സകാക്ക: പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് സൗദി വടക്കൻ മേഖലയിലെ അൽ ജൗഫ് പ്രവിശ്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും പിന്നാലെ, സ്വർണവർണത്തിലുള്ള മണൽക്കുന്നുകൾ വെളുത്ത പുതപ്പണിഞ്ഞ നിലയിലായി. മനോഹരമായ ഒരു ശൈത്യകാല പെയിൻറിങ് പോലെയാണ് നിലവിൽ ഈ പ്രദേശം കാണപ്പെടുന്നത്. കിഴക്കൻ സകാക്കയിലെ ഖൗവ സെൻററിലാണ് പ്രകൃതിയുടെ ഈ അപൂർവ പ്രതിഭാസം പ്രകടമായത്. മണൽക്കുന്നുകൾക്ക് മുകളിൽ കനത്ത ആലിപ്പഴം വീണതോടെ ‘നഫൂദ്’ മരുഭൂമി പൂർണമായും വെളുത്ത നിറത്തിലേക്ക് മാറി. ആകാശത്ത് തെളിഞ്ഞ മഴവില്ലും മരുഭൂമിയിലെ വെളുത്ത പരപ്പും ഒത്തുചേർന്നപ്പോൾ മനംമയക്കുന്ന ഒരു ദൃശ്യമാണ് അവിടെ ഒരുങ്ങിയത്. കനത്ത മഴയെത്തുടർന്ന് താഴ്വരകളിലും തോടുകളിലും വെള്ളം കുതിച്ചൊഴുകി സ്വാഭാവിക വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു. ഈ ദൃശ്യങ്ങൾ ആസ്വദിക്കാനായി നിരവധി കുടുംബങ്ങളും പ്രകൃതി സ്നേഹികളും പ്രദേശത്തേക്ക് ഒഴുകിയെത്തുകയാണ്. കാർമേഘങ്ങൾക്കിടയിലൂടെ വെളുത്ത ഭൂമിയും ആകാശവും ചേരുന്ന അത്യപൂർവ്വ നിമിഷങ്ങൾ പകർത്താൻ ഫോട്ടോഗ്രാഫർമാരുടെ വലിയ നിര തന്നെ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. സകാക്ക നഗരത്തിന് പുറമെ ദൗമത്ത് അൽ ജൻഡൽ, സുവൈർ തുടങ്ങിയ ഗവർണറേറ്റുകളിലും പരിസര പ്രദേശങ്ങളിലും മഴയും ആലിപ്പഴ വർഷവും ശക്തമാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് വസന്തകാലത്തെ അനുസ്മരിപ്പിക്കുന്ന ഈ മഴ തുടരുന്നത്. മണൽക്കുന്നുകൾക്ക് മുകളിൽ വിരിഞ്ഞ ഈ വെളുത്ത പുതപ്പ് പ്രവിശ്യയിൽ വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൽ ജൗഫിൽ വെള്ളിപ്പട്ടുടുത്ത മണൽക്കുന്നുകൾ: അപൂർവ ദൃശ്യവിരുന്നൊരുക്കി ശൈത്യകാല മഴ
M
MadhyamamSource Link
about 1 month ago