ആരാവും അടുത്തത്? കരുതലോടെ സി.പി.എം

ആരാവും അടുത്തത്? കരുതലോടെ സി.പി.എം

M
MadhyamamSource Link
കണ്ണൂർ: സി.പി.എമ്മിന്റെ ഉരുക്കുകോട്ടയിൽ വിള്ളൽവീഴ്ത്തി മുതിർന്ന നേതാക്കൾ ഓരോന്നായി പുറത്തേക്ക് വരുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ അനേകം. ടി.കെ. ഗോവിന്ദനു പിന്നിൽ ആരാണ് എന്നതിനൊപ്പം ഇനി ആരൊക്കെയാണ് അടുത്തത് എന്നതിൽ അങ്കലാപ്പിലാണ് പാർട്ടി. ഇടഞ്ഞുനിൽക്കുന്ന ചില പ്രമുഖർ ജില്ലയിലുണ്ടെന്നും എന്തും സംഭവിക്കാമെന്നും കൃത്യമായി അറിയാവുന്ന നേതൃത്വം കരുതലോടെയാണ് എല്ലാം നോക്കിക്കാണുന്നത്. പാർട്ടി ശക്തികേന്ദ്രമായ പയ്യന്നൂരിൽ തന്നെയാണ് അഗ്നിപർവതം കണക്കെ പൊട്ടിത്തെറിക്കാൻ ഇനിയും ചിലരുള്ളത്. ഒരു മുൻ എം.എൽ.എയും നഗരസഭ വൈസ് വൈസ് ചെയർപേഴ്സനും ഉൾപ്പെടുന്ന ഏതാനും പേരാണിവർ. പാർട്ടി പുറത്താക്കിയ മുൻ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ അനുകൂലികളായാണ് ഇവർ അറിയപ്പെടുന്നത്. ധൻരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കുഞ്ഞികൃഷ്ണന് ഒപ്പം നിലകൊണ്ടവരാണ് ഇവർ. പയ്യന്നൂരിലെ പാർട്ടിയിൽ പയ്യന്നൂർ, വെള്ളൂർ എന്നീ വിഭാഗക്കാരുണ്ട്. പയ്യന്നൂർ ഔദ്യോഗിക പക്ഷവും വെള്ളൂർ വിമത വിഭാഗവുമായാണ് അറിയപ്പെടുന്നത്. വി. കുഞ്ഞികൃഷ്ണനും അനുകൂലികളും ഉൾപ്പെടുന്നതാണ് വെള്ളൂർ ഗ്രൂപ്പ്. ഇവർക്കു പുറമെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റും പാർട്ടി വിടുമെന്ന പ്രചാരണം ശക്തമാണ്. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനു പിന്നിൽ ആരാണെന്ന ചോദ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇദ്ദേഹം പാർട്ടി വിടുമെന്നും പരസ്യമായി പ്രഖ്യാപിക്കുമെന്നും മുതിർന്ന നേതാക്കളിൽ പലരും നേരത്തേ അറിഞ്ഞിട്ടുണ്ട്. എം.വി. ഗോവിന്ദനുമായി ശീതസമരത്തിലുള്ള കണ്ണൂരിലെ മുതിർന്ന നേതാവും സജീവമല്ലാത്ത ഒരു മുൻ എം.എൽ.എയും ടി.കെ. ഗോവിന്ദനു മാനസിക പിന്തുണ നൽകിയെന്നാണ് സൂചന. ടി.കെ. ഗോവിന്ദനെ പുറത്താക്കി സി.പി.എം കണ്ണൂർ: സി.പി.എമ്മിനും നേതൃത്വത്തിനും ഗുരുതര ആരോപണമുയർത്തി തളിപ്പറമ്പിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനെ പാർട്ടിയിൽനിന്ന് പുറത്താക്കി. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്നും സ്ഥാനാർഥിയാവാൻ യു.ഡി.എഫുമായി ഗൂഢാലോചന നടത്തിയെന്നും ജില്ല സെക്രട്ടറി കെ.കെ. രാഗേഷും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനും വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പുറത്താക്കിയ ജില്ല കമ്മിറ്റി യോഗ തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചെന്നും ഇരുവരും പറഞ്ഞു. പാർലിമെന്ററി അവസരവാദത്തിന്റെ ചളിക്കുണ്ടിൽ ടി.കെ. ഗോവിന്ദൻ വീണു. പാർലിമെന്ററി സ്ഥാനത്തേക്കാൾ വലുത് പാർട്ടിപദവിയാണ്. ജില്ല സെക്രട്ടേറിയറ്റ് അംഗം എന്ന പദവിക്ക് പുറമെ നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം അദ്ദേഹം വഹിച്ചു. ഇത്രയും വലിയ അധികാര മോഹവുമായി നടക്കുന്നയാൾ ആണെന്ന് പാർട്ടി തിരിച്ചറിഞ്ഞില്ലെന്നും ഇവർ പറഞ്ഞു. സ്ഥാനാർഥി നിർണയ യോഗത്തിൽ ടി.കെ. ഗോവിന്ദന്റെ പേര് ആരും പറഞ്ഞിട്ടില്ല. ഒരേയൊരാൾ മാത്രമാണ് ആ പേര് പറഞ്ഞത്. അത് ടി.കെ. ഗോവിന്ദൻ തന്നെയാണെന്നും ഇരുവരും പരിഹസിച്ചു. നടപടികൾ പാലിച്ചാണ് പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയത്. പല ജില്ലകളിലും നേതാക്കൻമാരുടെ ഭാര്യമാർ സ്ഥാനാർഥിയായിട്ടുണ്ടെന്നും രാഗേഷ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരാവും അടുത്തത്? കരുതലോടെ സി.പി.എം — Madhyamam | Boolokam | Boolokam