വാഷിങ്ടൺ: വിപണിയിൽ ലഭ്യമായ മുപ്പത് ലക്ഷത്തിലധികം (3.1 മില്യൺ) ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്താൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) മുന്നറിയിപ്പ്. നിർമാണശാലകളിലെ ശുചിത്വമില്ലായ്മയും ബാക്ടീരിയ ബാധക്കുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി. അമേരിക്കയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളായ സി.വി.എസ്, വാൾഗ്രീൻസ് (Walgreens), ക്രോഗർ (Kroger) എന്നിവ വഴി വിറ്റഴിക്കുന്ന 26 തരം ഐ ഡ്രോപ്പുകളാണ് വിപണിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിക്കാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടത്. ഈ മരുന്നുകൾ ഉപയോഗിച്ചവർക്ക് കണ്ണിന് അമിതമായ ചുവപ്പ്, വേദന, കാഴ്ച മങ്ങൽ, അല്ലെങ്കിൽ പഴുപ്പ് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. നിലവിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അവ ഉടൻ തന്നെ ഉപേക്ഷിക്കണമെന്ന് നിർദേശമുണ്ട്. വായുസഞ്ചാരമില്ലാത്തതും അണുവിമുക്തമല്ലാത്തതുമായ സാഹചര്യങ്ങളിൽ മരുന്നുകൾ പാക്ക് ചെയ്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. കണ്ണിലൊഴിക്കുന്ന മരുന്നുകളിൽ 'സ്യൂഡോമോണസ് എരുഗിനോസ' (Pseudomonas aeruginosa) പോലുള്ള മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കണ്ണിന് ഗുരുതരമായ ഇൻഫെക്ഷൻ ഉണ്ടാക്കാനും കാഴ്ചശക്തി സ്ഥിരമായി നഷ്ടപ്പെടാനും കാരണമായേക്കാം. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചതിലൂടെ ചില മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പിൻവലിച്ചിരിക്കുന്ന ഐ ഡ്രോപ്പുകൾ പ്രധാനമായും അമേരിക്കൻ വിപണിയിലെ റീട്ടെയിൽ സ്റ്റോറുകൾക്കായി നിർമ്മിച്ചവയാണ്. സി.വി.എസ്, വാൾഗ്രീൻസ്, ക്രോഗർതുടങ്ങിയവ അമേരിക്കൻ സ്റ്റോർ ബ്രാൻഡുകളായതിനാൽ ഇവ ഇന്ത്യയിലെ ഫാർമസികളിൽ ഔദ്യോഗികമായി നേരിട്ട് വിൽക്കപ്പെടുന്നില്ല. അതിനാൽ ഇന്ത്യയിലെ പ്രാദേശിക വിപണിയെ മരുന്ന് പിൻവലിക്കനാള്ള തീരുമാനം ബാധിക്കാനിടയില്ല. എന്നിരുന്നാലും ഓൺലൈൻ വഴിയോ വിദേശത്തുനിന്നോ ഈ പ്രത്യേക ബ്രാൻഡുകൾ വാങ്ങി ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അന്ധതക്ക് കാരണമായേക്കാവുന്ന ബാക്ടീരിയയുടെ സാന്നിധ്യം; വിപണിയിൽ നിന്ന് പ്രമുഖ ബ്രാൻഡുകളുടെ ഐ ഡ്രോപ്പുകൾ പിൻവലിക്കാൻ ഉത്തരവ്
M
MadhyamamSource Link
about 1 month ago