ആ കുഞ്ഞുബാഗുകളിൽ അവരുടെ ഓർമകൾ; ലോകത്തിനുമുമ്പാകെ അതു നെ​ഞ്ചോടുചേർത്ത് ഇറാൻ ഫുട്ബാൾ ടീം; മൈതാനത്ത് വൈകാരിക മുഹൂർത്തങ്ങൾ

ആ കുഞ്ഞുബാഗുകളിൽ അവരുടെ ഓർമകൾ; ലോകത്തിനുമുമ്പാകെ അതു നെ​ഞ്ചോടുചേർത്ത് ഇറാൻ ഫുട്ബാൾ ടീം; മൈതാനത്ത് വൈകാരിക മുഹൂർത്തങ്ങൾ

M
MadhyamamSource Link
ബെലെക് (തുർക്കി): ഇറാൻ യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ പ്രൈമറി സ്കൂളിന് നേരെ നടന്ന മാരകമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ പുരുഷ ദേശീയ ഫുട്ബാൾ ടീം കറുത്ത ആംബാൻഡ് ധരിച്ചും സ്കൂൾ ബാഗുകൾ കൈയിലേന്തിയും മൈതാനത്തിറങ്ങി. നൈജീരിയക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചപ്പോഴായിരുന്നു ടീമിന്റെ ഈ വേറിട്ട പ്രതിഷേധം. കഴിഞ്ഞ മാസം തെക്കൻ ഇറാനിലെ മിനാബിലുള്ള 'ശജറേ ത്വയ്യിബ' സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 110 കുട്ടികളടക്കം 170 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കൻ സൈനികാന്വേഷകർ നടത്തിയ പ്രാഥമിക പരിശോധനയിൽ, തങ്ങളുടെ സേന അറിയാതെ സ്കൂളിന് നേരെ ആക്രമണം നടത്തിയതാകാം ദുരന്തത്തിന് കാരണമായതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി കണ്ടെത്തലുകൾ പുറത്തുവിടണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുർക്കിയിലെ ബെലെക്കിൽ നടന്ന മത്സരത്തിന് മുമ്പ് ഇറാൻ താരങ്ങൾ പിങ്ക്, പർപ്പിൾ നിറങ്ങളിലുള്ള സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്തുവെച്ചാണ് നിന്നത്. ‘അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട 165 പെൺകുട്ടികളുടെ സ്മരണക്കായാണ് താരങ്ങൾ ഈ സ്കൂൾ ബാഗുകൾ ഹൃദയത്തോട് ചേർത്തുവെച്ചത്’ എന്ന് ടീം മീഡിയ ഓഫീസർ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) കോമ്പൗണ്ടിന് സമീപമുള്ള സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ജൂൺ 11 മുതൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് ഇറാൻ യോഗ്യത നേടിയിട്ടുണ്ടെങ്കിലും അവരുടെ പങ്കാളിത്തം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സുരക്ഷാ കാരണങ്ങളാൽ ഇറാൻ ടീം പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഈ മാസം ആദ്യം അറിയിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ, ടീമിന് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യില്ലെന്ന് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ തലവൻ മെഹ്ദി താജ് വ്യക്തമാക്കി. ഇറാന്‍റെ മത്സരങ്ങൾ മെക്സിക്കോയിൽ നടത്താൻ ഫിഫയുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതിനുള്ള സാധ്യത കുറവാണെന്നാണ് സൂചന. നേരത്തെ എ.എഫ്‌.സി വനിതാ ഏഷ്യൻ കപ്പിൽ ഇറാൻ വനിതാ ടീം ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്ന് താരങ്ങളെ 'രാജ്യദ്രോഹികൾ' എന്ന് ഇറാൻ സ്റ്റേറ്റ് ടി.വി വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. നൈജീരിയക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറാൻ പരാജയപ്പെട്ടു. ചൊവ്വാഴ്ച തുർക്കിയിൽ കോസ്റ്ററീക്കയുമായാണ് ഇറാന്റെ അടുത്ത മത്സരം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആ കുഞ്ഞുബാഗുകളിൽ അവരുടെ ഓർമകൾ; ലോകത്തിനുമുമ്പാകെ അതു നെ​ഞ്ച… | Boolokam