ആർ. ശ്രീലേഖയുടെ വിവാദ പരാമർശം: അസംബന്ധമെന്ന് എ.എ. റഹീം എം.പി

ആർ. ശ്രീലേഖയുടെ വിവാദ പരാമർശം: അസംബന്ധമെന്ന് എ.എ. റഹീം എം.പി

M
MadhyamamSource Link
തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും നിലവിലെ സർക്കാർ ഇതിനുനേരെ കണ്ണടക്കുകയാണെന്നുമുള്ള വട്ടിയൂർക്കാവ് എൻ.ഡി.എ സ്ഥാനാർഥിയും മുൻ ഡി.ജി.പിയുടെ ആർ. ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സി.പി.എം രാജ്യസഭാ എം.പി എ.എ. റഹീം. ശ്രീലേഖയുടെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും കേരളത്തെ അപമാനിക്കാനും മുസ് ലിം വിഭാഗത്തെ അധിക്ഷേപിക്കാനും നടത്തുന്ന ബോധപൂർവമായ പ്രചാരണമാണെന്നും റഹീം പ്രതികരിച്ചു. സാമുദായിക സ്പർധ സൃഷ്ടിക്കാനുള്ള ബി.ജെ.പി സ്ഥാനാർഥിയുടെ ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും റഹീം പ്രതികരിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്തസമ്മേളനത്തിലാണ് റഹീം പ്രതികരണം നടത്തിയത്. ശാസ്തമംഗലത്ത് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ശ്രീലേഖ വിവാദ പരാമർശം. ‘ലവ് ജിഹാദ്’ പോലെയുള്ള കുറ്റകൃത്യം കേരളത്തിൽ നടക്കുമ്പോള്‍ കണ്ണടക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സ്ത്രീ സുരക്ഷക്ക് സംസ്ഥാനത്ത് പ്രധാന്യമില്ലാത്തത് അതുകൊണ്ടാണെന്നും ശ്രീലേഖ പറഞ്ഞത്. ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയില്‍ സ്ത്രീസുരക്ഷ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. സമീപകാലത്ത് മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ നേരിട്ടു വിളിച്ചിട്ടുപോലും പൊലീസ് ഇടപെട്ടില്ലെന്നും ശ്രീലേഖ ആരോപിച്ചു. ലവ് ജിഹാദ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ സർക്കാർ കണ്ണടക്കുകയാണ്. ദൈവവിശ്വാസമില്ലാത്ത സര്‍ക്കാരും മന്ത്രിമാരും ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും കല്‍പ്പിക്കാറില്ല. 2021ല്‍നിന്ന് 2026 ല്‍ എത്തിനില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയാണ് വര്‍ധിച്ചത്. കേരളത്തില്‍ അതിന് പ്രോത്സാഹനം നല്‍കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ കുറ്റം നടത്തുന്നത് കൊണ്ടു കുഴപ്പമില്ല എന്നുള്ള മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് ഞാന്‍ പലപ്പോഴും കാണുന്ന കാര്യമാണ്. ഒരു വനിത പൊലീസ് ഓഫിസറായ എനിക്ക് നേരെ എന്തെങ്കിലും സംഭവം ഉണ്ടായാല്‍ അത് നേരിടുന്നത് ഞാന്‍ ഒറ്റക്കായിരിക്കും. പരാതി പറഞ്ഞാലും ഡി.ജി.പി എന്നെ പിന്തുണക്കില്ല. അദ്ദേഹത്തിന് പിന്തുണക്കണമെങ്കില്‍ രാഷ്ട്രീയമായിട്ടുള്ള അനുവാദം വേണം. രാഷ്ട്രീയ സ്വാധീനം പൊലീസില്‍ ഇത്ര കഠിനമായിട്ട് നിലനില്‍ക്കുന്നത് കൊണ്ടാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതാകുന്നത്. ഇവിടെ രാഷ്ട്രീയത്തിനാണ് വില, അതില്‍ കവിഞ്ഞ ഒന്നുമില്ല എന്നുള്ള സ്ഥിതി വന്നിരിക്കുന്നു. സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ട്. വട്ടിയൂര്‍ക്കാവിൽ എം.എല്‍.എ ആയാല്‍ എന്റെ 33 വര്‍ഷത്തെ പ്രവൃത്തിപരിചയം കൊണ്ടും നിയമത്തിലുള്ള അറിവുകൊണ്ടും സ്ത്രീ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഉന്നമനം കിട്ടണമെന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ മാറി വിശ്വാസികളുടെ സര്‍ക്കാര്‍ വരണം. എന്‍.ഡി.എ ഭരണത്തില്‍ വന്ന് കഴിഞ്ഞാല്‍ മാത്രമേ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഉണ്ടാവുകയുള്ളൂ. ഓപ്പറേഷന്‍ സിന്ദൂർ പോലെ ഒരു വലിയ കാര്യം നടത്തി സ്ത്രീകളുടെ മാനം വരെ സംരക്ഷിച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പക്ഷേ, കേരളത്തില്‍ അത് ഇല്ല എന്നുള്ളത് മനസിലാക്കണം. നരേന്ദ്രമോദിയുടെ അതേ തത്വങ്ങളും ആശയങ്ങളുമുള്ള ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടാവണമെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർ. ശ്രീലേഖയുടെ വിവാദ പരാമർശം: അസംബന്ധമെന്ന് എ.എ. റഹീം എം.പ… | Boolokam