ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കുന്ന 27 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈക്ക് സീറ്റില്ല, വിശ്വസ്തരെയും തഴഞ്ഞു. എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായാണ് ബി.ജെ.പി മത്സരിക്കുന്നത്. കേന്ദ്രമന്ത്രി എൽ. മുരുകൻ അവിനാശി (എസ്.സി) മണ്ഡലത്തിൽനിന്നും മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ മൈലാപ്പൂരിൽനിന്നും ജനവിധി തേടും. വാനതി ശ്രീനിവാസൻ കോയമ്പത്തൂർ നോർത്തിൽനിന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിൽനിന്നും മത്സരിക്കും. കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ എസ്. വിജയധരണി പഴയ മണ്ഡലമായ വിളവൻകോടുനിന്നുതന്നെ വീണ്ടും മത്സരിക്കും. ആകെയുള്ള 27 സ്ഥാനാർഥികളിൽ അഞ്ച് പേർ വനിതകളാണ്. എം.ആർ. ഗാന്ധി നാഗർകോവിൽ മണ്ഡലത്തിലും കന്യകുമാരിയിലെ വിവിധ സീറ്റുകളിൽ ടി. ശിവകുമാർ (കുളച്ചൽ), പി. രമേശ് (പത്മനാഭപുരം) എന്നിവരും മത്സരിക്കുന്നു. കോയമ്പത്തൂരിൽ മത്സരിക്കാൻ അണ്ണാമലൈ തയാറായിരുന്നെങ്കിലും ജില്ലയിൽ ബി.ജെ.പിക്ക് അനുവദിച്ച ഏക സീറ്റ് വാനതി ശ്രീനിവാസനാണ് നൽകിയത്. ഏറെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് ബി.ജെ.പി പട്ടിക പുറത്തുവിട്ടത്. 27 സ്ഥാനാർഥികളിൽ അഞ്ചുപേർ വനിതകളാണ്. അണ്ണാമലൈക്ക് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങൾ എ.ഐ.എ.ഡി.എം.കെ ഏറ്റെടുത്തപ്പോൾ തന്നെ, അദ്ദേഹം മത്സരിച്ചേക്കില്ലെന്ന സൂചനകളും ഉണ്ടായിരുന്നു. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എല്ലാവർക്കും അണ്ണാമലൈ അഭിനന്ദനങ്ങൾ അറിയിച്ചു. ഡി.എം.കെയുടെ അഴിമതി ഭരണത്തിലും വഞ്ചനയിലും മടുത്തുപോയ തമിഴ്‌നാട്ടിലെ ജനം ബി.ജെ.പിയെ പിന്തുണക്കുമെന്നും പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. Hearty congratulations to all the @BJP4TamilNadu winning candidates announced for the 2026 Tamil Nadu Assembly elections. They carry the support of every brother & sister of TN who is tired of corruption, complacency, and the DMK's betrayal.Under the visionary leadership of our… pic.twitter.com/GJm4Dq0uDQ — K.Annamalai (@annamalai_k) April 3, 2026

അണ്ണാമലൈക്കും വിശ്വസ്തർക്കും സീറ്റില്ല; തമിഴ്നാട്ടിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
M
MadhyamamSource Link
about 1 month ago