ന്യൂഡൽഹി: രാജ്യത്ത് മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ടൈഫോയ്ഡ് കേസുകളുടെ എണ്ണത്തില് ഗണ്യമായ വർധന. 2023ൽ ഇന്ത്യയിൽ രോഗം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിന്‍റെ 87 ശതമാനവും ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ടൈഫോയ്ഡ് മൂലമാണെന്ന് ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഏതാണ്ട് 12,300കോടിയാണ് ഈയൊരു രോഗത്തിന് മാത്രമായി രാജ്യത്ത് ചെലവായതെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീനിലെയും ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് വെല്ലൂരിലെയും ഗവേഷകർ വ്യക്തമാക്കി. സാൽമൊണല്ല ടൈഫി ബാക്ടീരിയയാണ് ടൈഫോയ്ഡ് പരത്തുന്ന രോഗാണു. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം മനുഷ്യരിലെത്തുന്നത്. ഇന്ത്യയിലെ ആരോഗ്യ മേഖലയുടെ പ്രധാന വെല്ലുവിളി കൂടിയാണ് ടൈഫോയ്ഡ്. നീണ്ടുനിൽക്കുന്ന പനി, ക്ഷീണം, തലവേദന, വയറുവേദന എന്നിവയാണ് ടൈഫോയ്ഡിന്‍റെ പ്രധാന ലക്ഷണങ്ങൾ. ഫ്ലൂറോക്വിനോലോൺ ആണ് ടൈഫോയ്ഡ് ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന മരുന്നുകൾ. ഇവ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പനി ശമിപ്പിക്കുന്നു. എന്നാൽ ഫ്ലൂറോക്വിനോലോണിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ടൈഫോയ്ഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. ഇത് ചികിത്സാ കാലയളവ് ദീർഘിപ്പിക്കാനും ചെലവ് വർധിക്കാനും ചികിത്സ സങ്കീർണമാകാനും കാരണമാകുന്നു. ടൈഫോയ്ഡ് ചെലവിന്‍റെ പകുതിയിലധികവും വരുന്നത് പത്ത് വയസിന് താഴെയുള്ള കുട്ടികളുടെ ചികിത്സക്കാണ്. കുട്ടികളിൽ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. ചികിത്സ നീണ്ടുനിൽക്കുന്നത് ചെലവും വർധിപ്പിക്കുന്നു. വീടുകളിലെ അവസ്ഥയും മറ്റൊന്നല്ല. ഇന്ത്യൻ കുടുംബങ്ങൾ അവരുടെ ചെലവിന്‍റെ 91 ശതമാനവും ചെലവാക്കുന്നത് ആശുപത്രി കേസുകൾക്കാണ്. 70,000ത്തോളം കുടുംബങ്ങൾക്ക് ആരോഗ്യ ചെലവുകളിൽ നടുവൊടിയുന്ന അവസ്ഥയാണ്. ടൈഫോയ്ഡിന് വേണ്ടി രാജ്യത്ത് ചെലവാകുന്നതിന്‍റെ 51 ശതമാനവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ജനസംഖ്യാ പെരുപ്പം, ശുചീകരണ പ്രവർത്തനങ്ങളിലെ വെല്ലുവിളികൾ, ആരോഗ്യ സേവനങ്ങളുടെ ലഭ്യത കുറവ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.

ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിച്ച് ടൈഫോയ്ഡ്; ഇന്ത്യയിൽ രോഗം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിന്‍റെ 87 ശതമാനവും ടൈഫോയ്ഡ് മൂലമെന്ന് റിപ്പോർട്ട്
M
MadhyamamSource Link
about 1 month ago