പാലാ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരവങ്ങളിൽ നിന്ന് ഒഴിഞ്ഞ് ആത്മീയ ദിനമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ. മാണിക്ക് ഇന്നലെ. ഉച്ചവരെ വ്യക്തികളെ ഫോണിലൂടെ ബന്ധപ്പെട്ടുള്ള പ്രവർത്തനമാണ് നടത്തിയത്. വിശുദ്ധ ദിനങ്ങളിൽ പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. വോട്ടർ പട്ടിക പരിശോധിച്ചുള്ള വിശകലനങ്ങളും വ്യക്ത്യാധിഷ്ഠിത ബന്ധപ്പെടലുകൾക്കും മാത്രമാണ് ബൂത്ത് തല സമിതികൾക്കുള്ള നിർദേശം. മുഴുവൻ പ്രചാരണ വാഹനങ്ങളും നിശബ്ദത പുലർത്തി. വീട് കയറിയുള്ള പ്രവർത്തനങ്ങളും നടത്തിയില്ല. വൈകുന്നേരം ഇടവക പള്ളിയായ പാലാ കത്തീഡ്രൽ ദേവാലയത്തിലെ തിരുക്കർങ്ങളിൽ കുടുംബസമേതം ജോസ് കെ. മാണി പങ്കെടുത്തു. ദുഃഖ വെള്ളിയാഴ്ച ദിനത്തിലും എൽ.ഡി.എഫിന്റെ പരസ്യ പ്രചാരണങ്ങൾ ഉണ്ടാകില്ല. ബുധനാഴ്ച ഇടത് യുവജന സംഘടനകൾ പാലാ പട്ടണത്തിൽ ഡി.ജെ വിത്ത് റോഡ് ഷോ നടത്തി. റോഡ് ഷോയുടെ തുടക്കം മുതൽ ജോസ് കെ. മാണി യുവാക്കൾക്കൊപ്പം പങ്കാളിയായി. പാലാ കൊട്ടാരമറ്റം ജങ്ഷനിൽ നിന്നാരംഭിച്ച് ളാലം പാലം ജങ്ഷനിൽ സമാപിച്ചു. തോമസ്കുട്ടി വരിക്കയിൽ, എൻ.ആർ. വിഷ്ണു, അനീഷ് തോമസ്, സുനിൽ പയ്യപ്പള്ളിൽ, രഞ്ജിത്ത് സന്തോഷ്, അഞ്ജു സെബാസ്റ്റ്യൻ, അനിൽ ചാക്കോ, ജെയിംസ് പൂവത്തോലി, ജെറി വർഗീസ്, ടോബി തൈപറമ്പിൽ, സിജോ പ്ലാത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി.
