ദോഹ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ കേരളം വിധിയെഴുതണമെന്ന് പ്രവാസി വെല്‍ഫെയര്‍ 'ജനപക്ഷ ജനാധിപത്യം' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. കേരളത്തിലും രാജ്യത്തും മതേതര കക്ഷികള്‍ ശക്തിപ്പെടേണ്ട കാലഘട്ടമാണിത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിദ്വേശ ആശയങ്ങള്‍ക്ക് തെളിച്ചവും കരുത്തുമുള്ള ബദലുണ്ടെന്നും അതിന്റെ വിജയം ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ അനിവാര്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അധികാരത്തുടര്‍ച്ചക്കും വിജയങ്ങള്‍ക്കുംവേണ്ടി ഇടതുപക്ഷം സ്വീകരിച്ച ‘സോഷ്യല്‍ എന്‍ജിനീയറിങ്’ പദ്ധതികൾ മൂലം സാമൂഹികബന്ധങ്ങളുടെ ഇഴയടുപ്പങ്ങളില്‍ വലിയ വിള്ളലുകളുണ്ടായിരിക്കുന്നു. മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് സമുദായ ധ്രുവീകരണ ശ്രമങ്ങളില്‍ സി.പി.എമ്മും കേരള സര്‍ക്കാരും കക്ഷിചേര്‍ന്നുവെന്നത് ചരിത്രത്തിലെ വൈപരീത്യമാണ്. ജനകീയ സമരങ്ങളെ സര്‍ക്കാര്‍ നേരിട്ടത് മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ ഫാഷിസ്റ്റ് പ്രവണതകളോടെയാണെന്നും ചര്‍ച്ച സദസ്സ് അഭിപ്രായപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് നന്നമുക്ക്, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട്, കരുണ ഖത്തര്‍ ജാനറല്‍ സെക്രട്ടറി ശ്രീജു ബാലന്‍ എന്നിവര്‍ സംസാരിച്ചു. അനീസ് കൊടിഞ്ഞി, നിജാം കൊല്ലം, സിയാദ് ആലപ്പുഴ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്‍ മാള ചര്‍ച്ച നിയന്ത്രിച്ചു. സെക്രട്ടറി നിഹാസ് എറിയാട് സമാപനം നിർവഹിച്ചു.

അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ വിധിയെഴുതണം -പ്രവാസി വെല്‍ഫെയര്‍
M
MadhyamamSource Link
about 1 month ago