അഡോബ് സി.ഇ.ഒ ശാന്തനു നാരായൺ സ്ഥാനമൊഴിയുന്നു; ചരിത്രപരമായ യാത്രക്ക് അഭിനന്ദനങ്ങളെന്ന് സത്യ നാദെല്ല

അഡോബ് സി.ഇ.ഒ ശാന്തനു നാരായൺ സ്ഥാനമൊഴിയുന്നു; ചരിത്രപരമായ യാത്രക്ക് അഭിനന്ദനങ്ങളെന്ന് സത്യ നാദെല്ല

M
MadhyamamSource Link
അഡോബിന്‍റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് ശാന്തനു നാരായൺ പടിയിറങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 2007 ഡിസംബർ മുതൽ കമ്പനിയെ നയിച്ചുവന്ന നാരായൺ, പുതിയ സി.ഇ.ഒയെ കണ്ടെത്തുന്നതുവരെ തൽസ്ഥാനത്ത് തുടരും. തുടർന്നും ബോർഡ് ചെയർമാനായി അദ്ദേഹം കമ്പനിയിൽ ഉണ്ടാകും. എ.ഐ മേഖലയിലുണ്ടാകുന്ന അതിവേഗ മാറ്റങ്ങൾക്കിടയിൽ അഡോബിന്‍റെ ഭാവി തന്ത്രങ്ങളെക്കുറിച്ച് നിക്ഷേപകർക്കിടയിൽ ആശങ്ക നിലനിൽക്കുമ്പോഴാണ് ഈ മാറ്റം എന്നത് ശ്രദ്ധേയമാണ്. ശാന്തനു നാരായണിന്റെ സേവനങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല എക്സിലൂടെ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചു. ‘അഡോബിന്‍റെ നിങ്ങളുടെ ഈ ചരിത്രപരമായ യാത്രക്ക് അഭിനന്ദനങ്ങൾ ശാന്തനു! ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയർ കമ്പനികളിലൊന്ന് നിങ്ങൾ കെട്ടിപ്പടുത്തു. സ്രഷ്‌ടാക്കൾക്കും സംരംഭകർക്കും ബ്രാൻഡുകൾക്കും പുതിയ സാധ്യതകൾ നിങ്ങൾ തുറന്നുനൽകി’ നദെല്ല കുറിച്ചു. നിങ്ങളുടെ സൗഹൃദത്തിനും മാർഗനിർദേശങ്ങൾക്കും, അഡോബിനും നമ്മുടെ വ്യവസായത്തിനും വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദിയുള്ളവനാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദവും, പിന്നീട് അമേരിക്കയിലെ ബോളിങ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദങ്ങളും ശാന്തനു നാരായൺ നേടി.1998ൽ ആണ് അദ്ദേഹം അഡോബിൽ ചേർന്നത്. 2007ൽ കമ്പനിയുടെ സി.ഇ.ഒ ആയി ചുമതലയേറ്റു. ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റർ, പ്രീമിയർ പ്രോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഇന്ന് ക്രിയേറ്റീവ് രംഗത്തെ അവിഭാജ്യ ഘടകമാണ്. ഡിജിറ്റൽ ഡിസൈൻ, ഫോട്ടോ എഡിറ്റിങ്, വിഡിയോ എഡിറ്റിങ് എന്നീ മേഖലകളിൽ അഡോബ് ഉൽപ്പന്നങ്ങൾക്ക് പകരം വെക്കാൻ മറ്റൊന്നില്ല എന്ന നിലയിലേക്ക് കമ്പനി വളർന്നു. 2011ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, ശന്തനു നാരായണിനെ അദ്ദേഹത്തിന്റെ 'മാനേജ്‌മെന്റ് അഡ്വൈസറി ബോർഡിൽ' അംഗമായി നിയമിച്ചിരുന്നു. അഡോബിനെ ഒരു സോഫ്റ്റ്‌വെയർ ഉൽപ്പന്ന കമ്പനിയിൽ നിന്ന് ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലേക്ക് (SaaS - Software as a Service) വിജയകരമായി മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനി വലിയ സാമ്പത്തിക വളർച്ച കൈവരിക്കുകയും ആഗോളതലത്തിൽ ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും നടത്തുകയും ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഡോബ് സി.ഇ.ഒ ശാന്തനു നാരായൺ സ്ഥാനമൊഴിയുന്നു; ചരിത്രപരമായ യാ… | Boolokam