ചെന്നൈ: ‘മറുപടി നൽകാൻ കാലം കാത്തിരിക്കുന്നു’ -തമിഴക വെട്രി കഴകം (ടി.വി.കെ) പ്രചാരണ വിഭാഗം സെക്രട്ടറി ആധവ് അർജുനയുടെ ആരോപണത്തിന് സൂപ്പർ താരം രജനികാന്തിന്റെ മറുപടി. മാർച്ച് 12ന് ചെന്നൈയിൽ സ്റ്റാലിൻ സർക്കാറിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ ആധവ് അർജുന നടത്തിയ പരാമർശമാണ് തമിഴക രാഷ്ട്രീയത്തിൽ വിവാദമായത്. രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആലോചിച്ച ഘട്ടത്തിൽ ഡി.എം.കെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചതെന്നുമായിരുന്നു പ്രസ്താവന. ഡി.എം.കെയുടെ ഉന്നത നേതാക്കൾ രജനികാന്തിനെ സമ്മർദത്തിലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽനിന്ന് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയതായും ആധവ് അർജുന ആരോപിച്ചു. രജനികാന്ത് ഒടുവിൽ അഭിനയത്തിലേക്ക് മടങ്ങിയെന്നും ഇപ്പോൾ ഡി.എം.കെ നിയന്ത്രണത്തിലുള്ള റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ പ്രവർത്തിക്കുന്നതെന്നും ആധവ് അർജുന ചൂണ്ടിക്കാട്ടി. രജനികാന്തിനെ വിമർശിക്കുകയല്ല; മറിച്ച്, ടി.വി.കെ അധ്യക്ഷൻ വിജയിയുടെ രാഷ്ട്രീയ ധൈര്യം എടുത്തുകാണിക്കാനാണ് താനിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഡി.എം.കെ, അണ്ണാ ഡി.എം.കെ, ബി.ജെ.പി തുടങ്ങി ഒട്ടു മിക്ക രാഷ്ട്രീയകക്ഷികളുടെയും നേതാക്കൾ ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. രജനികാന്തിന്റെ മുൻ ഉപദേഷ്ടാവ് ആർ. അർജുനമൂർത്തി പ്രസ്താവനയെ ശക്തമായി അപലപിക്കുകയും അർജുനനെതിരെ നടപടിയെടുക്കാൻ വിജയിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പരാമർശങ്ങൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചുവെന്നും പരക്കെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയോടുള്ള അനാദരവാണിതെന്നും അദ്ദേഹം പറഞ്ഞു. ആധവ് അർജുനയുടെ ആരോപണങ്ങൾ നിഷേധിച്ച രജനികാന്ത് കാലം മറുപടി നൽകുമെന്ന് പ്രതികരിച്ചു. കോവിഡ് കാലഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം പിൻവലിച്ചതെന്നും ടി.വി.കെ നേതാവ് ആധവ് അർജുന മാപ്പ് പറയണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ രജനി ആരാധകർ ആവശ്യപ്പെട്ടു.

`മറുപടി നൽകാൻ കാലം കാത്തിരിക്കുന്നു'; ടി.വി.കെ നേതാവിന്റെ പരാമർശത്തിന് രജനികാന്തിന്റെ മറുപടി
M
MadhyamamSource Link
about 2 months ago