അക്രമങ്ങൾ തുടരുന്നു... മണിപ്പൂരിൽ ബി.ജെ.പിയെ ബഹിഷ്‍കരിക്കാൻ ആഹ്വാനം​ചെയ്ത് മേയ്തേയ് സംഘടനകൾ

അക്രമങ്ങൾ തുടരുന്നു... മണിപ്പൂരിൽ ബി.ജെ.പിയെ ബഹിഷ്‍കരിക്കാൻ ആഹ്വാനം​ചെയ്ത് മേയ്തേയ് സംഘടനകൾ

ഇംഫാൽ: മണിപ്പൂരിലെ പുതിയ അക്രമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ ബി.ജെ.പിയെ ബഹിഷ്‍കരിക്കാൻ ആഹ്വാനം​ചെയ്ത് മേയ്തേയ്കളുടെ സംഘടന. മെയ്തേയ് സിവിൽ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മയായ മണിപ്പൂർ കോർഡിനേറ്റിങ് കമ്മിറ്റിയുടേതാണ് ബി.ജെ.പിയെ ബഹിഷ്‍കരിക്കാനുള്ള തീരുമാനം. ബി.ജെ.പിയുടെയോ അതിന്റെ നേതാക്കളുടെയോ ഒരു പരിപാടിയിലും പ്രവർത്തനത്തിലും പങ്കെടുക്കരുതെന്ന് കോർഡിനേറ്റിങ് കമ്മിറ്റി ഓഫ് മണിപ്പൂർ (കൊകോമി) പൊതുജനങ്ങളോട് അഭ്യർഥിച്ചു. സിവിലിയന്മാർക്കെതിരായ ആക്രമണങ്ങൾ തടയാൻ സർക്കാരിന് കഴിയാത്തതിന്റെ കാരണം മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് വിശദീകരിക്ക​മെന്നും അവർ ആവശ്യപ്പെട്ടു. ‘ഇതൊരു സ്വയം പ്രഖ്യാപിത സർക്കാരാണ്. മുഖ്യമന്ത്രി സംസ്ഥാനത്തെ ഒരു സിവിൽ സൊസൈറ്റി സംഘടനയുമായും ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം എവിടെയും വളരെ വ്യക്തിപരമായാണ് പോകുന്നതെന്ന് തോന്നുന്നു. മയക്കുമരുന്ന് ഭീകരരും തീവ്രവാദികളും ചുറ്റിത്തിരിയുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നതിന്റെ പ്രധാന അജണ്ട അദ്ദേഹം മറന്നുപോയി’ കൊക്കോമിയിലെ മുതിർന്ന അംഗം ശാന്ത നഹക്പാം പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാറിനും മുൻ സർക്കാറിനുമൊന്നും ഇപ്പോഴത്തെ സംഭവങ്ങളെക്കുറിച്ച് യാ​തൊരു ഉത്തരവും നൽകാൻ കഴിഞ്ഞിട്ടി​ല്ലെന്നും അതിനാൽ മണിപ്പൂരിലെ ബി.ജെ.പിയുടെ എല്ലാ പ്രവർത്തനങ്ങളെയും ബഹിഷ്‍കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നാഗാ സംഘടനയായ യുണൈറ്റഡ് നാഗ കൗൺസിൽ ഏപ്രിൽ 20 അർദ്ധരാത്രി മുതൽ ഏപ്രിൽ 23 അർദ്ധരാത്രി വരെ നാഗാ പ്രദേശങ്ങളിൽ മൂന്ന് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു. രണ്ടുപേരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് മൂന്ന് ദിവസത്തെ ബന്ദ്. ഇതു കൂടാതെ ബിഷ്ണുപൂർ ജില്ലയിലെ ട്രോങ്‌ലോബി ഗ്രാമത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മെയ്തേയ് ഗ്രൂപ്പുകളും സിവിൽ സൊസൈറ്റി സംഘടനകളും പ്രഖ്യാപിച്ച അഞ്ചുദിവസത്തെ ബന്ദ് തുടരുകയാണ്. ഏപ്രിൽ ഏഴിനാണ് ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാങ് ട്രോങ്‌ലാവോബി ഗ്രാമത്തിലെ വീടിന് നേരെ ബോംബാക്രമണമുണ്ടായത്. കുക്കി-സോ ഗ്രൂപ്പുകളുടെ ആധിപത്യമുള്ള കുന്നിൻപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. ആക്രമണത്തിൽ അഞ്ചുവയസ്സുകാരനും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെടുകയും വീടിന് കേടുപാടുകളുണ്ടാവുകയും ചെയ്തു. ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അക്രമങ്ങൾ തുടരുന്നു... മണിപ്പൂരിൽ ബി.ജെ.പിയെ ബഹിഷ്‍കരിക്കാൻ… | Boolokam