
ദുബായ്: അങ്ങനെ വീണ്ടും കുറെ മാസങ്ങൾക്കിപ്പുറം 40,000 അടി മുകളിലൂടെ പായുന്ന ആ വിമാന മുഴക്കം വീണ്ടും ആകാശത്ത് സജീവമാകുകയാണ്. പശ്ചിമേഷ്യൻ യുദ്ധ നിയന്ത്രണങ്ങൾക്കും ശേഷം ആകാശ ഭീതി ഒഴിഞ്ഞു വിമാന സർവീസുകൾ പഴയപടി സാധാരണ നിലയിലേക്ക് മാറുന്ന കാഴ്ച്ച പ്രവാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, ആ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തുന്ന വിധത്തിലാണ് നിലവിലെ വിമാന ടിക്കറ്റ് നിരക്കുകൾ. സർവീസുകൾ വർദ്ധിച്ചെങ്കിലും പ്രവാസികൾക്ക് വില്ലനാകുന്നത് 'തീപിടിച്ച' ടിക്കറ്റ് വിലയാണ്.
ഓഫ് സീസണുകളിൽ പോലും വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്ക് സാധാരണക്കാരായ പ്രവാസികളുടെ നടുവൊടിക്കുന്നു. മുൻപ് പത്തായം രൂപയ്ക്ക് കിട്ടിയിരുന്ന ടിക്കറ്റിന് ഇപ്പോൾ പലപ്പോഴും നാൽപ്പതിനായിരത്തിന് മുകളിൽ നൽകേണ്ട ഗതികേടിലാണ് മറുനാടൻ മലയാളികൾ. ഇതിൽ തന്നെ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കും പ്രത്യേകിച്ച് കേരളത്തിലേക്കുമുള്ള യാത്രകൾക്കാണ് കൊള്ളനിരക്ക് ഈടാക്കുന്നത്. ഇന്ധനവില വർദ്ധനവും വിമാനങ്ങളുടെ കുറഞ്ഞ എണ്ണവും കാരണമായി പറയുന്നുണ്ടെങ്കിലും, ഇത് പ്രവാസികളെ പിഴിഞ്ഞുള്ള വിമാനക്കമ്പനികളുടെ പകൽക്കൊള്ളയാണെന്നാണ് ആക്ഷേപം.
സ്കൂൾ അവധിക്കാലം മുന്നിൽ നിൽക്കെ, മക്കളെയും കൂട്ടി നാട്ടിലെത്താൻ പ്ലാൻ ചെയ്ത പല കുടുംബങ്ങളും ഈ ഭീമമായ തുക കണ്ട് യാത്രകൾ വേണ്ടെന്നു വയ്ക്കുകയാണ്. നാട് കാണാൻ കൊതിച്ചിട്ടും വിമാനക്കമ്പനികളുടെ ഈ പിടിച്ചുപറി കാരണം ഗതികേടിലായിരിക്കുകയാണ് മറുനാടൻ മലയാളികൾ. സർക്കാർ ഇടപെടലുകൾ ഉണ്ടാകാത്ത പക്ഷം ഈ ആകാശക്കൊള്ള പ്രവാസികളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും.
സാധാരണയായി യാത്രക്കാർ കുറവുള്ള ഏപ്രിൽ, മെയ് മാസങ്ങളിൽ കുറഞ്ഞ നിരക്ക് ലഭ്യമാകേണ്ടതാണെങ്കിലും, ഇത്തവണ മുമ്പെങ്ങുമില്ലാത്ത വിധം 30 മുതൽ 35 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനവിലയിലുണ്ടായ വർധനവും ലഭ്യമായ വിമാന സീറ്റുകളുടെ കുറവുമാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് 300 മുതൽ 400 ദിർഹം വരെ ഉണ്ടായിരുന്ന വൺവേ ടിക്കറ്റുകൾക്ക് ഇപ്പോൾ പല റൂട്ടുകളിലും 1,300 മുതൽ 1,800 ദിർഹം വരെ നൽകേണ്ട അവസ്ഥയാണ്.
ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ് വിമാനക്കമ്പനികൾ കൂടുതൽ നിരക്ക് ഈടാക്കുന്നത് എന്നത് മലയാളികൾ അടക്കമുള്ള പ്രവാസികളെ വല്ലാതെ പ്രയാസപ്പെടുത്തുന്നു. ഇതിൽ തന്നെ കൊച്ചി സെക്ടറിലാണ് ഏറ്റവും ഉയർന്ന നിരക്ക്. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് 1,500 ദിർഹം വരെ ഈടാക്കുമ്പോൾ, കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 2,000 ദിർഹത്തിന് (ഏകദേശം 50,000 രൂപ) മുകളിൽ നൽകേണ്ടി വരുന്നു. മെയ് മാസത്തിന്റെ തുടക്കത്തിൽ കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപ വരെ ഉയർന്നത് സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്.
എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വലിയ വിമാനക്കമ്പനികളിലെ ഇക്കോണമി ക്ലാസ് സീറ്റുകൾ വേഗത്തിൽ വിറ്റുതീരുന്നതും നിരക്ക് വർധിക്കാൻ കാരണമാകുന്നുണ്ട്. ശേഷിക്കുന്ന ബിസിനസ്, പ്രീമിയം സീറ്റുകൾക്ക് വൻതുക നൽകേണ്ടി വരുന്നത് യാത്രക്കാർക്ക് അധിക ബാധ്യതയാവുകയാണ്.
ജൂൺ പകുതിയോടെ സ്കൂൾ അവധി ആരംഭിക്കുന്നതോടെ തിരക്ക് വീണ്ടും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ വരും മാസങ്ങളിലും നിരക്ക് കുറയാൻ സാധ്യതയില്ലെന്ന് ട്രാവൽ രംഗത്തുള്ളവർ വിലയിരുത്തുന്നു. ഓഫ് സീസണിൽ പോലും വലിയ തുക ടിക്കറ്റിനായി കണ്ടെത്തേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികളുടെ സാമ്പത്തിക ആസൂത്രണങ്ങളെയാകെ അവതാളത്തിലാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെയും വിമാനക്കമ്പനികളുടെയും ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.
