ഇടതുപക്ഷം ദലിത്-ആദിവാസി വിരുദ്ധം; നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് എ.ഡി.എഫ്

ഇടതുപക്ഷം ദലിത്-ആദിവാസി വിരുദ്ധം; നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് എ.ഡി.എഫ്

M
MadhyamamSource Link
കോഴിക്കോട്: സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ആദിവാസി-ദലിത് വിഭാഗങ്ങളെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവരേയും പൂർണ്ണമായും അവഗണിക്കുന്നതാണെന്നും അതിനാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകുമെന്നും അംബേദ്‌കർറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഡി.എഫ്) പ്രഖ്യാപിച്ചു. 65 ഓളം പട്ടികജാതി-പട്ടികവർഗ്ഗ സംഘടനകളുടെ സംയുക്ത വേദിയായ എ.ഡി.എഫ്, ഇടതുപക്ഷത്തിന്റെ തുടർഭരണം ഈ വിഭാഗങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന പൊതുവികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം, നാഷണൽ ഹൈവേ, തുരങ്കപാത തുടങ്ങിയ വമ്പൻ പദ്ധതികൾക്കായി കിഫ്ബി വഴി കോടികൾ കടമെടുക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കളിൽ നിന്നും ദലിതരും ആദിവാസികളും പുറന്തള്ളപ്പെടുകയാണെന്നും സർക്കാർ വരുത്തിവെക്കുന്ന കടം വീട്ടാൻ നികുതി നൽകേണ്ടി വരുന്നത് സാധാരണക്കാരാണെന്നും സംഘടന കുറ്റപ്പെടുത്തി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ എസ്.സി/എസ്.ടി ഫണ്ടിൽ നിന്നും 7411 കോടി രൂപ സർക്കാർ പാഴാക്കിയതായും വിദ്യാഭ്യാസ മേഖലയിൽ ഇ-ഗ്രാന്റുകൾ കൃത്യമായി നൽകാത്തതിനെ തുടർന്ന് 150 ഓളം വിദ്യാർഥികൾക്ക് പഠനം നിർത്തേണ്ടി വന്നതായും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഹോസ്റ്റൽ ഫീസും അക്കാദമിക് അലവൻസുകളും വർദ്ധിപ്പിക്കാതെ വിദ്യാർഥികളോട് അനീതി കാട്ടുന്ന സർക്കാർ, ഭൂരഹിതർക്ക് നൽകേണ്ട 19,000 ഏക്കർ ഭൂമി വിതരണം ചെയ്യാതെ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. എസ്.സി/എസ്.ടി ഫണ്ട് പാഴാക്കാതിരിക്കാൻ പ്രത്യേക ആക്ട് നടപ്പിലാക്കുക, എയ്ഡഡ് മേഖലയിൽ സംവരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് യു.ഡി.എഫിന് അവകാശപത്രിക സമർപ്പിച്ചിട്ടുണ്ടെന്നും ഐ.ആർ. സദാനന്ദൻ, കെ. അംബുജാക്ഷൻ, എം. ഗീതാനന്ദൻ, ജയന്തൻ കെ.കെ എന്നിവർ അറിയിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ദലിത് ആക്ടിവിസ്റ്റുകളെ പരിഗണിച്ചില്ലെന്ന വിമർശനം യു.ഡി.എഫിന് നേരെ നിലനിൽക്കുമ്പോഴും, നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാനാണ് സംഘടനയുടെ തീരുമാനം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടതുപക്ഷം ദലിത്-ആദിവാസി വിരുദ്ധം; നിയമസഭാ തെരഞ്ഞെടുപ്പിൽ യു… | Boolokam