ഇടുക്കി ജില്ലയിൽ മൂന്നര മാസത്തിനിടെയുണ്ടായത് എട്ട് കൊലപാതകം; പ്രതിസ്ഥാനത്ത് ബന്ധുക്കളും സുഹൃത്തുക്കളും

ഇടുക്കി ജില്ലയിൽ മൂന്നര മാസത്തിനിടെയുണ്ടായത് എട്ട് കൊലപാതകം; പ്രതിസ്ഥാനത്ത് ബന്ധുക്കളും സുഹൃത്തുക്കളും

തൊടുപുഴ: ആവർത്തിക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും ജില്ലയെ ഭീതിയിലാഴ്ത്തുന്നു. മൂന്നര മാസത്തിനിടെ എട്ട് കൊലപാതകങ്ങളാണ് ജില്ലയില്‍ നടന്നത്. പല കേസുകളിലും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതിസ്ഥാനത്ത്. തൊടുപുഴ പെരിങ്ങാശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം.നിസ്സാര തര്‍ക്കങ്ങളുടെ പേരിലാണ് കുറ്റകൃത്യങ്ങൾ കൂടുതലും നടന്നത്. ഇത്തരം സംഭവങ്ങളിലേറെയും യുവാക്കളാണ് പ്രതികളും ഇരകളും. ലഹരിയുടെ സ്വാധീനമാണ് മിക്ക അക്രമങ്ങൾക്കും പിന്നിലെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കവും കൊലപാതകത്തിന് ഇടയാകുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന ദേഷ്യവും തുടർന്നുണ്ടാകുന്ന വൈരാഗ്യവുമാണ് മിക്ക കൊലകളിലേക്കും നയിച്ചതെന്നാണ് സമീപ കാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. തിങ്കളാഴ്ച രാത്രി പെരിങ്ങാശേരി ബൗണ്ടറിസ്വദേശി ഈന്തുങ്കൽ രാജുവിനെ അനുജൻ ബിജു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇരട്ടയാറില്‍ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ സുഹൃത്ത് മര്‍ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത് കഴിഞ്ഞ പതിനെട്ടിന് രാത്രിയായിരുന്നു. ഇരട്ടയാര്‍ ഉപ്പുകണ്ടം വയലുങ്കല്‍ രാഹുല്‍ സണ്ണി (33) ആണ് മരിച്ചത്. പ്രതിയായ സുഹൃത്ത് ഇരട്ടയാര്‍ വള്ളോപ്പള്ളില്‍ സജയന്‍ രാമചന്ദ്രനെ (33) പൊലീസ് പിടികൂടി.വ്യാഴാഴ്ച രാത്രി കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ കുടുംബ പ്രശ്‌നത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചിരുന്നു. കല്ലുമാലിക്കല്‍ പാപ്പച്ചന്‍റെ മകന്‍ രാജനാണ് (26) മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ കല്ലുവേലിക്കല്‍ അനൂപിനെ (22) കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറയില്‍ ലോഡ്ജില്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ഹോട്ടല്‍ ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം നടന്നത് മാര്‍ച്ച് 25 നാണ്. കേസില്‍ അതിഥിത്തൊഴിലാളി അറസ്റ്റിലായി. കോതമംഗലം സ്വദേശി മനു ജോസഫാണ് (45) മരിച്ചത്. ക്രൂരമര്‍ദനത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.നെടുങ്കണ്ടം തൂക്കുപാലം ടൗണിലെ പാലം ജങ്ഷനില്‍ മാര്‍ച്ച് 15ന് നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. തൂക്കുപാലം സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ രതീഷ് സി. നായരാണ് (39) കൊല്ലപ്പെട്ടത്. ഇയാളുടെ പിതൃസഹോദരപുത്രന്‍ തൂക്കുപാലം കല്ലുമേല്‍കല്ല് സ്വദേശി അനൂപ് വിശ്വനാഥനാണ് (41) കൊലപാതകം നടത്തിയത്. കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. മകന്‍ തലക്ക് കല്ലുകൊണ്ടിടിച്ച് ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പന്‍ (75) മരിച്ച സംഭവം നടന്നത് ഫെബ്രുവരി ഒമ്പതിനാണ്. കേസില്‍ മകന്‍ രാജേഷിനെ (45) അറസ്റ്റ് ചെയ്തു. വേലപ്പന് നേരത്തേ കൊടുത്ത 3,000 രൂപ തിരികെ വേണമെന്ന് മകൻ ആവശ്യപ്പെട്ടതോടെ തർക്കമുണ്ടാകുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം നടന്നത് ഉപ്പുതറ മത്തായിപ്പാറയിലാണ്.ജനുവരി ആറിനാണ് എം.സി കവലയ്ക്കു സമീപം മലേക്കാവില്‍ രജനിയെ (38) തലക്ക് മാരകമായി പരിക്കേറ്റ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ (രതീഷ് -40) വീടിനു സമീപത്തെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അടിമാലി ഫെഡറല്‍ ബാങ്കിന് എതിര്‍വശം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ കരുനാഗപ്പള്ളി വെളിയില്‍ കിഴക്കേതില്‍ പാപ്പച്ചനെ (65) മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ആരോഗ്യദാസിനെ (46) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടുക്കി ജില്ലയിൽ മൂന്നര മാസത്തിനിടെയുണ്ടായത് എട്ട് കൊലപാതകം… | Boolokam