ആ ഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ (ആഫ്കോൺ) സെനഗൽ നേടിയ കിരീടം തിരിച്ചെടുത്ത ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (കാഫ്) നടപടിക്കെതിരെ സെനഗലീസ് ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. കാഫിന്റെ തീരുമാനം തികഞ്ഞ അപഹാസ്യമാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്നും സെനഗൽ അറിയിച്ചു. മൊറോക്കോയ്‌ക്കെതിരായ ഫൈനലിൽ സെനഗൽ തോറ്റതായി പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് കാഫ് അപ്പീൽ ബോർഡ് 3-0 വിജയം മൊറോക്കോയ്ക്ക് അനുവദിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചതിൽ പ്രതിഷേധിച്ച് സെനഗൽ പരിശീലകൻ പാപ്പെ തിയാവും താരങ്ങളും 15 മിനിറ്റോളം കളി തടസ്സപ്പെടുത്തിയതാണ് നടപടിക്ക് ആധാരമായി കാഫ് ചൂണ്ടിക്കാണിക്കുന്നത്. അന്ന് തടസ്സപ്പെട്ട കളി പുനരാരംഭിച്ചപ്പോൾ മൊറോക്കോ താരം ബ്രാഹിം ഡയസിന്റെ പെനാൽറ്റി കിക്ക് സെനഗൽ ഗോളി തടുത്തിരുന്നു. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ പാപ്പെ ഗുയേ നേടിയ ഗോളിലൂടെ സെനഗൽ വിജയിക്കുകയും കിരീടം ചൂടുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസത്തെ അപ്രതീക്ഷിത വിധിയിലൂടെ സെനഗലിന് കിരീടം നഷ്ടമാവുകയായിരുന്നു. കാഫിന്റെ നടപടിക്ക് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് സെനഗലീസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുലയെ സെയ്‌ദൊ സോ പറഞ്ഞു. "ഈ തീരുമാനം ആഫ്രിക്കൻ ഫുട്ബോളിന് തന്നെ നാണക്കേടാണ്. സത്യവും നിയമവും സെനഗലിനൊപ്പമാണ്. ഞങ്ങൾ പിന്നോട്ടില്ല," അദ്ദേഹം വ്യക്തമാക്കി. ഫെഡറേഷൻ പ്രസിഡന്റ് അഭിഭാഷകരുമായി ചർച്ച നടത്തിക്കഴിഞ്ഞതായും കായിക കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നടന്ന പ്രാഥമിക ഹിയറിംഗിൽ ഇരു ടീമുകൾക്കും 10 ലക്ഷം ഡോളറിലധികം പിഴയും താരങ്ങൾക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നുവെങ്കിലും മത്സരഫലത്തിൽ മാറ്റം വരുത്തിയിരുന്നില്ല. ആഫ്രിക്കൻ ഫുട്ബോളിന് കരിനിഴൽ വീഴ്ത്തുന്നതാണ് ഇപ്പോഴത്തെ അന്യായമായ തീരുമാനമെന്ന് സെനഗലീസ് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അപലപിച്ചു.

ആഫ്രിക്കൻ കപ്പ് കിരീടം തിരിച്ചെടുത്ത നടപടി 'അപഹാസ്യം'; സെനഗൽ കായിക കോടതിയിലേക്ക്
M
MadhyamamSource Link
about 2 months ago