അടിമാലി: തേയിലത്തോട്ടങ്ങൾക്കിടയിൽ മനംകവരുന്ന കാഴ്ചയായി തെളിഞ്ഞ നീലാകാശത്തെ വെല്ലുന്ന ശോഭയോടെ പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ. മറയൂരിനും മൂന്നാറിനും ഇടയിൽ സമുദ്രനിരപ്പിൽനിന് 8000 അടി ഉയരത്തിലുള്ള പാറക്കെട്ടിന്‍റെ താഴ്ഭാഗത്തുള്ള വാഗവരൈയിലാണ് മരങ്ങൾ കൂടുതലും പൂവിട്ടിരിക്കുന്നത്. തേയിലത്തോട്ടങ്ങൾക്കിടയിലും പാതയോരങ്ങളിലും ഇലകൾ പൂർണമായും കൊഴിഞ്ഞ ഉയരം കൂടിയ മരച്ചില്ലകൾ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി വിസ്മയക്കഴ്ചയാണിത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ജക്രാന്ത മരങ്ങൾ പൂക്കുന്നത്. ജക്രാന്ത ‘നിറഞ്ഞ നാട്’ എന്ന അർഥം ഉൾക്കൊണ്ടാണ് വാഗവരൈ എന്ന പ്രാദേശികനാമം ഉണ്ടായതെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു. നീലവാക എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ജക്രാന്ത വിദേശവൃക്ഷമാണ്. തെക്കേ അമേരിക്ക സ്വദേശിയായ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം ‘ജെക്കറാന്ത മിമിസിഫോളിയ’ എന്നാണ്. തേയിലത്തോട്ടങ്ങളിലെ കൊളോണിയൽ ഭരണകാലത്ത് യൂറോപ്യരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വെച്ചുപിടിപ്പിച്ചത്. തോട്ടങ്ങളുടെ സൗന്ദര്യവത്കരണത്തിനായാണ് വിദേശികൾ പാതയോരങ്ങളിൽ ഇവ വെച്ചുപിടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. 50 അടിയിലേറെ ഉയരത്തിൽ വളരുന്ന വൃക്ഷം വിദേശരാജ്യങ്ങളിൽ അലങ്കാര വൃക്ഷമായാണ് ഉപയോഗിക്കുന്നത്.
