ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നറും ക്രിക്കറ്റ് കമന്ററി ബോക്സിലെ പരിചിത ശബ്ദവുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബി.സി.സി.ഐ കമന്ററി പാനലിൽനിന്ന് പടിയിറങ്ങി. കഴിഞ്ഞ 23 വർഷമായി തന്നെ അവഗണിക്കുകയാണെന്നും ആത്മാഭിമാനം പണയപ്പെടുത്തി തുടരാൻ താൽപര്യമില്ലെന്നും വ്യക്തമാക്കിയാണ് 60കാരനായ മുൻ ഇന്ത്യൻ സ്പിന്നറുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ബി.സി.സി.ഐക്കെതിരെ കടുത്ത വിമർശനങ്ങളാണ് ശിവരാമകൃഷ്ണൻ ഉന്നയിച്ചിരിക്കുന്നത്. I am retiring from commentary for BCCI — Laxman Sivaramakrishnan (@LaxmanSivarama1) March 20, 2026 I can’t sacrifice my self respect and suck up. That’s not me — Laxman Sivaramakrishnan (@LaxmanSivarama1) March 20, 2026 കമന്ററി രംഗത്ത് വലിയ അനുഭവസമ്പത്തുണ്ടായിട്ടും ടോസ് നിർണയ സമയത്തോ പ്രസന്റേഷൻ ചടങ്ങുകളിലോ തന്നെ ഉൾപ്പെടുത്താൻ ബി.സി.സി.ഐ തയാറായില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ 23 വർഷമായി എന്നെ ടോസ് ചടങ്ങുകൾക്കോ പ്രസന്റേഷൻ ഡ്യൂട്ടിക്കോ വിളിച്ചിട്ടില്ല. പുതുതായി വരുന്നവർ പോലും പിച്ച് റിപ്പോർട്ടും ടോസും കൈകാര്യം ചെയ്യുമ്പോൾ തന്നെപ്പോലൊരാളെ മാറ്റിനിർത്തുന്നതിന് പിന്നിലെ കാരണം എന്താണെന്ന് ശിവരാമകൃഷ്ണൻ ചോദിച്ചു. രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലകനായിരുന്ന സമയത്തും തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വിരമിക്കൽ ഒരു കഥയുടെ തുടക്കം മാത്രമാണെന്നും അത് പൂർണമായി പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ആരാധകർ ഞെട്ടിപ്പോകുമെന്നും ശിവരാമകൃഷ്ണൻ മുന്നറിയിപ്പ് നൽകി. എന്നെ വെറുക്കുന്നവർ ഈ തീരുമാനത്തിൽ സന്തോഷിക്കുന്നുണ്ടാകാം. എന്നാൽ, ബി.സി.സി.ഐ പോലും അവിശ്വസിക്കുന്ന കാര്യങ്ങളാകും ഇനി പുറത്തുവരികയെന്നും അദ്ദേഹം വ്യക്തമാക്കി. 1985ലെ വേൾഡ് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യ നേടുമ്പോൾ നിർണായക പങ്ക് വഹിച്ച താരമായിരുന്നു എൽ. ശിവരാമകൃഷ്ണൻ. ഐ.പി.എൽ 2026 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ശിവരാമകൃഷ്ണന്റെ ഈ പിന്മാറ്റം. അടുത്തിടെ ഐ.പി.എല്ലിൽനിന്ന് വിരമിച്ച ഇന്ത്യൻ താരം ആർ. അശ്വിൻ ഈ തീരുമാനത്തിൽ "അയ്യോ! ഈ ഐ.പി.എല്ലിൽ എങ്കിലും നിങ്ങൾക്ക് തുടരാമായിരുന്നില്ലേ?" എന്ന് എക്സിൽ കുറിച്ചു. മാർച്ച് 28ന് ബംഗളൂരുവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഐ.പി.എൽ ഉദ്ഘാടന മത്സരം.

"കൂടുതൽ വെളിപ്പെടുത്തലുകൾ ആരാധകരെ ഞെട്ടിക്കും, അഭിമാനം പണയം വെച്ച് ബി.സി.സി.ഐയുടെ കാൽക്കൽ വീഴാനില്ല"; കമന്ററിയോട് വിടപറഞ്ഞ് ശിവരാമകൃഷ്ണൻ
M
MadhyamamSource Link
about 2 months ago