ആചാരത്തിന്‍റെ ഭാഗമായി കുതിരപ്പുറത്ത് വിവാഹഘോഷയാത്ര നടത്തിയ ദലിത് വരന് നേരെ ആക്രമണം

ആചാരത്തിന്‍റെ ഭാഗമായി കുതിരപ്പുറത്ത് വിവാഹഘോഷയാത്ര നടത്തിയ ദലിത് വരന് നേരെ ആക്രമണം

ഭോപ്പാൽ: മധ‍്യപ്രദേശിലെ ദാമോഹിൽ വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് സവാരി നടത്തിയ ദലിത് യുവാവായ വരന് മർദനം. കുതിരപ്പുറത്തുള്ള യാത്ര ഒരു സംഘം ആളുകൾ തടഞ്ഞ് മർദിക്കുകയായിരുന്നു. ഗോലു അഹിർവാർ(23) എന്ന ദലിത് യുവാവ് തന്റെ വിവാഹത്തിന് മുന്നോടിയായി `രച്ച്വായ്' എന്ന ആചാരഘോഷയാത്രയിൽ പങ്കെടുക്കുമ്പോഴാണ് ആക്രമണത്തിനിരയായത്. ഇടുങ്ങിയ വഴിയിൽ മനഃപൂർവ്വം വാഹനം പാർക്ക് ചെയ്ത് അക്രമസംഘം ഘോഷയാത്ര തടയുകയായിരുന്നു. വഴിമാറാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കൂട്ടം ആളുകൾ ബന്ധുക്കളുമായി തർക്കിക്കുകയും അത് അക്രമത്തിൽ കലാശിക്കുകയും ചെയ്തു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഗോലുവിനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കി വടികളും മറ്റും ഉപയോഗിച്ച് മർദിക്കുകയയിരുന്നു. സംഭവത്തിൽ മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മ വിദ്യാ അഹിർവാറിനും സഹോദരി മനീഷയ്ക്കും മർദനമേറ്റു. തങ്ങളെപ്പോലെയുള്ളവർ ഇത്തരം ഘോഷയാത്രകൾ നടത്താൻ പാടില്ലെന്ന് അക്രമികൾ ആക്രോശിച്ചതായി സഹോദരി പറഞ്ഞു. അക്രമത്തിനിടെ സഹോദരി ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.സംഭവത്തെത്തുടർന്ന് കുടുംബം നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പട്ടികജാതി-പട്ടികവർഗ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. `കുതിരപ്പുറത്ത് കയറിയതിനെ എതിർത്താണ് അക്രമികൾ മർദനം നടത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞു വരികയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സ്റ്റേഷൻ ഇൻ-ചാർജ് സുധീർ കുമാർ ബേഗി അറിയിച്ചു'. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ മേഖലയിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഗോലു അഹിർവാർ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കുന്നതിനായി ഛത്തർപൂർ ജില്ലയിലേക്ക് തിരിച്ചു. പൊലീസിന്റെ കർശന സുരക്ഷയിലാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആചാരത്തിന്‍റെ ഭാഗമായി കുതിരപ്പുറത്ത് വിവാഹഘോഷയാത്ര നടത്തിയ… | Boolokam