Posted On date_range 29 March 2026 11:40 AM IST Updated On date_range 29 March 2026 12:14 PM IST ആയിരങ്ങൾക്ക് ആശ്വാസമാകുന്ന കൊച്ചിൻ കാൻസർ സെന്‍റർ text_fields bookmark_border കൊച്ചി: അർബുദ രോഗചികിത്സക്ക് ലക്ഷങ്ങൾ ചെലവ് വരുന്ന കാലത്ത് ആതുരസേവന രംഗത്ത് രാജ്യത്ത് തന്നെ മാതൃകയാണ് കളമശ്ശേരിയിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്‍റർ (സി.സി.ആർ സി). വർഷം തോറും അർബുദ രോഗികളുടെ എണ്ണം ഉയരുമ്പോൾ പൊതുമേഖലയിൽ സ്ഥാപിച്ച ഈ ആതുരാലയം ആയിരങ്ങൾക്കാണ് ആശ്വാസമേകുന്നത്. എൽ.ഡി.എഫ് സർക്കാറിന്‍റെയും കളമശ്ശേരി മണ്ഡലത്തിലെ ജനപ്രതിനിധിയായ മന്ത്രി പി. രാജീവിന്‍റെയും നിശ്ചയദാർഢ്യമാണ് കാൻസർ സെന്‍റർ യാഥാർഥ്യമാക്കിയത്. 2016 നവംബറിൽ ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ഒ.പി സേവനങ്ങളും 2019ൽ കീമോതെറാപ്പിയും സർക്കാർ മെഡിക്കൽ കോളജുമായി ചേർന്ന് മറ്റ് സേവനങ്ങളും കാൻസർ സെന്‍ററിൽ ആരംഭിച്ചു. റേഡിയോ തെറാപ്പി ഒഴികെ സമ്പൂർണ ഓങ്കോളജി സേവനങ്ങൾ നിലവിൽ കാൻസർ സെന്‍ററിൽ ലഭ്യമാണ്. ജില്ലാതല കാൻസർ പ്രതിരോധ സംവിധാനങ്ങൾ, സ്ക്രീനിങ്, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനം, ബോധവൽക്കരണ പരിപാടികൾ, മുൻകൂട്ടി രോഗനിർണയം എന്നിവ ജില്ല കാൻസർ കൺട്രോൾ പ്രോഗ്രാമുമായി ചേർന്ന് കാൻസർ സെന്‍റർ നടത്തി വരുന്നു. സ്പീച് ക്ലിനിക്കുകൾ, പാലിയേറ്റീവ് സേവനങ്ങൾ, പുകയില ശീലങ്ങൾ ഇല്ലാതാക്കൽ, സ്റ്റോമ കെയർ, സ്കിൽ ലാബുകൾ എന്നിവ മികച്ച രീതിയിൽ ലഭ്യമാക്കുന്നു. നിലവിൽ പ്രതിമാസം 1200 പേർ കാൻസർ സെന്‍ററിന്‍റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കാരുണ്യ ബെനവലന്‍റ് ഫണ്ട് സ്കീം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവ കാൻസർ സെന്‍ററിലെ രോഗികൾക്കും ലഭിക്കും. കാസ്പ് പദ്ധതിക്ക് അർഹരായ രോഗികൾക്ക് ക്യാസ് രീതിയിൽ ചികിത്സ ലഭ്യമാക്കും. കാൻസർ രോഗനിർണയം, ആശുപത്രിവാസം, ശസ്ത്രക്രിയ, ഐ.സി.യു സൗകര്യങ്ങൾ, കിമോതെറാപ്പി, റേഡിയേഷൻ ചികിത്സ, ആവശ്യ പരിശോധനകൾ, മരുന്നുകൾ എന്നിവക്ക് വർഷം അഞ്ച് ലക്ഷം രൂപ വരെ സർക്കാർ ചെലവ് വഹിക്കുന്നുണ്ട്. ഒമ്പത് നിലകളിലും നാല് ബ്ലോക്കുകളിലുമായി 451 കിടക്കകൾ സജ്ജീകരിച്ച പദ്ധതിക്ക് 466 കോടി രൂപയാണ് ചെലവ്. കെട്ടിടത്തിനായി 385 കോടി കിഫ്ബിയാണ് അനുവദിച്ചത്. 6.32 ലക്ഷം ചരുരശ്ര അടി വിസ്തൃതിയിൽ 12 ഓപറേഷൻ തിയറ്ററുകളും 16 ലിഫ്റ്റുകളും ഉൾപ്പെടുന്നു. എഡ്ജ് സർട്ടിഫിക്കറ്റുള്ള സംസ്ഥാനത്തെ ആദ്യ ആശുപത്രി കെട്ടിടമാണിത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള വിശ്രമ കേന്ദ്രം, 11.34 കോടിയുടെ അമിനിറ്റി സെന്‍ററുകളുമുണ്ട്. ബി.പി.സി.