ബേപ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തീപാറുന്ന പോരാട്ടത്തിനൊടുവിൽ ബേപ്പൂർ കോട്ട കാത്ത് പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും മന്ത്രിയുമായ റിയാസിനെ വീഴ്ത്താൻ യു.ഡി.എഫ് സ്വതന്ത്രനായി കച്ചമുറുക്കി ഇറങ്ങിയ പി.വി. അൻവറിന് അടിതെറ്റി. 7487 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് റിയാസ് ബേപ്പൂരിൽ വീണ്ടും വിജയക്കൊടി പാറിച്ചത്. മുപ്പത്തിയഞ്ച് വർഷത്തെ ഇടത് പാരമ്പര്യമുള്ള ബേപ്പൂരിൽ ഇത്തവണ അൻവർ ഉയർത്തിയ വെല്ലുവിളി ചില്ലറയായിരുന്നില്ല. 'പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ' പടവാളുമായി ഇറങ്ങിയ അൻവർ, യുഡിഎഫ് വോട്ടുകൾക്കൊപ്പം ലീഗിന്റെ സംഘടനാ കരുത്തും ചേർത്താണ് റിയാസിനെ വിറപ്പിച്ചത്. 2021-ൽ 28,747 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷം നേടിയ സ്ഥാനത്ത് ഇത്തവണ ഭൂരിപക്ഷം 7487-ലേക്ക് ചുരുങ്ങിയത് സിപിഎമ്മിന് നേരിയ ആശങ്കയുണ്ടാക്കുന്നതാണ്. മണ്ഡലത്തിൽ നടപ്പിലാക്കിയ 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞായിരുന്നു റിയാസിന്റെ വോട്ടുതേടൽ. കടലുണ്ടിയിലും ബേപ്പൂരിലുമുള്ള ഇടത് ആധിപത്യം തകരാതെ നിന്നത് റിയാസിന് തുണയായി. ഫറോക്ക്, രാമനാട്ടുകര നഗരസഭകളിൽ യുഡിഎഫ് മുന്നേറ്റം നടത്തിയെങ്കിലും അൻവറിന് അത് അന്തിമ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബു 26,543 വോട്ടുകൾ നേടി. റിയാസിന്റെ വിജയം എൽഡിഎഫ് ക്യാമ്പുകളിൽ വലിയ ആശ്വാസം പകരുമ്പോഴും, ഭൂരിപക്ഷത്തിൽ വന്ന വലിയ കുറവ് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിശകലനങ്ങൾക്ക് വേദിയാകും.

അൻവർ ഫാക്ടറിനെ അതിജീവിച്ച് റിയാസ്; ബേപ്പൂർ ചുവന്നുതന്നെ, ഭൂരിപക്ഷത്തിൽ ഇടിവ്
M
MadhyamamSource Link
about 3 hours ago
