കണ്ണൂർ: സ്വതന്ത്രനായി മത്സരിക്കില്ലെന്ന കെ.സുധാകരന്റെ പ്രഖ്യാപനം തനിക്കും കോൺഗ്രസ് പ്രവർത്തകർക്കും ആശ്വാസം നൽകുന്നതാണെന്ന് കണ്ണൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി.ഒ.മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ആശങ്കയും നീങ്ങി. ഇനി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സുധാകരൻ കൂടെയുണ്ടാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്. വിജയിക്കാൻ നിരവധി ഘടകങ്ങളുണ്ട്. മേയർ എന്ന നിലയിലുള്ള വ്യക്തിബന്ധവും പാർട്ടിപ്രവർത്തകനെന്ന നിലയിൽ ജനങ്ങളുമായുള്ള ബന്ധവുമുണ്ട്. എൽ.ഡി.എഫ്. സർക്കാറിന്റെ ദുർഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തും അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. To advertise here, ഡൽഹിയിൽ ബുധനാഴ്ച പുലർച്ചെ രണ്ടരമണിവരെനീണ്ട ചർച്ചകൾക്കൊടുവിലാണ് സിറ്റിങ് എം.പി.മാരായ സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. ഇന്ദിരാഭവനിൽ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങി രാത്രി 11 വരെ നീണ്ട സി.ഇ.സി. യോഗത്തിനുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയായ 10 രാജാജി മാർഗിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നുവരെ വീണ്ടും യോഗം നടന്നു. ഖാർഗെയും രാഹുൽഗാന്ധിയും കെ.സി. വേണുഗോപാലും വി.ഡി. സതീശനും സണ്ണി ജോസഫുമടക്കമുള്ള നേതാക്കൾ വിശദമായി ചർച്ചചെയ്തശേഷമാണ് സുധാകരനും അടൂരിനും സീറ്റ് നൽകേണ്ടെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ, പിന്നീട് അരങ്ങേറിയത് നാടകീയ നിമിഷങ്ങളും നീക്കങ്ങളും. സതീശനും സണ്ണി ജോസഫും വ്യാഴാഴ്ച പുലർച്ചെ കേരളത്തിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ സുധാകരന്റെ അടുപ്പക്കാരിൽനിന്ന് പുതിയ സന്ദേശമെത്തി. ഇടഞ്ഞുനിൽക്കുന്ന സുധാകരൻ വ്യാഴാഴ്ച 12 മണിയോടെ പ്രതികരിക്കുമെന്നായിരുന്നു ആ സന്ദേശം. ഇതോടെ ഡൽഹിയിലെ മാധ്യമപ്രവർത്തകരെല്ലാം കൂട്ടത്തോടെ സുധാകരൻ താമസിക്കുന്ന ഭവനസമുച്ചയമായ ഗോദാവരിയുടെ ഗേറ്റിനു മുന്നിൽ വീണ്ടും തമ്പടിച്ചു. എന്നാൽ, മാധ്യമപ്രവർത്തകരുടെ കാത്തുനിൽപ്പ് പകൽമുഴുവൻ നീണ്ടു. ഗോദാവരിയിലെ ഫ്ളാറ്റിൽ അടച്ചിരുന്ന സുധാകരൻ മാധ്യമങ്ങളെ കാണാൻ പുറത്തേക്കിറങ്ങിയതേയില്ല. സീറ്റ് നൽകിയില്ലെങ്കിൽ സുധാകരൻ കോൺഗ്രസ് വിടുമെന്നും പുതിയ പാർട്ടി രൂപവത്കരിക്കുമെന്നും ബി.ജെ.പി. നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തിയെന്നുമടക്കമുള്ള വിവരങ്ങൾ സുധാകരനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മാധ്യമങ്ങൾക്ക് നൽകി. അനുനയിപ്പിക്കാൻ വിളിച്ച കെ.സി. വേണുഗോപാലിനോട് ഇനി എനിക്ക് എന്റെ വഴിയെന്ന് സുധാകരൻ പറഞ്ഞതായും വാർത്തപരന്നു. ഈ ഘട്ടത്തിലാണ് ആന്റണിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ ഇടപെട്ടത്. സുധാകരനോട് പത്രസമ്മേളനം ഒഴിവാക്കാൻ ആൻറണി അഭ്യർഥിച്ചു. ഇതോടെ സുധാകരന് ഹൈക്കമാൻഡ് സീറ്റ് നൽകിയെന്ന് ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് വന്നുതുടങ്ങി. സുധാകരനുമുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കിയെന്നതടക്കമുള്ള വാർത്തകൾ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇതിനിടെ കോന്നിയിലേക്ക് താനില്ലെന്ന് രാവിലെ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് അടൂർ പ്രകാശ് മുക്കിയത് കാര്യങ്ങൾ മറ്റൊരുതലത്തിലേക്ക് എത്തിച്ചു. സുധാകരന് ഇളവ് നൽകുന്നെങ്കിൽ തനിക്കും നൽകണമെന്ന ആവശ്യം അടൂർ ഹൈക്കമാൻഡിന് മുന്നിൽവെച്ചതായും വാർത്തകൾ പരന്നു. എന്നാൽ, ഇവരുടെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാൻഡ് ഉറച്ചനിലപാടെടുത്തു.എം.പി.മാർക്കാർക്കും ഇളവില്ലെന്ന് തീരുമാനിച്ച സ്ഥിതിക്ക് ഒരാൾക്കുമാത്രം ഒഴിവുനൽകുന്നതിനോട് വി.ഡി. സതീശൻ യോജിച്ചില്ല. അങ്ങനെ തീരുമാനിച്ചാൽ താൻ മത്സരരംഗത്തുനിന്നും ഒഴിഞ്ഞുനിൽക്കാമെന്ന് സതീശൻ കടുത്തനിലപാടെടുത്തതായും സൂചനയുണ്ട്. മാധ്യമപ്രവർത്തകരുടെ പകൽമുഴുവൻനീണ്ട കാത്തുനിൽപ്പിനൊടുവിൽ രാത്രി എട്ടുമണിയോടെ സുധാകരൻ വാതിൽ തുറന്നു പ്രത്യക്ഷപ്പെട്ടു. കേരളത്തിലേക്ക് പോകാൻ ഒരുങ്ങിയിറങ്ങിയ സുധാകരന്റെ വാക്കുകൾ പകൽമുഴുവൻ പരന്ന അഭ്യൂഹങ്ങളെ തള്ളുന്നതായിരുന്നു. ‘‘മത്സരിക്കാനില്ല, പാർട്ടിയിൽ തുടരും!’’ സുധാകരൻ ഉയർത്തിയ വെല്ലുവിളി അവിടെ അവസാനിച്ചെങ്കിലും പട്ടിക പ്രസിദ്ധീകരണം പിന്നെയും വൈകി. പെരുമ്പാവൂർ, ചടയമംഗലം, ഉദുമ, പട്ടാമ്പി, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയത്തിൽ വ്യക്തതയാവാത്തതാണ് പട്ടിക വൈകാൻ കാരണമായത്. Content Highlights: T.O. Mohanan confirms UDF unity following K. Sudhakaran's decision not to contest independently., Candidate highlights his track record as Mayor and strong public rapport as key winning factors., Anti-incumbency against the LDF government is expected to benefit the UDF campaign. Published: 20 Mar 2026, 08:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
