍ജ്, കളമശ്ശേരിയില്‍ പി. രാജീവ് എന്നിവരുടെ കാര്യത്തിലും സി.പി.എം. കേന്ദ്രങ്ങളില്‍ ആശങ്ക പ്രകടമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം വി.എന്‍. വാസവന്റെ മണ്ഡലത്തിലും കടുത്ത മത്സരമാണ് നടന്നത്. താനൂര്‍ വിട്ട് തിരൂരിലേക്ക് ഭാഗ്യം തേടിപ്പോയ വി. അബ്ദുറഹിമാന്റെ കാര്യത്തിലും ഇത്തവണ ഇടതു കേന്ദ്രങ്ങള്‍ നൂറു ശതമാനം ഉറപ്പ് പറയുന്നില്ല.

സി.പി.ഐയുടെ നാല് മന്ത്രിമാരും വിജയിക്കുമെന്ന് പാര്‍ട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും ഒല്ലൂരില്‍ കെ. രാജനും നെടുമങ്ങാട് ജി.ആര്‍. അനിലിനും വിജയം ഉറപ്പാണ്. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, മാനന്തവാടിയില്‍ ഒ.ആര്‍. കേളു, കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു എന്നിവരുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമല്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

ഭരണം നിലനിര്‍ത്താനാകുമോ എന്ന വലിയ ചോദ്യത്തിനൊപ്പം, മന്ത്രിസഭയിലെ എത്രപേര്‍ നിയമസഭ കാണും എന്നതും എല്‍.ഡി.എഫിന് ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്. മെയ് നാലിന് ബാലറ്റുകള്‍ സംസാരിക്കുമ്പോള്‍ അത് കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ചരിത്രമാകുമോ അതോ മന്ത്രിമാരുടെ പതനമാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

20 മന്ത്രിമാരില്‍ 15 പേരും തോല്‍ക്കും; പിണറായിയും സജി ചെറിയാനും എകെ ശശീന്ദ്രനും രാജനും അനിലിനും മാത്രം 100 ശതമാനം വിജയ സാധ്യത; മന്ത്രിപ്പടയില്‍ ആശങ്ക; വിജയം ഉറപ്പുള്ളത് അഞ്ചു പേര്‍ക്ക് മാത്രം, ബാക്കിയുള്ളവര്‍ 'കൈയ്യാലപ്പുറത്ത്'; ഭരണവിരുദ്ധ വികാരത്തില്‍ മന്ത്രിമാരുടെ പ്രകടനം തെളിവാകും; എക്‌സിറ്റ് പോളിന് പിന്നാലെ എല്‍ഡിഎഫില്‍ ആശങ്ക ശക്തം - Marunadan Malayali | Boolokam