അമേരിക്ക- ഇറാൻ യുദ്ധം: ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നാവശ്യവുമായി ഇറാൻ

അമേരിക്ക- ഇറാൻ യുദ്ധം: ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നാവശ്യവുമായി ഇറാൻ

M
MadhyamamSource Link
തെഹ്റാൻ: നിലവിലെ യുദ്ധസാഹചര്യത്തിൽ സുരക്ഷാഭീഷണിയുള്ളതിനാൽ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങൾ അമേരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇക്കാര്യത്തിൽ ഫിഫ യുമായി ചർച്ചകൾ നടന്നുവരികയാണെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കി. മെക്സിക്കോയിലെ ഇറാനിയൻ എംബസിയുടെ എക്സ് അക്കൗണ്ടിലൂടെയാണ് മെഹ്ദി താജ് നിലപാട് വ്യക്തമാക്കിയത്. " ഇറാൻ ദേശീയ ടീമിന് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്നെ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടീമിനെ അമേരിക്കയിലേക്ക് അയക്കില്ല. മത്സരങ്ങൾ മെക്സിക്കോയിൽ നടത്തുന്നതിനായി ഫിഫയുമായി ഞങ്ങൾ ചർച്ച നടത്തിവരികയാണ്" അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തിൽ അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവും നിരവധി രാഷ്ട്രീയ-സൈനിക പ്രമുഖരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന്, നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇറാന്റെ കായിക മന്ത്രി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇറാൻ ടീമിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും താരങ്ങളുടെ സുരക്ഷയും ജീവനും കണക്കിലെടുത്ത് അവർ അമേരിക്കയിൽ കളിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ജൂൺ 11ന് ആരംഭിക്കുന്ന ലോകകപ്പിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ആതിഥേയർ. പ്രാഥമിക ഘട്ടത്തിൽ ഇറാന്റെ രണ്ട് മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും ഒരെണ്ണം സിയാറ്റിലിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. 2025 മാർച്ച് 25ന് യോഗ്യത ഉറപ്പാക്കിയ ഇറാൻ, ഈ ലോകകപ്പിലേക്ക് യോഗ്യത നേടിയ ആദ്യ ഏഷ്യൻ രാജ്യമാണ്. ഇറാൻ ഫുട്ബോൾ ഫെഡറേഷന്റെ ആവശ്യത്തോട് ഫിഫ ഇതുവരെ ഔദ്യോഗികമായി അനുകൂലമായി പ്രതികരിച്ചിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമേരിക്ക- ഇറാൻ യുദ്ധം: ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക… | Boolokam