'എണ്ണ വേണ്ടവർ ഹുർമുസിൽ പോയി എടുത്തോ'

'എണ്ണ വേണ്ടവർ ഹുർമുസിൽ പോയി എടുത്തോ'

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ എണ്ണനിലയങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണവും ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങളും മൂലം ആഗോള ഇന്ധനവില കുതിച്ചുയരുന്നതിനിടെ സഖ്യകക്ഷികൾക്കെതിരെ രൂക്ഷവിമർശനവുമായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് . യു.എസിനെ സൈനികമായി സഹായിക്കാൻ വിമുഖത കാണിക്കുന്ന രാജ്യങ്ങൾ ഇനി സ്വന്തം നിലക്ക് എണ്ണ കണ്ടെത്തണമെന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് വിമർശനവുമായി രംഗത്തെത്തിയത്. ഇറാന്റെ സൈനികശേഷി തകർക്കുന്നതിൽ സഹകരിക്കാൻ വിസമ്മതിക്കുന്ന ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് പരിഹസിച്ചിട്ടുണ്ട്. ‘നിങ്ങൾ ഇനി തനിയെ പോരാടാൻ പഠിക്കണം. യു.എസ്.എ ഇനി നിങ്ങളെ സഹായിക്കാൻ ഉണ്ടാവില്ല,’ ട്രംപ് കുറിച്ചു. കൂടാതെ ഇസ്രായേലിലേക്ക് സൈനിക സാമഗ്രികളുമായി പോയ യു.എസ് വിമാനങ്ങൾക്ക് ആകാശപാത നിഷേധിച്ച ഫ്രാൻസിന്റെ നടപടിയെയും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയിൽ ഗാലന് 4 ഡോളറിന് മുകളിലേക്ക് ഇന്ധനവില ഉയർന്നതോടെ ഒന്നുകിൽ യു.എസ് ഇന്ധനം വാങ്ങുക അല്ലെങ്കിൽ യുദ്ധത്തിൽ പങ്കുചേരുക എന്ന കർശന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ‘ ഇറാൻ ഏതാണ്ട് തകർക്കപ്പെട്ടുകഴിഞ്ഞു. പ്രയാസകരമായ ഘട്ടം പിന്നിട്ടു. ഇനി നിങ്ങളുടെ എണ്ണ നിങ്ങൾ തന്നെ പോയി എടുത്തോളൂ’ - ട്രംപ് പറഞ്ഞു. ട്രംപിനൊപ്പം യു.എസ് പ്രതിരോധ മേധാവി പീറ്റ് ഹെഗ്‌സെത്തും ബ്രിട്ടനെതിരെ രംഗത്തെത്തി. ‘ഒരു വലിയ ബ്രിട്ടീഷ് റോയൽ നേവി ഉണ്ടെന്നാണ് ഞാൻ കരുതിയത്. അവർക്കും ഇത്തരം കാര്യങ്ങൾ ചെയ്യാവുന്നതേയുള്ളൂ,’ എന്ന് അദ്ദേഹം പരിഹസിച്ചു. എന്നാൽ ബ്രിട്ടൻ ഇപ്പോഴും യു.എസിന്റെ ശക്തമായ സഖ്യകക്ഷിയാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വ്യക്തമാക്കി. അതേസമയം ഇറാന് നേരെയുള്ള ആക്രമണങ്ങൾക്ക് ഫ്രഞ്ച് താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസ് അറിയിച്ചു. ട്രംപിന്റെ നിലപാടുകൾ ഇസ്രായേലിന്റെ യുദ്ധലക്ഷ്യങ്ങളുമായി സാമ്യമുള്ളതാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അയൽരാജ്യങ്ങളെ പരമാവധി ദുർബലപ്പെടുത്തുക എന്ന ഇസ്രായേലിന്റെ തന്ത്രമാണ് അമേരിക്കയും പിന്തുടരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇറാനെതിരെയുള്ള യുദ്ധം ലക്ഷ്യത്തിന്റെ പകുതി പിന്നിട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനിടെ ഇറാനെതിരെ യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കം രണ്ടാഴ്ചക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞു. ഒരു മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ പിന്മാറുമെന്ന സൂചനയാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് നൽകിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'എണ്ണ വേണ്ടവർ ഹുർമുസിൽ പോയി എടുത്തോ' — കലിയിളകി ട്രംപ് | Bo… | Boolokam