അഭിനയിക്കുന്ന ആളെ വേണ്ട; വധശ്രമ കേസിൽ റിമാന്‍റിലായ കെ.എസ്.യു പ്രവര്‍ത്തകർ  ആറൻമുളയിൽ പ്രചാരണത്തിന്

അഭിനയിക്കുന്ന ആളെ വേണ്ട; വധശ്രമ കേസിൽ റിമാന്‍റിലായ കെ.എസ്.യു പ്രവര്‍ത്തകർ ആറൻമുളയിൽ പ്രചാരണത്തിന്

M
MadhyamamSource Link
ആറന്മുള: "ഞങ്ങളെ അറിയോ, കണ്ണൂരിൽ നിന്ന് വരികയാണ്. മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കിടന്നവരാണ്"... ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസ് ചുമത്തി ജയിലിലടക്കപ്പെട്ട കെ.എസ്.യു പ്രവർത്തകർ ആറന്മുളയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വയം പരിചയപ്പെടുത്തി മുന്നേറുകയാണ്. വീണാ ജോർജിനെതിരേ ആറന്മുളയിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി അബിൻ വര്‍ക്കിയുടെ പ്രചാരണത്തിനാണ് ഇവർ എത്തിയത്. കരിങ്കൊടി പ്രതിഷേധനത്തിന് പിന്നാലെ 16 ദിവസം ജയിലിൽ കിടന്ന കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്‍റ് അതുൽ ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകരാണ് ആറന്മുളയിൽ പ്രചാരണത്തിന് എത്തിയത്. ‘അഭിനയിക്കുന്ന ആളെയല്ല, സത്യസന്ധനായ ഒരാളെയാണ് മണ്ഡലത്തിന് ആവശ്യം’ എന്നാണ് ഇവർ വോട്ടർമാരോട് പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനെത്തുടർന്ന് വധശ്രമക്കേസിൽ റിമാൻഡിലാവുകയും ജയിലിയിൽ കഴിയുകയും ചെയ്ത കെ.എസ്.യു പ്രവർത്തകരാണ് മന്ത്രി വീണാ ജോർജിന്‍റെ തട്ടകത്തിൽ പ്രചാരണത്തിന് എത്തിയത്. കഴിഞ്ഞ മാസം 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവര്‍ത്തകർ ആരോഗ്യ മന്ത്രി വീണാജോർജിന് കരിങ്കൊടി കാണിച്ചത്. തുടർന്ന് കെ.എസ്.യു പ്രവർത്തകർ മർദിച്ചെന്നും കഴുത്തിന് പരിക്കേറ്റെന്നും ചൂണ്ടിക്കാട്ടി മന്ത്രി ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. എന്നാൽ, റെയിൽവെ സ്റ്റേഷനിൽ പ്രതിഷേധത്തിനിടെ കെ.എസ്‍.യു പ്രവർത്തകർ ആയുധം കൊണ്ട് ആക്രമിച്ചിട്ടില്ലെന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി. കരിങ്കൊടിയാണ് പ്രവർത്തകരുടെ കൈയിൽ ഉണ്ടായിരുന്നതെന്നും പൊലിസുകാർ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെ.എസ്‌.യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഭിനയിക്കുന്ന ആളെ വേണ്ട; വധശ്രമ കേസിൽ റിമാന്‍റിലായ കെ.എസ്.യ… | Boolokam