അസിം മുനീർ-ട്രംപ് ചങ്ങാത്തത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് ഇന്റലിജൻസ്

അസിം മുനീർ-ട്രംപ് ചങ്ങാത്തത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് ഇന്റലിജൻസ്

ന്യൂഡൽഹി: ഇറാൻ-യു.എസ് സമാധാന ചർച്ചകൾക്കൊപ്പം ഏറെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് പാകിസ്താൻ. പ്രത്യേകിച്ചും പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. യു.എസ് പ്രസിഡന്‍റ് ട്രംപ് പല തവണ മുനീറിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ട്രംപിന് മുനീറിലുള്ള വിശ്വാസമാണ് ഇതെന്ന് വ്യക്തം. എന്നാൽ മുനീറുമായുള്ള ട്രംപിന്‍റെ ചങ്ങാത്തത്തിനെതിരെ ചെങ്കൊടി കാണിച്ചിരിക്കുകയാണ് യു.എസ് ഇന്റലിജൻസ്. ഇറാൻ ഐ.ആർ.ജി.സിയുമായുള്ള മുനീറിന്‍റെ ബന്ധം ചൂണ്ടിക്കാട്ടിയാണ് യു.എസ് ഇന്റലിജൻസിന്‍റെ മുന്നറിയിപ്പ്. യു.എസ്- ഇറാൻ സംഘർഷം രൂക്ഷമായ ശേഷം ഇറാൻ സന്ദർശിച്ച ആദ്യത്തെ വിദേശ നേതാവാണ് അസിം മുനീർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ഇറാന്റെ സൈനിക ശ്രേണിയുമായും അപൂർവമായ അടുത്ത ബന്ധമുള്ള വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല മറ്റ് പശ്ചിമേഷ്യൻ നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു. രണ്ടാം തവണ അധികാരത്തിലെത്തിയ ട്രംപ് പാകിസ്ഥാനോടും അതിന്റെ നേതാക്കളോടും, പ്രത്യേകിച്ച് ഫീൽഡ് മാർഷൽ അസിം മുനീറിനോടും കൂടുതൽ അടുപ്പം കാണിക്കുന്നുണ്ട്. ട്രംപ് പലഅവസരങ്ങളിലും മുനീറിനെ പ്രശംസിക്കുകയും 'അതിശയകരമായ' വ്യക്തിയെന്നും 'മഹാനായ പോരാളി'യെന്നും വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കിയതിന് മുനീറിനെ പ്രശംസിക്കുകയും ചെയ്തതാണ്. 2022 നവംബർ മുതൽ പാക് സൈനിക മേധാവിയാണ് മുനീർ. പാകിസ്താന്‍റെ ആദ് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് കൂടിയാണ് ഇദ്ദേഹം. ജപ്പാനിലെയും മലേഷ്യയിലെയും സൈനിക അക്കാദമികളിൽ പഠനം പൂർത്തിയാക്കിയ മുനീർ നേരത്തെ സൗദി അറേബ്യയിൽ മിലിറ്ററി അറ്റാഷെയായും പ്രവർത്തിച്ചിരുന്നു. 2016 ലും 2017 ലും മുനീർ പാകിസ്ഥാന്റെ സൈനിക ഇന്റലിജൻസ് ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുമ്പോഴാണ് മുനീർ ഇറാനുമായി ബന്ധം സ്ഥാപിക്കുന്നത്. മുനീറിന് ഇറാനിന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐ.ആർ.ജി.സി) യുമായി അടുത്ത ബന്ധമുണ്ടെന്ന് വിരമിച്ച പാക് ജനറൽ അഹമ്മദ് സയീദ് തന്നെ സമ്മതിക്കുന്നു. ഐ.ആർ.ജി.സിക്ക് പുറമേ, ഇറാന്റെ സാധാരണ സൈന്യവുമായും അവരുടെ ഇന്റലിജൻസുമായും മുനീറിന് ബന്ധമുണ്ടെന്ന് സയീദ് പറഞ്ഞു. 2020-ൽ യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഐ.ആർ.ജി.സി കമാൻഡർ ഖാസിം സുലൈമാനിയുമായും 2025-ൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ ഹുസൈൻ സലാമിയുമായും മുനീർ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും സയീദ് വ്യക്താക്കുന്നു. ട്രംപ് പാകിസ്താനെ വിശ്വസിക്കരുതെന്നും മുനീറിന്റെ ഐ.ആർ.ജി.സി ബന്ധം യു.എസിന് ഭീഷണിയാണെന്നും ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിലെ സീനിയർ ഫെലോ ആയ ബിൽ റോജിയോ മാധ്യമങ്ങോട് പറഞ്ഞു. 'ട്രംപ് പാകിസ്ഥാനികളെ വിശ്വസിക്കരുത്. പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ താലിബാനെ പിന്തുണയ്ക്കുകയും അതേസമയം നമ്മുടെ സുഹൃത്തുക്കളാണെന്ന് നടിക്കുകയും ചെയ്യുന്ന ഒരു വഞ്ചക സഖ്യകക്ഷിയാണ്. മുനീറിന്റെ ഐ.ആർ.ജി.സിയുമായുള്ള ബന്ധം അമേരിക്കക്ക് വലിയൊരു തിരിച്ചടിയായേക്കാം' റോജിയോ അവകാശപ്പെട്ടു. മുനീറിനെപ്പോലുള്ള വ്യക്തികളുടെ ഉയർന്ന് വരുന്നത് പാകിസ്താനിലെ സിവിലിയൻ നേതൃത്വത്തെ സൈന്യം എങ്ങനെ ഓവർടെയ്ക് ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നതാണെന്ന് പാക് വിശകലന വിദഗ്ധ റാസ റൂമി പറഞ്ഞു. സമാധാന ചർച്ചക്ക് ചുക്കാൻ പിടിക്കുന്ന മുനീറിന്‍റെ മൂന്ന് ദിവസത്തെ ഇറാൻ സന്ദർശനം ശനിയാഴ്ചയാണ് പൂർത്തിയാക്കിയത്. മൂന്ന് ദിവസത്തെ തെഹ്‌റാൻ സന്ദർശനത്തിനിടെ ഇറാന്റെ ഉന്നത നേതൃത്വത്തെയും സമാധാന ചർച്ചക്കാരെയും അദ്ദേഹം കണ്ടുവെന്ന് പാക് സൈനിക പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ പ്രസിഡന്റ്, വിദേശകാര്യ മന്ത്രി, പാർലമെന്റ് സ്പീക്കർ, ഇറാന്റെ സൈനിക സെൻട്രൽ കമാൻഡ് സെന്റർ മേധാവി എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അസിം മുനീർ-ട്രംപ് ചങ്ങാത്തത്തിനെതിരെ മുന്നറിയിപ്പുമായി യു.എ… | Boolokam