മനാമ: ബഹ്‌റൈനിൽ അപസ്മാരം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട 35 വയസ്സുകാരിക്ക് ആറുവയസ്സുകാരിയായ മകളുടെ അവസരോചിതമായ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചു. അധികൃതരുടെ ദ്രുതഗതിയിലുള്ള ഇടപെടലും കൊച്ചുബാലികയുടെ മനസ്സാന്നിധ്യവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ബഹ്‌റൈൻ എമർജൻസി ഹോട്ട്‌ലൈൻ നമ്പറായ 999ലേക്ക് ഒരു മിസ് കോൾ എത്തിയതാണ് വഴിത്തിരിവായത്. ഓപ്പറേഷൻസ് ഡയറക്ടറേറ്റ് തിരിച്ചുവിളിച്ചപ്പോൾ ഫോൺ എടുത്തത് ഒരു ആറുവയസ്സുകാരിയായിരുന്നു. സംസാരിക്കുന്നതിനിടെ ഫോൺ കട്ടായെങ്കിലും ഗൗരവം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ വീഡിയോ കോൾ വഴി കുട്ടിയെ വീണ്ടും ബന്ധപ്പെട്ടു. വീഡിയോ കോളിലൂടെ കുട്ടി തന്റെ ഫോൺ അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയ്ക്ക് നേരെ തിരിച്ചുപിടിച്ചു. അമ്മയുടെ ഗുരുതരാവസ്ഥ കണ്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ കുട്ടിയോട് വീടിന് പുറത്തേക്ക് ഇറങ്ങിനിൽക്കാൻ നിർദ്ദേശിച്ചു. ഇത് എമർജൻസി സംഘത്തിന് കൃത്യമായ സ്ഥലം കണ്ടെത്താൻ സഹായകരമായി. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ നാഷണൽ ആംബുലൻസ് സംഘം യുവതിയെ കിങ് ഹമദ് സർവകലാശാല ആശുപത്രിയിൽ എത്തിച്ചു. യുവതി ഇപ്പോൾ അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അടിയന്തര ഘട്ടത്തിൽ പതറാതെ പ്രവർത്തിച്ച ബാലികയെയും കൃത്യസമയത്ത് ഇടപെട്ട ആഭ്യന്തര മന്ത്രാലയത്തിലെയും നാഷണൽ ആംബുലൻസിലെയും ഉദ്യോഗസ്ഥരെയും അധികൃതർ അഭിനന്ദിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എമർജൻസി സംവിധാനങ്ങൾ സദാ സജ്ജമാണെന്ന് ഈ സംഭവം ഒരിക്കൽ കൂടി തെളിയിച്ചു.

അപസ്മാരം ബാധിച്ച അമ്മക്ക് രക്ഷകയായി ആറുവയസ്സുകാരി;ബഹ്‌റൈൻ എമർജൻസി ഹോട്ട്‌ലൈൻ നമ്പറായ 999ലേക്ക് വിളിച്ചത് വഴിത്തിരിവായി
M
MadhyamamSource Link
17 days ago