തൊടുപുഴ: സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കം പൂര്‍ത്തിയായി. പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിന് സമാപിക്കും. മറ്റന്നാള്‍ നിശബ്ദപ്രചാരണമാണ്. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്. ജില്ലയിലെ എല്ലാ സമ്മതിദായകരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 805427 ആണ്. പുരുഷന്മാര്‍:397586, സ്ത്രീകള്‍:407833, ട്രാന്‍സ്ജെന്‍ഡര്‍:08. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 6460 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 1614 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, 1614 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, 3232 സെക്കന്‍ഡ്/തേര്‍ഡ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് നിയമനം. പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വിതരണകേന്ദ്രങ്ങളിലേക്ക് ചൊവ്വാഴ്ച 35 കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്‌പെഷല്‍ സര്‍വീസ് നടത്തും. 1076 പോളിങ് സ്റ്റേഷനുകൾ ജില്ലയില്‍ ആകെ 1076 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന 38 ബൂത്തുകളും, 14 മോഡല്‍ പോളിങ് സ്റ്റേഷനുകളും ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാണ്. തൊടുപുഴ നിയോജകമണ്ഡലത്തിലെ 229 പോളിങ് ബൂത്തുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ ആദ്യവോട്ട് രേഖപ്പെടുത്തും.

ഇടുക്കിയിൽ സർവം സജ്ജം; ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 805427
M
MadhyamamSource Link
about 1 month ago