ജയ്പൂർ: രാജസ്ഥാനിലെ സാലുമ്പർ ജില്ലയിലുണ്ടായ പനി ബാധയെത്തുടർന്ന് അഞ്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത. സാലുമ്പറിലെ ലസാഡിയ മേഖലയിലുള്ള രണ്ട് ഗ്രാമങ്ങളിലായി ഏപ്രിൽ 1നും 5നുമിടയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ച കുട്ടികളെല്ലാം രണ്ട് മുതൽ നാല് വയസ്സുവരെ പ്രായമുള്ളവരാണ്. സംഭവത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ നേരിട്ട് ഇടപെട്ടു. മരണകാരണം ഉടൻ കണ്ടെത്താനും രോഗം പടരുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി വി. ശ്രീനിവാസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി ഉന്നതതല യോഗം ചേർന്നു. രോഗത്തിന്റെ ഉറവിടവും മരണകാരണവും കണ്ടെത്താൻ രണ്ട് പ്രത്യേക മെഡിക്കൽ സംഘങ്ങളെ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഉദയ്പൂരിലെ ആർ.എൻ.ടി മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ദ്ധ സംഘം സ്ഥലത്ത് നേരിട്ടുള്ള പരിശോധനകൾ നടത്തുന്നുണ്ട്. ജയ്പൂരിലെ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിൽ നിന്നുള്ള മറ്റൊരു സംഘം പ്രതിരോധ പ്രവർത്തനങ്ങൾക്കും നിരീക്ഷണത്തിനും നേതൃത്വം നൽകുന്നുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് ഉടൻ ചികിത്സ ഉറപ്പാക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) ഗായത്രി റാത്തോഡ് അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കാലതാമസമില്ലാതെ ജില്ലാ ആശുപത്രികളിലേക്കോ മെഡിക്കൽ കോളജുകളിലേക്കോ മാറ്റാൻ നിർദേശമുണ്ട്. പനി ബാധിക്കപ്പെട്ട ഗ്രാമങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകൾ കയറി കുട്ടികളെ പരിശോധിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി വി. ശ്രീനിവാസിന്റെ നേതൃത്വത്തിൽ വിഡിയോ കോൺഫറൻസിംഗ് വഴി സ്ഥിതിഗതികൾ ഓരോ മണിക്കൂറിലും നിരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ ലസാഡിയ മേഖലയിലെ എല്ലാ അംഗൻവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. രോഗം കൊതുക് പരത്തുന്നതാണെന്ന സംശയത്തെത്തുടർന്ന് ലാർവ നശീകരണം, ഫോഗിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഏകോപിതമായി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

അഞ്ച് ദിവസത്തിനുള്ളിൽ അഞ്ച് കുട്ടികൾ മരിച്ചു; രാജസ്ഥാനിൽ പനി പടരുന്നു, അന്വേഷണത്തിന് ഉത്തരവ്
M
MadhyamamSource Link
about 1 month ago