ദമ്മാം: ആഘോഷവേളയിൽ സഹജീവികൾക്ക് കൈത്താങ്ങായി ദമ്മാമിലെ തണൽ സൗഹൃദ കൂട്ടായ്മ. ആട് ചന്തയിൽ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ നൂറോളം തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ വിതരണം ചെയ്താണ് കൂട്ടായ്മ മാതൃകയായത്. സോന ജുവലറിയുമായി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ തൊഴിലാളികൾക്ക് പെരുന്നാൾ ദിനത്തിൽ ബിരിയാണി തയ്യാറാക്കാനാവശ്യമായ വിഭവങ്ങളാണ് കൈമാറിയത്. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. സഹജീവികളെ ചേർത്തുപിടിക്കുമ്പോഴാണ് പെരുന്നാൾ പോലുള്ള ആഘോഷങ്ങൾ അർത്ഥവത്താകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സഹജീവികൾക്കൊരു സഹായഹസ്തം’ എന്ന തണൽ കൂട്ടായ്മയുടെ എളിയ ശ്രമത്തിെൻറ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് കോഓഡിനേറ്ററും നർത്തകിയുമായ ശിൽപ നൈസിൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകരായ മണിക്കുട്ടൻ, മഞ്ജു മണിക്കുട്ടൻ, ഉണ്ണികൃഷ്ണൻ, ലീന ഉണ്ണികൃഷ്ണൻ എന്നിവരും സോന ഗോൾഡ് പ്രതിനിധികളും ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. കിറ്റ് വിതരണത്തിന് ശേഷം ആട് ചന്തയിലെ തൊഴിലാളികളുടെ ആതിഥേയത്വത്തിൽ തണൽ പ്രവർത്തകർക്കായി നോമ്പുതുറയും ഒരുക്കിയിരുന്നു. മനസ്സിന് ഏറെ സന്തോഷം പകർന്ന വേറിട്ട അനുഭവത്തിനാണ് തങ്ങൾ സാക്ഷ്യം വഹിച്ചതെന്ന് ചടങ്ങിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി. തണൽ കൂട്ടായ്മ ഭാരവാഹികളായ അബ്ദുള്ള, അൻഷാദ്, വിഷ്ണു, നൈസിൽ, ശിൽപ നൈസിൽ, നാഗരാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ആട് ചന്തയിലെ തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനവുമായി ‘തണൽ’ കൂട്ടായ്മ
M
MadhyamamSource Link
about 2 months ago