
ജയ്‌പൂർ: രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്. റോയൽസ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം ഡൽഹി 19.1 ഓവറിൽ മറികടന്നു. കെഎൽ രാഹുലിനും പാത്തും നിസ്സങ്കക്കും അർധ സെഞ്ച്വറി. മൂന്ന് വിക്കറ്റുകളുമായി ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മിച്ചൽ സ്റ്റാർക്ക്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിന് പക്ഷെ തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. 12 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാൽ പുറകെ വന്ന ക്യാപ്റ്റൻ റിയാൻ പരാഗും ദ്രുവ് ജ്യുറേലും ചേർന്ന് 102 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 50 പന്തിൽ എട്ട് ഫോറും അഞ്ച് സിക്‌സും പറത്തി 90 റൺസാണ് ക്യാപ്റ്റൻ പരാഗിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 30 പന്തിൽ 42 റൺസാണ് ജ്യുറേൽ നേടിയത് . അവസാന ഓവറുകളിൽ തകർത്തടിച്ച ഡൊണോവൻ ഫെരേരയുടെ ബാറ്റിങ് പ്രകടമാണ് രാജസ്ഥാനെ 225 റൺസെന്ന മികച്ച ടോട്ടലിലെത്തിച്ചത്. 14 പന്തിൽ നിന്ന് രണ്ട് ഫോറും ആറ് സിക്‌സും പറത്തി 47 റൺസാണ് ഫെരേര കൂട്ടിച്ചേർത്തത്. നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക് മികച്ച പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഓപ്പണർമാരായ പാത്തും നിസ്സങ്കയും കെഎൽ രാഹുലും മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 110 റൺസ് അടിച്ചെടുത്തു. 33 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 62 റൺസാണ് നിസ്സങ്ക നേടിയത്. 40 പന്തിൽ ആറ് ഫോറും അഞ്ച് സിക്‌സും പറത്തി രാഹുൽ 72 റൺസും സ്കോർ ചെയ്തു. 17 പന്തിൽ 30 റൺസുമായി നിതീഷ് റാണയും ഡൽഹിയുടെ റൺ ചേസിൽ നിർണായക പങ്കുവഹിച്ചു. നാലാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്ബ്‌സും അശുതോഷ് ശർമയും ചേർന്ന് ഡൽഹിയെ അഞ്ച് പന്ത് ബാക്കി നിൽക്കേ വിജയത്തിലെത്തിച്ചു.