എൽ, സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ആറ് നിലകളിലായി നിർമിക്കുന്ന 22000 ചരുരശ്ര അടി വിസ്തൃതിയുള്ള എ.സി / നോൺ എ.സി മുറികളിലും ഡോർമിറ്ററി സൗകര്യങ്ങളിലും 115 പേർക്ക് താമസ സൗകര്യവും ഉണ്ടാകും. കൊച്ചിയിൽ ദേശീയ നിലവാരത്തിൽ ആധുനിക കാൻസർ ചികിത്സാ കേന്ദ്രം സ്ഥാപിക്കണമെന്നത് ദീർഘകാല ആവശ്യം ഉയർത്തി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ചെയർമാനും മുൻ രാജ്യസഭ എം.പിയും നിലവിലെ കളമശ്ശേരി എം.എൽ.എയുമായ പി. രാജീവ് കൺവീനറുമായ നഗര വികസന സമിതിയാണ് ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തിയത്. പ്രഫ എം.കെ സാനു, മുൻ കലക്ടർ കെ.ആർ വിശ്വംഭരൻ അടക്കമുള്ളവരും പിന്തുണയുമായി രംഗത്തെത്തി. ജനകീയ സമ്മർദത്തിന് പിന്നാലെ 2014 ആഗസ്റ്റ് 18ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലാസ്ഥാപനം നിർവഹിച്ചു. പദ്ധതി മുന്നോട്ടു പോകാതിരിക്കുകയും ഒരു വർഷം പിന്നിടുകയും ചെയ്തപ്പോൾ പ്രതിഷേധ സമരവുമായി സി.പി.എം രംഗത്തെത്തി. തുടർന്ന് വിഷയം പി. രാജീവ് പാർലമെന്‍റിൽ ഉന്നയിക്കുകയും നിരന്തരം ഇടപെടൽ നടത്തുകയും ചെയ്തതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദ് 45 കോടി വാഗ്ദാനം ചെയ്തു. മൂന്നു ബജറ്റിലായി സർക്കാർ 30 കോടി വകയിരുത്തിയെങ്കിലും നിർമാണം തുടങ്ങാനായില്ല. സ്വകാര്യ വ്യക്തികളിൽ നിന്ന് പണം ശേഖരിച്ച് നിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ വിമർശനം ഉയർന്നു. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതോടെയാണ് കാൻസർ സെന്‍ററിന്‍റെ തടസങ്ങൾ പരിഹരിച്ച് നിർമാണഘട്ടത്തിലേക്ക് കടന്നത്. 2018 മാർച്ചിൽ പദ്ധതിക്ക് വേണ്ട മുഴുവൻ തുകയും കിഫ്ബി അനുവദിച്ചു. മെയ് 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചു. ഇതിനിടെ കരാറുകാരുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ അന്നത്തെ യു.ഡി.എഫ് എം.എൽ.എക്ക് കഴിഞ്ഞില്ല. 2021ൽ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തുടർഭരണം കിട്ടുകയും പി. രാജീവ് മന്ത്രിയാവുകയും ചെയ്തു. തുടർന്ന് തർക്കങ്ങൾ ആർബിട്രേഷന് വിടാനും നിർമാണം പുനരാരംഭിക്കാനും തീരുമാനിച്ചു. 2025 ഡിസംബറിൽ 159 തസ്തികൾ പുതിയതായി സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ദീർഘകാലത്തെ തടസങ്ങൾ പരിഹരിച്ച് പിണറായി വിജയന്‍റെ എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ് കാൻസർ സെന്‍റർ യാഥാർഥ്യമായത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Cochin Cancer Center brings relief to thousands

ആയിരങ്ങൾക്ക് ആശ്വാസമാകുന്ന കൊച്ചിൻ കാൻസർ സെന്‍റർ
M
MadhyamamSource Link
about 1 month ago