അമേരിക്കയിൽ 'യു വിസ'ക്കായി വ്യാജ കവർച്ച ആസൂത്രണം ചെയ്തു: 11 ഇന്ത്യക്കാർ പിടിയിൽ

അമേരിക്കയിൽ 'യു വിസ'ക്കായി വ്യാജ കവർച്ച ആസൂത്രണം ചെയ്തു: 11 ഇന്ത്യക്കാർ പിടിയിൽ

M
MadhyamamSource Link
വാഷിങ്ടൺ: അമേരിക്കയിൽ താമസാനുമതി ലഭിക്കുന്നതിനായി വ്യാജ കവർച്ചകൾ ആസൂത്രണം ചെയ്ത 11 ഇന്ത്യൻ പൗരന്മാർ യു.എസ് പൊലീസിന്റെ പിടിയിൽ. വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോസ്റ്റണിലെ ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരാണ് ഈ സംഘത്തെ പിടികൂടിയത്. ഗൗരവമേറിയ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കും അത്തരം കേസുകളിൽ നിയമപാലകരെ സഹായിക്കുന്നവർക്കും അമേരിക്ക നൽകുന്ന പ്രത്യേക വിസയാണ് 'യു വിസ' (U-Visa). ഈ വിസ കരസ്ഥമാക്കാൻ തങ്ങൾ ആക്രമിക്കപ്പെട്ടവരാണെന്ന് വരുത്തിത്തീർക്കാനാണ് ഇവർ നാടകം കളിച്ചതെന്ന് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. വിസ ലഭിക്കുന്നതിന് വേണ്ടി ഇവർ ബാറുകൾ, പലചരക്ക് കടകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് ആറോളം വ്യാജ കവർച്ചകളാണ് നടത്തിയത്. തോക്കിനോട് സാദൃശ്യമുള്ള വസ്തുവുമായി ഒരാൾ കടയിൽ കയറി പണം തട്ടിയെടുത്ത് രക്ഷപ്പെടും. ഈ ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ കൃത്യമായി പതിഞ്ഞുവെന്ന് ഇവർ ഉറപ്പാക്കും. യഥാർത്ഥ കവർച്ചയാണെന്ന് തോന്നിപ്പിക്കാൻ സംഭവം നടന്ന് അഞ്ച് മിനിറ്റിന് ശേഷം മാത്രമാണ് ഇവർ പൊലീസിനെ വിവരമറിയിച്ചിരുന്നത്. ഇത് പ്രതികൾക്ക് രക്ഷപ്പെടാൻ സാവകാശം നൽകാനായിരുന്നു. ഈ തട്ടിപ്പിൽ പങ്കാളികളാകാൻ ഓരോ വ്യക്തിയും സംഘാടകർക്ക് വൻതുക നൽകിയതായാണ് വിവരം. കടയുടമകൾക്കും ഇത്തരത്തിൽ പണം നൽകിയാണ് വ്യാജ കവർച്ചക്ക് സൗകര്യം ഒരുക്കിയത്. പിടിയിലായവരിൽ ജിതേന്ദ്രകുമാർ പട്ടേൽ, മഹേഷ്കുമാർ പട്ടേൽ തുടങ്ങി ആറുപേരെ ബോസ്റ്റണിൽ നിന്നും മറ്റുള്ളവരെ കെന്റക്കി, മിസോറി, ഒഹായോ എന്നിവിടങ്ങളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവും 250,000 ഡോളർ പിഴയും ഇവർക്ക് ശിക്ഷ ലഭിക്കാം. എഫ്.ബി.ഐയുടെയും (FBI) ഇമിഗ്രേഷൻ വകുപ്പിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് വിസ തട്ടിപ്പ് സംഘത്തെ പൊലീസ് വലയിലാക്കിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമേരിക്കയിൽ 'യു വിസ'ക്കായി വ്യാജ കവർച്ച ആസൂത്രണം ചെയ്തു: 11… | Boolokam