പാനൂർ: തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ സംസ്ഥാന അതിർത്തികളിൽ പൊലീസ് ചെക്ക്പോസ്റ്റ് ഏർപ്പെടുത്തി. അനധികൃതമായി പണം, മദ്യം, ആയുധം എന്നിവ കടത്തുന്നവരെ ലക്ഷ്യമിട്ടാണ് പരിശോധന. മാഹി പരിധിയിൽ നിന്ന് അനധികൃതമായി ഇന്ധനം കടത്തുന്നവരും ഇതോടെ പിടിയിലാകും. തെരഞ്ഞെടുപ്പ് കഴിയും വരെ 24 മണിക്കൂറും പരിശോധന നടക്കുന്നുണ്ട്. അഞ്ച് പേരടങ്ങുന്ന ടീമാണ് രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണിവരെയും രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് മണിവരെയുമായി രണ്ട് ഷിഫ്റ്റായാണ് പരിശോധന നടത്തുന്നത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ നിന്ന് രണ്ട് പേരും സർക്കാർ ഉദ്യോഗസ്‌ഥരായ രണ്ട് പേരും ഒരു പൊലീസ് ഓഫിസറും ഒരു ഫോട്ടോഗ്രാഫറും ടീമിലും ഉണ്ട്. ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പാലം, കടവത്തൂർ, മുണ്ടത്തോട്, ചെറ്റക്കണ്ടി പാലം, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ പന്തക്കൽ , കോപ്പാലം അതിർത്തിയായ മാക്കുനി, ചമ്പാട് എന്നിവിടങ്ങളിൽ മുഴുവൻ സമയവും സേനയുടെ കാവലിലാണ്.
