Posted On date_range 4 May 2026 9:15 AM IST Updated On date_range 4 May 2026 9:16 AM IST ‘‘ആറ്റുവഞ്ചിക്കടവിൽ വെച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ പാട്ടുവന്നതു പവിഴച്ചുണ്ടിൽ പാതി നിർത്തിയതെന്താണ് പാതി നിർത്തിയതെന്താണ്?’’ ‘കായംകുളം കൊച്ചുണ്ണി’ എന്ന പഴയ സിനിമയിൽ പി. ഭാസ്കരൻ എഴുതി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ഈ ഗാനം പഴയകാലത്തെ ഒരു ഹിറ്റ് ആയിരുന്നു. ‘‘ആറ്റുവഞ്ചി പൂക്കളും കാറ്റിലാടി ഉലഞ്ഞു ആലി മാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞു.’’ എന്ന് ഒ.എൻ.വിയും എഴുതുന്നുണ്ട് (ചിത്രം –നഖക്ഷതങ്ങൾ) പശ്ചിമഘട്ട പ്രദേശത്തെ ഇടനാട്ടിലെയും... ‘‘ആറ്റുവഞ്ചിക്കടവിൽ വെച്ച് അന്നു നിന്നെ ഞാൻ കണ്ടപ്പോൾ പാട്ടുവന്നതു പവിഴച്ചുണ്ടിൽ പാതി നിർത്തിയതെന്താണ് പാതി നിർത്തിയതെന്താണ്?’’ ‘കായംകുളം കൊച്ചുണ്ണി’ എന്ന പഴയ സിനിമയിൽ പി. ഭാസ്കരൻ എഴുതി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ഈ ഗാനം പഴയകാലത്തെ ഒരു ഹിറ്റ് ആയിരുന്നു. ‘‘ആറ്റുവഞ്ചി പൂക്കളും കാറ്റിലാടി ഉലഞ്ഞു ആലി മാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞു.’’ എന്ന് ഒ.എൻ.വിയും എഴുതുന്നുണ്ട് (ചിത്രം –നഖക്ഷതങ്ങൾ) പശ്ചിമഘട്ട പ്രദേശത്തെ ഇടനാട്ടിലെയും മലനാട്ടിലെയും പുഴയോരങ്ങളിൽ കാണപ്പെടുന്ന ഒരു ചെറുവൃക്ഷമാണ് ആറ്റുവഞ്ചി. കേരളത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ വളരുന്നുണ്ട്. മഹാരാഷ്ട്ര, കർണാടക, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഈ വൃക്ഷം വളരുന്നുണ്ട്. 12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ മരത്തിന്റെ തൊലിക്ക് ചാരനിറമാർന്ന തവിട്ടുനിറമാണ്. തൊലിമിനുപ്പുള്ളതുമാണ്. തടിക്ക് കടും മഞ്ഞനിറമാണ്. ഇരുണ്ട പച്ചനിറമുള്ളതും എണ്ണമിനുപ്പുള്ളതുമായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 10-12 സെ. മീറ്റർ നീളവും 4-5 സെ. മീറ്റർ വീതിയുമുണ്ടാകും. അനുപർണങ്ങളുണ്ട്. ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. പൂങ്കുല മുണ്ഡമഞ്ജരിയാണ്. സമമിത ദ്വിലിംഗപുഷ്പങ്ങൾ. ദളങ്ങൾക്ക് വെളുപ്പുനിറമാണ്. പൂക്കൾക്ക് കടമ്പിൻ പൂക്കളോട് ഏറെ രൂപസാദൃശ്യമുണ്ട്. കായ്കൾക്ക് ഗോളാകൃതിയാണ്. നീർവഞ്ചി, പുഴവീമ്പ്, ആറ്റുവഞ്ചിമരം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Ochreinauclea missionis എന്നാണ്. ഈ ജനുസ്സിൽ ഉൾപ്പെടുന്ന ഒരു വൃക്ഷം മാത്രമേ ഇന്ത്യയിലും കേരളത്തിലും കാണപ്പെടുന്നുള്ളൂ. കടമ്പും ചെത്തിയും ഉൾപ്പെടുന്ന റൂബിയേസിയെ (Rubiaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. സംസ്കൃതത്തിൽ അംബുവേതസഃ അഭ്രപുഷ്പം; പരിവ്യാധഃ, വേതസം എന്നീ പേരുകളിൽ അറിയപ്പെടുന്നു. തൊലി ഔഷധയോഗ്യമാണ്. കുഷ്ഠരോഗം, വ്രണം, വാതം, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. ഇടനാട്ടിലെയും മലനാട്ടിലെയും പുഴയോരങ്ങളിൽ സ്വാഭാവികമായി വളരുന്ന ഇവ പുഴയോരം സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. തെക്കൻ പശ്ചിമഘട്ടത്തിൽമാത്രം കാണപ്പെടുന്ന ഈ സസ്യം ചുവന്ന പട്ടികയിലെ Vulnerable (സംരക്ഷിച്ചില്ലെങ്കിൽ വംശനാശം സംഭവിക്കാം) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. പുഴയോരം ഇടിഞ്ഞുപോകാതെ സംരക്ഷിക്കുന്നതിനു വെച്ചുപിടിപ്പിക്കാൻ പറ്റിയ മരമാണിത്. വെള്ളിലത്തോഴി (Commander) എന്ന ചിത്രശലഭത്തിന്റെ ലാർവാ ഭക്ഷണസസ്യമാണ്. പുഴയോരങ്ങളിൽ വളരുന്ന Homonoia riparia എന്ന കുറ്റിച്ചെടിയും ആറ്റുവഞ്ചി എന്നപേരിൽ അറിയപ്പെടുന്നുണ്ട്.

