
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ അന്തിമ പോളിങ് കണക്കുകള്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. വോട്ടെണ്ണല്‍ ദിനത്തിലേക്ക് രാജ്യം ഉറ്റുനോക്കുമ്പോള്‍, തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയ 85.10 ശതമാനം എന്ന ഉയര്‍ന്ന പോളിങ് നിരക്ക് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ആകെ 4.87 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ച ഈ തിരഞ്ഞെടുപ്പില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ബൂത്തുകളിലെത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്.
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി ആകെ 4,87,98,833 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 2,52,59,596 സ്ത്രീ വോട്ടര്‍മാരും 2,35,34,720 പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള 4,517 പേരും വോട്ട് രേഖപ്പെടുത്തി. മണ്ഡലടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 93.41 ശതമാനം വോട്ട് രേഖപ്പെടുത്തിയ കരൂര്‍ മണ്ഡലമാണ് പോളിങ്ങില്‍ ഒന്നാമതെത്തിയത്. 93.36 ശതമാനം പോളിങ് നടന്ന വീരപാണ്ടി മണ്ഡലമാണ് തൊട്ടുപിന്നില്‍. അതേസമയം, ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത് മധുര നോര്‍ത്ത് മണ്ഡലത്തിലാണ് (72.22 ശതമാനം). ജനവിധി ആര്‍ക്കനുകൂലമാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 62 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജ്, ക്വീന്‍ മേരീസ് കോളേജ്, അണ്ണാ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി മാറും. കോയമ്പത്തൂരിലെ ഗവണ്‍മെന്റ് കോളേജ് ഓഫ് ടെക്നോളജി, തൃച്ചിയിലെ ജമാല്‍ മുഹമ്മദ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയും പ്രധാന വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്.
സുതാര്യവും വേഗത്തിലുള്ളതുമായ വോട്ടെണ്ണല്‍ ഉറപ്പാക്കാന്‍ സംസ്ഥാനത്തുടനീളം ആകെ 4,611 കൗണ്ടിങ് ടേബിളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും (3,324 ടേബിളുകള്‍) വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിനായി നീക്കിവച്ചിരിക്കുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ക്കായി 993 ടേബിളുകളും ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകള്‍ക്കായി 294 ടേബിളുകളും സജ്ജമാണ്. ചെന്നൈ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കൗണ്ടിങ് ടേബിളുകളുള്ളത്. 16 മണ്ഡലങ്ങളിലായി 291 ടേബിളുകള്‍ ഇവിടെ പ്രവര്‍ത്തിക്കും. മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഷോളിങ്കനല്ലൂരിലാണ് ഏറ്റവും കൂടുതല്‍ കൗണ്ടിങ് ടേബിളുകള്‍ (30 എണ്ണം) ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
