ആലപ്പുഴ: അവധിക്കാലത്ത് ആലപ്പുഴയിലേക്ക് വിനോദസഞ്ചാരികൾ എത്താത്തത് ടൂറിസം മേഖലക്ക് തിരിച്ചടിയാകുന്നു. ആലപ്പുഴയുടെ പ്രധാന ആകർഷണമായ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും തേടി ആവശ്യത്തിന് സഞ്ചാരികൾ എത്താത്തതാണ് പ്രതിസന്ധി. സീസണായിട്ടും ബോട്ടുകൾ വെറുതെ കിടക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയെത്തിയ വിഷുവിന് സഞ്ചാരികൾ കൂടുതലായി എത്തുമെന്ന് ടൂറിസം മേഖലയിലുള്ളവർ പ്രതീക്ഷിച്ചെങ്കിലും കാര്യമായ അനക്കമുണ്ടായില്ല. ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലൊന്നും കാര്യമായ ബുക്കിങ് ഇല്ല. പാചകവാതക പ്രതിസന്ധിയെ തുടർന്ന് ഹോട്ടലുകൾ തുറക്കാത്തതും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളെ കൂടാതെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പേർ എത്തിയിരുന്നത്. സീസണിൽ 37 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് അനുഭവപ്പെടുന്നതും ആളുകളെ അകറ്റാൻ കാരണമായിട്ടുണ്ട്. വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ, വിവിധ സംഘടകൾ എന്നിവരാണ് പ്രധാനമായും കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. എന്നാൽ, ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികളിൽ ചിലരാകട്ടെ സഞ്ചാരത്തിനായി സർക്കാർ ബോട്ടുകളാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. ഇതും സ്വകാര്യ മേഖലയിൽ നിക്ഷേപം നടത്തിയവരെയും ജോലി ചെയ്യുന്നവരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിവിധ പാക്കേജുകളിലായി മൂന്നിലേറെ സർക്കാർ ബോട്ടുകളാണ് വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സർവീസ് നടത്തുന്നത്. ഈ ബോട്ടുകൾക്ക് അവധിക്കാലത്ത് ആവശ്യത്തിന് ബുക്കിങ് ലഭിക്കുന്നുണ്ട്. വേഗ ഉൾപ്പെടെയുള്ള സർക്കാർ ബോട്ട് സർവിസുകളിൽ തിരക്കേറെയാണ്. പ്രതീക്ഷിച്ചപോലെ സഞ്ചാരികൾ കൂടുതലായി എത്താത്തതിന് പിന്നിലെ പ്രധാനകാരണം കനത്ത ചൂടാണ്. അവധിക്കാലത്ത് സാധാരണ വലിയ തോതിൽ ആഭ്യന്തര സഞ്ചാരികൾ ആലപ്പുഴക്ക് എത്താറുള്ളതാണ്. എന്നാൽ ഇത്തവണത്തെ ആഭ്യന്തര സഞ്ചാരികൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

അവധിക്കാലമായിട്ടും സഞ്ചാരികളില്ല വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടി; പ്രധാനകാരണം കനത്ത ചൂട്
M
MadhyamamSource Link
22 days ago