അപാകതകളേറെ; പാപ്പിനിശ്ശേരി മേൽപാലം തുറക്കാൻ വൈകും

അപാകതകളേറെ; പാപ്പിനിശ്ശേരി മേൽപാലം തുറക്കാൻ വൈകും

M
MadhyamamSource Link
പാപ്പിനിശ്ശേരി: മേൽപാലത്തിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുംതോറും കൂടുതൽ കൂടുതൽ അപാകങ്ങൾ കണ്ടുവരുന്നു. പ്രവൃത്തി പുരോഗമിക്കുംതോറും കൂടുതൽ അപാകതകൾ വ്യക്തമാകുന്നതിനാൽ പാലം തുറന്നു കൊടുക്കുന്നത് നീളാനാണ് സാധ്യത. രണ്ടുദിവസത്തിനകം കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കരാറുകാർ ശ്രമിക്കുന്നത്. എന്നാൽ, പാലത്തിന്റെ എക്സ്പാൻഷൻ ജോയന്റിന്റെ ഭാഗത്തെ വിള്ളലുകൾ താഴ്ന്നുപോകുന്ന സ്ഥിതിയിലാണ്. ഇതേ തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും വിദഗ്ധരുടെ നിർദേശപ്രകാരം പൊളിക്കാനും തീരുമാനിക്കുകയായിരുന്നു. എന്നാൽ, പൊളിച്ചു നീക്കിയപ്പോൾ വലിയ കുഴി രൂപപ്പെട്ടു. ഇത് കോൺക്രീറ്റ് ചെയ്ത് ടാറു ചെയ്താൽ മാത്രമേ മേൽപാലത്തിന്റെ നിലവിലെ പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കൂ. എന്നാൽ ആദ്യം കണ്ടെത്തിയ രണ്ടും സ്പാനുകൾ പൊളിച്ചുനീക്കി കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. പ്രവൃത്തി നടത്തിക്കൊണ്ടിരിക്കുമ്പോൾ വീണ്ടും ഒമ്പതിടങ്ങളിൽ സമാന സ്ഥിതി കാണപ്പെടുകയായിരുന്നു. ഇത് പൂർത്തീകരിക്കുമ്പോൾ 26ഓളം സ്ഥലങ്ങളിലും ഇതേ അവസ്ഥ കണ്ടതിൽ അധികൃതരും ആശങ്കയിലായി. പണി പുരോഗമിക്കും തോറും ഗുണനിലവാരമില്ലാത്ത കമ്പിയും സിമന്റും ഉപയോഗിച്ചാണ് പാലം പണിതിരിക്കുന്നത് എന്നാണ് കണ്ടെത്തിയത്. ഇത്തരത്തിൽ ഗുരുതരമായ അനാസ്ഥയാണ് പാലം പ്രവൃത്തിയിൽ ഉണ്ടായത് എന്നാണ് വ്യക്തമാവുന്നത്. എന്നാൽ നിലവിലെ ഈ അവസ്ഥക്ക് കാരണം സ്ഥലം എം.എൽ.എ ആണെന്നാരോപിച്ച് നാട്ടുകാരുടെ പേരിൽ ബോർഡ്‌ സ്ഥാപിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും പാലം പണിത സമയത്തെ അധികാരികൾക്കാണ് ഇതിന്റെ മുഴുവൻ ചുമതല എന്നുമുള്ള ആരോപണവും ഉയരുകയാണ്. 2013ൽ പ്രവർത്തനമാരംഭിച്ച പാലം പ്രവൃത്തി പൂർത്തീകരിച്ച് 2018ലാണ് തുറന്നുകൊടുത്തത്. അന്നുമുതൽ അപാകതകൾ കണ്ടെത്തിയെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ അധികൃതർ ഗുണനിലവാര സർട്ടിഫിക്കറ്റ് നൽകിയതായി രാഷ്ട്രീയ നേതൃത്വം പറയുന്നു. അതുകൊണ്ടുതന്നെ പാലത്തിന്റെ അപാകങ്ങൾക്ക് കരാർ കമ്പനി ഉത്തരവാദിത്തത്തിൽനിന്നും ഒഴിയുന്നതായാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഏതുവിധത്തിലായാലും പാലത്തിന്റെ അപാകങ്ങൾ പരിഹരിച്ചേ മതിയാകൂ എന്നാണ് ജനങ്ങൾ പറയുന്നത്. ഫെബ്രുവരി അഞ്ചിന് അറ്റകുറ്റ പ്രവൃത്തി നടത്താൻ പാലം അടച്ചപ്പോൾ മാർച്ച് അഞ്ചിന് തുറന്നുകൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ, അതു നീണ്ടുപോകുന്നതായി എം.എൽ.എ കെ.വി. സുമേഷ് അറിയിച്ചിരുന്നു. എന്നു തുറന്നുകൊടുക്കാൻ സാധിക്കുമെന്ന പുതിയ തീരുമാനമൊന്നും ഇതേവരെ ഉണ്ടായില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപാകതകളേറെ; പാപ്പിനിശ്ശേരി മേൽപാലം തുറക്കാൻ വൈകും — Madhyam… | Boolokam